ഉടൻ കരാറിൽ എത്തിയില്ലെങ്കിൽ ഇറാന്റെ വൈദ്യുത നിലയങ്ങളും എണ്ണക്കിണറുകളും ആക്രമിക്കും: ട്രംപ്
ഇറാനുമായുള്ള ചർച്ചകളിൽ വലിയ പുരോഗതിയുണ്ടെന്നും, എന്നാൽ ഉടൻ തന്നെ ഒരു കരാറിലെത്തിയില്ലെങ്കിൽ കടുത്ത നടപടികൾ നേരിടേണ്ടി വരുമെന്നും ട്രംപ് തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ വ്യക്തമാക്കി

- Published:
30 March 2026 5:41 PM IST

വാഷിംഗ്‌ടൺ: ഉടൻ കരാറിൽ എത്തുകയും ഹോർമുസ് കടലിടുക്ക് ഗതാഗതത്തിനായി തുറന്നുകൊടുക്കുകയും ചെയ്തില്ലെങ്കിൽ ഇറാന്റെ വൈദ്യുത നിലയങ്ങളും എണ്ണക്കിണറുകളും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ പൂർണമായും തകർക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ഇസ്രായേൽ-ലെബനൻ അതിർത്തിയിലും ഇറാഖ്, കുവൈത്ത് എന്നിവിടങ്ങളിലും ആക്രമണങ്ങൾ രൂക്ഷമായി തുടരുന്നതിനിടെയാണ് ട്രംപിന്റെ ഈ പുതിയ ഭീഷണി പുറത്തുവന്നിരിക്കുന്നത്.
ഇറാനുമായുള്ള ചർച്ചകളിൽ വലിയ പുരോഗതിയുണ്ടെന്നും, എന്നാൽ ഉടൻ തന്നെ ഒരു കരാറിലെത്തിയില്ലെങ്കിൽ കടുത്ത നടപടികൾ നേരിടേണ്ടി വരുമെന്നും ട്രംപ് തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ വ്യക്തമാക്കി. ചർച്ചകളിൽ മികച്ച പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും ഏതെങ്കിലും കാരണത്താൽ ഉടൻ ഒരു കരാറിലെത്തിയില്ലെങ്കിൽ, ഹോർമുസ് കടലിടുക്ക് ഉടനടി തുറന്നുകൊടുക്കാൻ തയ്യാറായില്ലെങ്കിൽ ഇറാന്റെ വൈദ്യുത നിലയങ്ങളും എണ്ണക്കിണറുകളും ഖാർഗ് ദ്വീപും ബോംബിട്ട് പൂർണമായും നശിപ്പിക്കുമെന്ന് അദ്ദേഹം കുറിച്ചു.
അതേസമയം, അതിർത്തി മേഖലകളിൽ സംഘർഷം കനക്കുകയാണ്. സൈനിക ചെക്ക്പോസ്റ്റിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഒരു ലെബനീസ് സൈനികൻ കൊല്ലപ്പെട്ടു. തെക്കൻ ലെബനനിൽ ഞായറാഴ്ച ഐക്യരാഷ്ട്രസഭയുടെ സമാധാന സേനാംഗവും (UNIFIL) കൊല്ലപ്പെട്ടിരുന്നു. ഇതിന് പുറമെ, തെക്കൻ ലെബനനിൽ നടക്കുന്ന പോരാട്ടത്തിൽ തങ്ങളുടെ ആറാമത്തെ സൈനികനും കൊല്ലപ്പെട്ടതായി ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചു. അതിനിടെ, വടക്കൻ ഇസ്രായേൽ നഗരമായ ഹൈഫയിലെ എണ്ണ ശുദ്ധീകരണശാലയിൽ വൻ തീപിടുത്തമുണ്ടായി. ഹൈഫയിലെ നാവിക താവളത്തിന് നേരെ തങ്ങൾ നൂതന മിസൈലുകൾ ഉപയോഗിച്ച് ആക്രമണം നടത്തിയതായി ഹിസ്ബുല്ല പിന്നീട് അവകാശപ്പെട്ടു.
യുദ്ധത്തിന്റെ പ്രത്യാഘാതങ്ങൾ മറ്റ് രാജ്യങ്ങളിലേക്കും വ്യാപിക്കുന്നതിന്റെ സൂചനകളും പുറത്തുവരുന്നുണ്ട്. കുവൈത്തിലെ ഡീസാലിനേഷൻ പ്ലാന്റിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ ഇസ്രായേലാണെന്ന് ഇറാൻ സൈന്യം ആരോപിച്ചു. നേരത്തെ ഈ ആക്രമണം നടത്തിയത് ഇറാനാണെന്നായിരുന്നു ആരോപണം ഉയർന്നിരുന്നത്. കൂടാതെ, ഇറാഖിൽ ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള മുഹമ്മദ് അലാ വ്യോമതാവളത്തിൽ റോക്കറ്റാക്രമണം ഉണ്ടായി. ആക്രമണത്തിൽ ആളപായമില്ലെങ്കിലും ഒരു വിമാനം പൂർണമായും കത്തിനശിച്ചു. ഇതിനിടെ, ഇറാനെതിരായ ആക്രമണങ്ങളിൽ പങ്കെടുക്കുന്ന അമേരിക്കൻ സൈനിക വിമാനങ്ങൾക്ക് തങ്ങളുടെ വ്യോമാതിർത്തി ഉപയോഗിക്കുന്നതിന് സ്പെയിൻ വിലക്കേർപ്പെടുത്തി. സംയുക്തമായി പ്രവർത്തിക്കുന്ന സൈനിക താവളങ്ങളിലെ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കിയാണ് സ്പെയിൻ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.
Adjust Story Font
16
