ആണവ കരാറില്ലാതെയും ഇറാന് എതിരായ യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് തയ്യാറെന്ന് റിപ്പോർട്ട്
ഇറാന് എതിരായ എല്ലാ സൈനിക ലക്ഷ്യങ്ങളും അമേരിക്ക പൂർത്തിയാക്കിയതായി വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു

- Published:
9 Aug 2026 9:43 PM IST

വാഷിങ്ടൺ / തെൽ അവീവ്: ഇറാന്റെ ആണവപദ്ധതി പൂർണമായി അവസാനിപ്പിക്കുന്ന കരാറിലെത്തിച്ചേർന്നില്ലെങ്കിലും, രാജ്യത്തിനെതിരായ യുദ്ധം അവസാനിപ്പിച്ച് വിജയം പ്രഖ്യാപിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആലോചിക്കുന്നതായി റിപ്പോർട്ട്. തന്റെ മുതിർന്ന ഉപദേശകരുമായി നടത്തിയ സ്വകാര്യ ചർച്ചകളിലാണ് ട്രംപ് ഈ ആശയം മുന്നോട്ടുവെച്ചതെന്ന് 'വാൾ സ്ട്രീറ്റ് ജേർണൽ' യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു.
ഇറാന്റെ ആണവ മുന്നേറ്റങ്ങൾ നിയന്ത്രണവിധേയമാക്കുകയും പ്രധാന വാണിജ്യ പാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പൂർണമായി പുനഃസ്ഥാപിക്കപ്പെടുകയും ചെയ്താൽ, നിലവിലുള്ള വെടിനിർത്തൽ അനിശ്ചിതകാലത്തേക്ക് നീട്ടാൻ ട്രംപ് തയ്യാറായേക്കും. ഇറാൻ കടലിടുക്കിലെ തടസങ്ങൾ നീക്കുകയാണെങ്കിൽ ഇറാൻ തുറമുഖങ്ങൾക്ക് മേൽ യുഎസ് ഏർപ്പെടുത്തിയ നാവിക ഉപരോധം പിൻവലിക്കാൻ അമേരിക്ക തയ്യാറായേക്കുമെന്നും ഉദ്യോഗസ്ഥർ പ്രതീക്ഷിക്കുന്നു.
ഇറാന് എതിരായ എല്ലാ സൈനിക ലക്ഷ്യങ്ങളും അമേരിക്ക പൂർത്തിയാക്കിയതായി വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു. ഹോർമുസ് കടലിടുക്കിലൂടെയുള്ള ആഗോള ഊർജ ഗതാഗതത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് നിലവിൽ യുഎസ് മുൻഗണന നൽകുന്നത്. അതേസമയം, ഇറാൻ വീണ്ടും കപ്പലുകളെ ലക്ഷ്യമിട്ടാൽ സൈനിക നടപടികൾ ഉണ്ടാവുമെന്ന മുന്നറിയിപ്പും യുഎസ് നൽകുന്നുണ്ട്.
Adjust Story Font
16
