'പുടിനും സെലന്‍സ്‌കിയും തമ്മിലുള്ള വെറുപ്പാണ് പ്രശ്‌നം'; റഷ്യ-യുക്രൈന്‍ സമാധാന കരാറിനെ കുറിച്ച് ട്രംപ്
റഷ്യന്‍ പ്രസിഡന്റ് പുടിനുമായുള്ള കൂടിക്കാഴ്ചക്ക് തൊട്ടുപിന്നാലെയാണ് ട്രംപിന്റെ പ്രതികരണം

- Updated:
2026-01-31 05:43:31.0

വാഷിങ്ടണ്‍: റഷ്യയും യുക്രൈനും തമ്മില്‍ വര്‍ഷങ്ങളായി തുടരുന്ന സംഘര്‍ഷം അവസാനിപ്പിക്കുന്നതിനായുള്ള ശ്രമങ്ങൾ ഫലപ്രദമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാനകരാര്‍ ഫലപ്രദമായി മുന്നോട്ടുപോകുന്നുവെങ്കിലും പുടിനും സെലന്‍സ്‌കിയും തമ്മിലുള്ള വെറുപ്പാണ് ചെറിയ രീതിയിലെങ്കിലും പ്രയാസം സൃഷ്ടിക്കുന്നതെന്നും ട്രംപ് വ്യക്തമാക്കി. വെള്ളിയാഴ്ച വൈറ്റ്ഹൗസില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു ട്രംപ്.
'രണ്ട് രാജ്യങ്ങളിലെയും പ്രസിഡന്റുമാര്‍ പരസ്പരം വെറുക്കുന്നത് സമാധാനകരാര്‍ ശക്തിപ്പെടുത്തുന്നതില്‍ പ്രയാസം സൃഷ്ടിക്കുകയാണ്. എങ്കിലും, ആ കരാറിലേക്ക് ഞങ്ങള്‍ അടുത്തുകൊണ്ടിരിക്കുകയാണ്'. ട്രംപ് കൂട്ടിച്ചേര്‍ത്തു.
റഷ്യന്‍ പ്രസിഡന്റ് പുടിനുമായുള്ള കൂടിക്കാഴ്ചക്ക് തൊട്ടുപിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. വരാനിരിക്കുന്ന ശൈത്യകാല സാഹചര്യങ്ങളെ പരിഗണിച്ച് യുക്രൈനുമായി താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുത്തുന്നതിന്റെ സാധ്യതകളെ കുറിച്ചും ട്രംപ് കൂടിക്കാഴ്ചയില്‍ പുടിനുമായി സംസാരിച്ചിരുന്നു.
'ഒരാഴ്ച കീവിലേക്കും മറ്റ് പ്രദേശങ്ങളിലേക്കും ആക്രമണം വേണ്ടെന്ന് പ്രസിഡന്റ് പുടിനോട് ഞാന്‍ പറഞ്ഞിട്ടുണ്ട്. അദ്ദേഹം അതിന് സമ്മതം മൂളുകയും ചെയ്തു. കൂടിക്കാഴ്ചയിലൂടെ തുറന്നുകിട്ടാനിടയുള്ള സാധ്യതകള്‍ പാഴാക്കരുതെന്ന് ഒരുപാട് പേര്‍ പറഞ്ഞിരുന്നു. ഇക്കാര്യം സംസാരിക്കാനായതില്‍ സന്തോഷമുണ്ട്'. ട്രംപ് കാബിനറ്റ് മീറ്റിങ്ങില്‍ വ്യക്തമാക്കി.
കഠിനമായ ശൈത്യം മുന്‍നിര്‍ത്തി വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുത്തണമെന്ന ട്രംപിന്റെ അഭ്യര്‍ത്ഥന സ്വീകരിച്ചതായും ഒരാഴ്ചത്തേക്ക് വ്യോമാക്രമണങ്ങള്‍ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചതായും റഷ്യ അറിയിച്ചു. എന്നാല്‍, രാജ്യം കൊടുംതണുപ്പിലേക്ക് വീണ്ടും പോകുന്നുവെങ്കിലും വെടിനിര്‍ത്തല്‍ അംഗീകരിക്കില്ലെന്നും റഷ്യന്‍ ആക്രമണങ്ങള്‍ക്ക് തിരിച്ചടിയുണ്ടാകുമെന്നും യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കിയും പ്രതികരിച്ചു.
നേരത്തെ, സമാധാന ശ്രമങ്ങള്‍ക്കിടെ കിഴക്കന്‍ യുക്രൈനിലെ ഹര്‍കീവില്‍ ട്രെയിനിന് നേരെയും ഊര്‍ജ സംവിധാനങ്ങള്‍ക്ക് നേരെയും നടന്ന റഷ്യയുടെ ഡ്രോണാക്രമണത്തില്‍ കഴിഞ്ഞ ദിവസങ്ങളിലായി 12 യുക്രൈനികള്‍ കൊല്ലപ്പെട്ടിരുന്നു.
Adjust Story Font
16
