'യുദ്ധം വേണമെന്ന് നെതന്യാഹു, മൂന്ന് യുഎസ് പ്രസിഡന്‍റുമാർ ചെവികൊടുത്തില്ല, പച്ചക്കൊടി കാട്ടിയത്...'; വെളിപ്പെടുത്തലുമായി ജോൺ കെറി
അനാവശ്യ യുദ്ധങ്ങളിലേക്ക് സൈനികരെ തള്ളിവിടരുതെന്നും ഇറാഖ് യുദ്ധത്തിന്റെ കാര്യത്തിൽ രാജ്യം കബളിപ്പിക്കപ്പെടുകയായിരുന്നുവെന്നും ജോൺ കെറി

- Updated:
2026-04-23 12:19:01.0

വാഷിങ്ടൺ: ഇറാനെതിരായ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ യുദ്ധപദ്ധതി മുൻപ് മൂന്ന് അമേരിക്കൻ പ്രസിഡന്റുമാർ തള്ളിക്കളഞ്ഞതാണെന്ന് മുൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോൺ കെറി. ബരാക് ഒബാമ, ജോർജ്ജ് ഡബ്ല്യു. ബുഷ്, ജോ ബൈഡൻ എന്നിവർ അംഗീകാരം നൽകാതിരുന്ന പദ്ധതിക്ക് ഡോണൾഡ് ട്രംപ് പച്ചക്കൊടി കാട്ടുകയായിരുന്നുവെന്നും കെറി പറഞ്ഞു.
'ഇറാനിൽ ഭരണമാറ്റം ലക്ഷ്യമിട്ട് നെതന്യാഹു തയ്യാറാക്കിയ 'ഓപ്പറേഷൻ എപ്പിക് ഫ്യൂറി' എന്ന യുദ്ധപദ്ധതിയാണ് ഇപ്പോൾ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ലോകമതിന് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്. ഇറാൻ ജനത തെരുവിലിറങ്ങുമെന്നും ഭരണകൂടം തകരുമെന്നുമായിരുന്നു നെതന്യാഹുവിന്റെ പ്രവചനം. നെതന്യാഹു ഈ പദ്ധതി ഞങ്ങളുടെ മുന്നിലും അവതരിപ്പിച്ചിരുന്നു. എന്നാൽ 'അരുത്' എന്നായിരുന്നു അന്ന് ഞങ്ങൾ നൽകിയ മറുപടി'. കെറി വെളിപ്പെടുത്തി.
തന്റെ ഭരണകൂടത്തിനുള്ളിൽ നിന്ന് തന്നെ ശക്തമായ എതിർപ്പുകൾ ഉയർന്നിട്ടും ഇറാനെ ദുർബലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ട്രംപ് ഈ നീക്കത്തിന് അനുമതി നൽകുകയായിരുന്നു. ഫെബ്രുവരി 11-ന് നെതന്യാഹു നടത്തിയ വൈറ്റ് ഹൗസ് സന്ദർശനത്തിന് പിന്നാലെയാണ് യുദ്ധനീക്കങ്ങൾ വേഗത്തിലായത്. വിയറ്റ്നാം, ഇറാഖ് യുദ്ധങ്ങളിൽ നിന്നുണ്ടായ തിരിച്ചടികളിൽ നിന്ന് അമേരിക്ക പാഠം ഉൾക്കൊള്ളണമെന്ന് കെറി ഓർമ്മിപ്പിച്ചു. അനാവശ്യ യുദ്ധങ്ങളിലേക്ക് സൈനികരെ തള്ളിവിടരുതെന്നും ഇറാഖ് യുദ്ധത്തിന്റെ കാര്യത്തിൽ രാജ്യം കബളിപ്പിക്കപ്പെടുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ഒരു മാസമായി തുടരുന്ന രൂക്ഷമായ പശ്ചിമേഷ്യൻ സംഘർഷങ്ങളിൽ ഇറാനിൽ മാത്രമായി രണ്ടായിരത്തിലധികം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. നെതന്യാഹുവിന്റെ താല്പര്യങ്ങളും ട്രംപിന്റെ നയങ്ങളും ഒത്തുപോയതാണ് മേഖലയെ യുദ്ധത്തിലേക്ക് നയിച്ചതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. യുദ്ധത്തിൽ 20,000-ത്തിലധികം പേർക്കാണ് പരിക്കേറ്റത്. അവരിലധികവും സ്ത്രീകളും കുട്ടികളുമാണ്. യഥാർത്ഥ കണക്കുകൾ ഇതിലും കൂടുതലായിരിക്കും.
Adjust Story Font
16
