'ട്രംപിന് പണികിട്ടിത്തുടങ്ങി'; വാഷിങ്ടണിലെ ട്രംപ് ആർച്ച് നിർമാണത്തിന് തടയിട്ട് ഫെഡറൽ ജഡ്ജി
നാഷണല്‍ ക്യാപിറ്റല്‍ പ്ലാനിങ് കമ്മീഷന്‍ 8-4 വോട്ടുകള്‍ക്ക് ഈ പദ്ധതിക്ക് അനുമതി നല്‍കി മണിക്കൂറുകള്‍ക്കകമാണ് ജഡ്ജിയുടെ ഉത്തരവ്.

- Updated:
2026-11-06 14:59:21

വാഷിങ്ടണ്‍: അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് വീണ്ടും തിരിച്ചടി. ട്രംപ് ഭരണകൂടം വാഷിങ്ടണില്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന ഉയരമേറിയ സ്മാരക ആര്‍ച്ചിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തടഞ്ഞുകൊണ്ട് ഫെഡറൽ ജഡ്ജി ഉത്തരവിട്ടു. ഫെഡറല്‍ ജഡ്ജി ടാന്യ ചുട്കനാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞുവെച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. നാഷണല്‍ ക്യാപിറ്റല്‍ പ്ലാനിങ് കമ്മീഷന്‍ 8-4 വോട്ടുകള്‍ക്ക് ഈ പദ്ധതിക്ക് അനുമതി നല്‍കി മണിക്കൂറുകള്‍ക്കകമാണ് ജഡ്ജിയുടെ സ്റ്റേ ഉത്തരവ്.
നിര്‍മാണം ആരംഭിച്ചാല്‍ അത് നഗരത്തിലെ ഗതാഗതത്തെയും അത്യാഹിത സേവനങ്ങളെയും ബാധിക്കുമെന്നും വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടി വിര്‍ജീനിയയും വാഷിങ്ടണ്‍ ഡിസിയും നല്‍കിയ ഹരജിയെ തുടര്‍ന്നാണ് 14 ദിവസത്തേക്ക് താല്‍ക്കാലിക സ്റ്റേ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ ആര്‍ച്ച് അമേരിക്കയെ അപമാനിക്കുന്നതാണെന്നും, ഇത് പൊതുജനനന്മക്കായല്ല, മറിച്ച് ഡോണള്‍ഡ് ട്രംപ് സ്വന്തം കീര്‍ത്തിക്ക് വേണ്ടി നിര്‍മിക്കുന്നതാണെന്നുമായിരുന്നു ഡെമോക്രാറ്റിക് പ്രതിനിധികളുടെ വിമര്‍ശനം. വിഷയം അമേരിക്കയിലുടനീളം വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് തിരികൊളുത്തുന്നതിനിടെയാണ് ഫെഡറല്‍ ജഡ്ജിയുടെ സ്റ്റേ.
അനുമതി ലഭിച്ചാലുടന്‍ ആര്‍ച്ചിന്റെ നിര്‍മാണം ആരംഭിക്കുമെന്നായിരുന്നു ഭരണകൂടം നേരത്തെ അറിയിച്ചിരുന്നത്. വാഷിങ്ടണില്‍ തന്റെ സ്വപ്‌നപദ്ധതിയായി അവതരിപ്പിച്ചിരുന്ന സ്മാരക ആര്‍ച്ചിന്റെ നിര്‍മാണം തടഞ്ഞുവെച്ചതോടെ കനത്ത തിരിച്ചടിയാണ് ട്രംപ് ഭരണകൂടത്തിന് നേരിടേണ്ടിവന്നിരിക്കുന്നത്. ധൃതിപിടിച്ചുള്ള നിര്‍മാണം വാഷിങ്ടൺ ഡിസിയെയും വിര്‍ജീനിയയെയും പ്രതികൂലമായി ബാധിച്ചേക്കുമെന്നും ഫെഡറല്‍ ജഡ്ജി വിലയിരുത്തി.
നിര്‍മാണം പൊതുജനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നത് തീര്‍ച്ചയാണ്. നവംബര്‍ അഞ്ചിന് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങുമെന്നായിരുന്നു അവര്‍ നേരത്തേ അറിയിച്ചിരുന്നത്. നിര്‍മാണം ഉടനടി ആരംഭിച്ചാല്‍ നഗരത്തിലെ ഗതാഗത സംവിധാനത്തെയും അത്യാഹിത സേവനങ്ങളെയും ബാധിക്കാനിടയുണ്ടെന്ന് ചൂണ്ടിക്കാട്ടി കൊളംബിയ ഡിസ്ട്രിക്ടും വിര്‍ജീനിയയും ഹരജികള്‍ സമര്‍പ്പിച്ചിരുന്നു. ഇത് പരിഗണിച്ചാണ് നടപടിയെന്നും ജഡ്ജി വ്യക്തമാക്കി. പദ്ധതി പ്രഖ്യാപനം മുതല്‍ വലിയ തോതിലുള്ള നിയമതര്‍ക്കങ്ങളാണ് ഇതിനു ചുറ്റും നടക്കുന്നത്. വിയറ്റ്‌നാം യുദ്ധകാലത്തെ പ്രമുഖ വെറ്ററന്‍മാരും വിര്‍ജീനിയ, വാഷിംഗ്ടണ്‍ ഡിസി ഭരണകൂടങ്ങളും പദ്ധതിക്കെതിരെ ഫെഡറല്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ കൂറ്റന്‍ നിര്‍മിതി അമേരിക്കയിലെ ആഭ്യന്തരയുദ്ധത്തിന് ശേഷം വടക്കും തെക്കും തമ്മിലുള്ള ഐക്യത്തിന്റെ പ്രതീകമായി നിലകൊള്ളുന്ന ലിങ്കണ്‍ മെമ്മോറിയലിന്റെയും ആര്‍ലിങ്ടൺ നാഷണല്‍ സെമിത്തേരിയുടെയും ചരിത്രപരമായ കാഴ്ചയെ തടസപ്പെടുത്തുമെന്ന് ഹരജിക്കാര്‍ വാദിച്ചിരുന്നു.
വാഷിങ്ടൺ ഡിസിയുടെ പരമ്പരാഗത പൊതുസ്ഥലങ്ങളില്‍ സ്വന്തം താല്‍പര്യത്തിനനുസരിച്ച് മാറ്റങ്ങള്‍ വരുത്താനുള്ള ട്രംപിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ വിജയകവാടം വിലയിരുത്തപ്പെടുന്നത്. ചക്രവര്‍ത്തിമാരുടെയും രാജാക്കന്മാരുടെയും കാലത്തെ ഓര്‍മിപ്പിക്കുന്ന ഇത്തരം സ്മാരകങ്ങള്‍ രാഷ്ട്രീയ വിജയാഘോഷങ്ങളുടെ ഭാഗമായാണ് ചരിത്രത്തില്‍ ഇടംപിടിച്ചിട്ടുള്ളത്. പട്ടണത്തിന്റെ ഹൃദയഭാഗത്ത്, ലിങ്കണ്‍ മെമ്മോറിയലിന് അഭിമുഖമായി പൊട്ടോമാക് നദിക്കരികെയുള്ള മെമ്മോറിയല്‍ സര്‍ക്കിളിലാണ് ഈ കൂറ്റന്‍ കവാടം നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്. യുഎസ് സ്വാതന്ത്ര്യത്തിന്റെ 250-ാം വാര്‍ഷികത്തിന്റെ ഭാഗമായി ട്രംപ് തന്നെയാണ് ഈ ആശയം മുന്നോട്ടുവെച്ചത്. സൈനികരുടെ സ്മരണയ്ക്കായി നിര്‍മിക്കുന്ന ഈ സ്മാരകത്തില്‍ സന്ദര്‍ശകര്‍ക്കായി ഒരു നിരീക്ഷണ ഗോപുരവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രതിദിനം രണ്ടായിരത്തോളം ആളുകള്‍ ഇവിടെയെത്തുമെന്നാണ് ഭരണകൂടത്തിന്റെ വിലയിരുത്തല്‍. ഏകദേശം മൂന്ന് വര്‍ഷംകൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
Adjust Story Font
16
