പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ട്രംപ് നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച് മോദി
ഇന്ത്യൻ നാവികരുടെ സുരക്ഷാ വിഷയം മോദി ട്രംപുമായുള്ള ചർച്ചയിൽ ഉന്നയിച്ചു

പാരിസ്: ഫ്രാൻസിൽ നടക്കുന്ന ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപും കൂടിക്കാഴ്ച നടത്തി. പ്രാദേശിക സുരക്ഷ, സമുദ്രസുരക്ഷ, പശ്ചിമേഷ്യൻ സമാധാനം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തു. പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ട്രംപ് നടത്തുന്ന ശ്രമങ്ങളെ പ്രധാനമന്ത്രി പ്രശംസിച്ചു.
ആഗോള സമ്പദ്‌വ്യവസ്ഥക്ക് ഹോർമുസ് കടലിടുക്ക് തുറന്നുസൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. സമുദ്രയാത്രയ്ക്കുള്ള സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം ഇന്ത്യ എപ്പോഴും എടുത്തുപറഞ്ഞിട്ടുള്ളതാണ്. ഈ വിഷയത്തിൽ നമ്മൾ ഒന്നിച്ച് പ്രവർത്തിക്കണമെന്നും മോദി പറഞ്ഞു. ഒപ്പം, ഇന്ത്യൻ നാവികരുടെ സുരക്ഷാ വിഷയം അദ്ദേഹം ചർച്ചയിൽ ഉന്നയിക്കുകയും അതിനുള്ള പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തു. ഹോർമുസ് കടലിടുക്ക് ഉൾപ്പെടെ ലോകമെമ്പാടും ലക്ഷക്കണക്കിന് നാവികർ ജോലി ചെയ്യുന്നുണ്ട്. ഇന്ത്യൻ നാവികരുടെ സുരക്ഷയും ഒരുപോലെ പ്രധാനമാണെന്ന് മോദി കൂട്ടിച്ചേർത്തു.
പശ്ചിമേഷ്യയിൽ ഇന്ത്യയ്ക്ക് സുപ്രധാന പങ്കുവഹിക്കാനുണ്ടെന്ന് ട്രംപ് പറഞ്ഞു. പ്രധാനമന്ത്രി മോദി നേതൃത്വത്തിൽ ഉള്ളിടത്തോളം കാലം പശ്ചിമേഷ്യയിൽ ഇന്ത്യയ്ക്ക് വലിയൊരു പങ്കുണ്ടെന്ന് ട്രംപ് പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം ശക്തമാക്കുന്നതിൽ പ്രധാനമന്ത്രി നൽകിയ സംഭാവനകളെയും യുഎസ് പ്രസിഡന്റ് പ്രശംസിച്ചു. അമേരിക്കയിൽ ഇന്ത്യ നടത്തുന്ന നിക്ഷേപങ്ങളെ അദ്ദേഹം പ്രത്യേകം പരാമർശിച്ചു. ഇന്ത്യൻ പ്രധാനമന്ത്രിയുമായുള്ള വ്യക്തിപരമായ സൗഹൃദത്തെക്കുറിച്ചും ട്രംപ് പറഞ്ഞു.
Adjust Story Font
16

