'കടുത്ത തീരുമാനം എടുക്കേണ്ടിവന്നു'; കൂട്ടപിരിച്ചുവിടലിന് പിന്നാലെ രാജിവെച്ച് വാഷിങ്ടൺ പോസ്റ്റ് സിഇഒ
പത്രത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ കഠിനമായ തീരുമാനങ്ങൾ എടുക്കേണ്ടിവന്നുവെന്ന് വിൽ ലൂയിസ് ജീവനക്കാർക്ക് അയച്ച സന്ദേശത്തിൽ പറഞ്ഞു

- Published:
8 Feb 2026 10:28 AM IST

വാഷിങ്ടൺ: ആഗോള മാധ്യമസ്ഥാപനമായ വാഷിങ്ടൺ പോസ്റ്റിന്റെ സിഇഒയും പബ്ലിഷറുമായ വിൽ ലൂയിസ് രാജിവെച്ചു. പത്രത്തിലെ മൂന്നിലൊന്ന് ജീവനക്കാരെ പിരിച്ചുവിട്ടതിന് പിന്നാലെയാണ് ശനിയാഴ്ച ലൂയിസ് രാജിവെച്ചത്. പത്രത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ കഠിനമായ തീരുമാനങ്ങൾ എടുക്കേണ്ടിവന്നുവെന്ന് വിൽ ലൂയിസ് ജീവനക്കാർക്ക് അയച്ച സന്ദേശത്തിൽ പറഞ്ഞു.
കഴിഞ്ഞ ബുധനാഴ്ചയാണ് പത്രത്തിലെ മൂന്നിലൊന്ന് ജീവനക്കാരെ പിരിച്ചുവിട്ടത്. എല്ലാ ഡിപ്പാർട്ട്‌മെന്റിൽ നിന്നും ആളുകളെ പിരിച്ചുവിട്ടിട്ടുണ്ട്. യുഎസ് പ്രസിഡന്റ് സ്ഥാനാർഥികളെ പരസ്യമായി പിന്തുണയ്ക്കുന്ന പതിവ് ശൈലി പത്രം മാറ്റിയതും ഒപ്പീനിയൻ പേജുകളിൽ ലിബർട്ടേറിയൻ നിലപാടുകൾക്ക് പ്രാമുഖ്യം നൽകിയതും ലക്ഷക്കണക്കിന് വായനക്കാരുടെ കൊഴിഞ്ഞുപോക്കിന് കാരണമായിരുന്നു.
മുൻ എക്‌സിക്യൂട്ടീവ് എഡിറ്റർ സാലി ബുസ്ബിയുമായുള്ള അഭിപ്രായവ്യത്യാസവും ബ്രിട്ടീഷ് മാധ്യമപ്രവർത്തകൻ റോബർട്ട് വിനെറ്റിനെ നിയമിക്കാനുള്ള വിവാദ നീക്കവും ലൂയിസിന്റെ പദവി നേരത്തെ തന്നെ പ്രതിസന്ധിയിലാക്കിയിരുന്നു. നിലവിലെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ ജെഫ് ഡി ഒനോഫ്രിയോയെ പത്രത്തിന്റെ ആക്ടിങ് സിഇഒ ആയി നിയമിച്ചിട്ടുണ്ട്.
Adjust Story Font
16
