ഇറാനിലെ ജനങ്ങൾക്ക് ഭക്ഷണമുണ്ടോയെന്ന് അവതാരിക; ട്രംപ് ടവറില്‍ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചത് ഓര്‍ക്കുന്നുണ്ടോയെന്ന് ട്രംപ്; ചർച്ച വഴിതിരിച്ചുവിട്ടതിൽ വിമർശനം
ഇന്‍റർനെറ്റ് ബന്ധം വിച്ഛേദിക്കപ്പെട്ട നിലയിൽ തുടരുന്ന ഇറാനിൽ നിന്ന് വിവരങ്ങൾ ലഭ്യമാകുന്നില്ലെന്നും എന്താണ് അവിടെത്തെ ജനങ്ങളുടെ അവസ്ഥയെന്നുമായിരുന്നു ചോദ്യം

വാഷിങ്ടണ്‍: യുഎസ്-ഇസ്രായേല്‍ സംയുക്ത ആക്രമണത്തില്‍ കെടുതികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഇറാനിയന്‍ ജനതയുടെ ഭക്ഷണ-പാനീയങ്ങളുടെ ലഭ്യത, കേടുപാടുകള്‍ സംഭവിച്ച അടിസ്ഥാനസൗകര്യങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് വിചിത്രമായി ഒഴിഞ്ഞുമാറി ഡോണള്‍ഡ് ട്രംപ്. പശ്ചിമേഷ്യന്‍ സാഹചര്യങ്ങളെ കുറിച്ചുള്ള ഫോക്‌സ് ന്യൂസ് അവതാരിക ഡാന പെറീനോയുടെ ചോദ്യത്തില്‍ നിന്നാണ് ട്രംപ് അതിസമര്‍ത്ഥമായി ഒഴിഞ്ഞുമാറിയത്. ടെലിഫോണ്‍ സംഭാഷണം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.
യുദ്ധസാഹചര്യം കാരണം ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിക്കപ്പെട്ടതോടെ ഇറാനില്‍ നിന്ന് വിവരങ്ങളൊന്നും ലഭ്യമാകുന്നില്ലെന്നും എന്താണ് അവിടെത്തെ സാഹചര്യങ്ങളെന്നുമായിരുന്നു അവതാരികയുടെ ചോദ്യം. 'ഇറാനിലെ ജനത നിരന്തരം അപായസൈറണുകളോടൊപ്പം ദിവസങ്ങള്‍ തള്ളിനീക്കുകയാണെന്ന് മാത്രം നമുക്കറിയാം. അവര്‍ക്ക് മതിയായ രീതിയില്‍ വെള്ളം ലഭിക്കുന്നുണ്ടോ? ആവശ്യത്തിന് ഭക്ഷണം ലഭിക്കുന്നുണ്ടോ? ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിക്കപ്പെട്ടതോടെ ഒരു വാര്‍ത്തയും പുറത്തുവരാത്ത നിലയിലാണുള്ളത്. എന്താണ് അവിടെത്തെ സാധാരണക്കാരുടെ അവസ്ഥ?' പെറീനോ ചോദിച്ചു.
മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിന് മറുപടി നല്‍കാതെ പണ്ട് നടന്ന കൂടിക്കാഴ്ചയെ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുകയായിരുന്നു ട്രംപ്. 'വര്‍ഷങ്ങള്‍ക്ക് മുന്‍പ് ട്രംപ് ടവറിന്റെ ലോഞ്ചിങ്ങിന് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചതോര്‍മ്മയുണ്ടോ? നിങ്ങള്‍ക്കൊരു മാറ്റവുമില്ല. മുന്‍പത്തേക്കാള്‍ സുന്ദരിയായിരിക്കുന്നു'. ഇതായിരുന്നു ട്രംപിന്റെ മറുപടി. ഈ തുറന്നുപറച്ചില്‍ ഒരുപക്ഷേ എന്റെ രാഷ്ട്രീയഭാവി അവസാനിപ്പിച്ചേക്കാമെന്നും ട്രംപ് പറഞ്ഞു.
ആദ്യം ഒഴിഞ്ഞുമാറാന്‍ ശ്രമം നടത്തിയെങ്കിലും ട്രംപ് അവസാനം ചോദ്യത്തിലേക്ക് തിരിച്ചുവന്നു. എന്നാല്‍, ഇറാനിലെ സാധാരണക്കാരുടെ ഭക്ഷണ-പാനീയങ്ങളുടെ ലഭ്യതയെക്കുറിച്ചുള്ള പെറീനോയുടെ ചോദ്യത്തിന് മറുപടി പറയുന്നതിന് പകരം ഇറാനിയന്‍ സര്‍ക്കാരിനെ പ്രതിരോധിക്കുന്നതിലൂടെ സാധാരണക്കാര്‍ നേരിടേണ്ടിവന്ന പ്രയാസങ്ങളെ കുറിച്ചാണ് ട്രംപ് സംസാരിച്ചത്.
'അവരാകെ പേടിച്ചുവിറച്ചിരിക്കുകയാണ്. ഒരുവശത്ത് അവര്‍ക്കെതിരെ നിര്‍ത്താതെ നിറയൊഴിച്ചുകൊണ്ടിരിക്കുകയാണല്ലോ. കൊല്ലപ്പെടുമെന്ന പേടി പ്രതിഷേധിക്കുന്നതില്‍ നിന്നുപോലും അവരെ തടഞ്ഞിരിക്കുകയാണ്'. ട്രംപ് കൂട്ടിച്ചേര്‍ത്തു. ഇതോടെ സര്‍ക്കാരിനെതിരായ ഗുരുതരമായ ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറിയെന്ന തരത്തില്‍ ട്രംപിനെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.
അതേസമയം, ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രായേല്‍ മിസൈല്‍ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. ഊര്‍ജ കേന്ദ്രങ്ങളെ ആക്രമിക്കില്ലെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉറപ്പ് ലംഘിച്ചുകൊണ്ടാണ് ഇസ്രായേല്‍ ഈ നീക്കം നടത്തിയത്. തിരിച്ചടിയായി ഇസ്രായേല്‍ നഗരത്തില്‍ ഇറാന്റെ മിസൈല്‍ പതിച്ച് നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വലിയ നാശനഷ്ടവുമുണ്ടായി.
Adjust Story Font
16

