രുചിയേറും കാമ്പ്, ഉത്പാദനക്ഷമതയും കൂടുതൽ..; റംബൂട്ടാനുമുണ്ട് പകരക്കാരൻ
വിളവെടുത്ത ശേഷം മൂന്നു നാലു ദിവസം കേടാകാതെ സൂക്ഷിക്കാനാകും എന്നതാണ് മറ്റൊരു പ്രത്യേകത.
Photo| Special Arrangement
നമ്മുടെ നാട്ടിലെ പറമ്പുകളിലും മുറ്റങ്ങളിലും ഇപ്പോൾ സുലഭമായി കാണാവുന്ന ഫലവർഗമാണ് റംബൂട്ടാൻ. 'എങ്കെപ്പാത്താലും നീയേ' എന്ന് പറയാനാകുംവിധം അത് വ്യാപകമായിക്കഴിഞ്ഞു. രുചിയിലും ഉത്പാദനത്തിലും വരുമാനത്തിലും ഈ രോമക്കാരൻ പഴം മുൻപന്തിയിലാണ്. അതുകൊണ്ടു തന്നെയാണ് റംബൂട്ടാൻ കൃഷി ഇപ്പോഴൊരു മത്സരയിനം പോലെയായത്. തൊലി പൊളിക്കുമ്പോൾ ഉള്ളിൽ മധുരമുള്ള കാമ്പുള്ള റംബൂട്ടാന് വിവിധ വെറൈറ്റികളുണ്ട് താനും. എന്നാൽ രുചിയിലും ഉത്പാദനത്തിനും വരുമാനത്തിലും റംബൂട്ടാനോട് കിടപിടിക്കുന്ന ഒരു കുഞ്ഞൻ പഴമുണ്ട്.
നെല്ലിക്കയുടെ വലിപ്പം, അധികം കട്ടിയില്ലാത്ത തൊലി, ഏകദേശം ഉരുളക്കിഴങ്ങിന്റെ നിറം, ഉള്ളിൽ റംബൂട്ടാന്റേത് പോലെ കാമ്പ്- മലേഷ്യക്കാരനായ ഇവന്റെ പേര് ഡുക്കോങ്. വിപണിയിൽ സുലഭമല്ലാത്ത ഡുക്കോങ്ങിനെ പഴക്കടകളിൽ വല്ലപ്പോഴുമേ കാണാനാകൂ. എന്നാൽ, കേരളത്തിൽ ചിലയിടങ്ങളിൽ ഇപ്പോൾ ഡുക്കോങ് പഴം കൃഷി ചെയ്യുന്നവരുമുണ്ട്. നല്ല വിളവും ലഭിക്കുന്നതായി അവർ സാക്ഷ്യപ്പെടുത്തുന്നു.
കേരളത്തിലെ പഴവർഗ പ്രേമികളിൽ പലർക്കും പരിചിതനായ ലാങ്‌സാറ്റിന്റെ കുടുംബക്കാരനായ ലോങ് കോങ്ങിന്റെയും മറ്റൊരു വിദേശ പഴമായ ഡുക്കുവിന്റേയും സന്തതിയാണ് ഡുക്കോങ്. മുന്തിരിക്കുല പോലെ തടിയോട് ചേർന്നുകിടക്കുന്ന ഡുക്കോങ് രുചിയിൽ മാത്രമല്ല, ഉത്പാദനക്ഷമതയിലും കേമനാണ്. വിളവെടുത്ത ശേഷം മൂന്നു നാലു ദിവസം കേടാകാതെ സൂക്ഷിക്കാനാകും എന്നതാണ് മറ്റൊരു പ്രത്യേകത. അതിനാൽ വിദേശരാജ്യങ്ങളിലേക്കും കയറ്റി അയയ്ക്കാനാകും. ഈർപ്പം പൂപ്പൽ ബാധയുണ്ടാക്കാൻ സാധ്യതയുണ്ടെന്നതിനാൽ ഡുക്കോങ് വിളവെടുക്കുമ്പോൾ കായ്കളിൽ നനവുണ്ടാകാതെ നോക്കണമെന്നു മാത്രം.
തീരെ ചെറിയ ഒന്നോ രണ്ടോ കുരുക്കൾ മാത്രമാണ് ഈ പഴത്തിനുണ്ടാവുക. മാംസള ഭാഗം കൂടുതലുണ്ടെന്നത് ഇവന്റ സ്വീകാര്യത വർധിപ്പിക്കുന്ന മറ്റൊരു ഘടകമാണ്. പഴുക്കുന്തോറും പുറംതൊലിയുടെ കനം കുറയുകയും കാമ്പിന്റെ മധുരം വർധിക്കുകയും ചെയ്യും. ലോങ്‌കോങ്ങിന്റെ ദോഷം ഇല്ലാതാക്കുന്ന വിധത്തിൽ ഡുക്കുവുമായി സങ്കരണം നടത്തിയാണ് മലേഷ്യക്കാർ ഡുക്കോങ് വികസിപ്പിച്ചത്. അവിടെനിന്ന് മറ്റുരാജ്യങ്ങളിലേക്ക് പതിയെ ഡുക്കോങ് യാത്ര തുടങ്ങുകയായിരുന്നു.
ഇനി കൃഷിയെ കുറിച്ച്...
20 അടി അകലത്തിലാണ് തൈകൾ നടേണ്ടത്. ആദ്യ രണ്ട് വർഷം പ്രത്യേക പരിചരണം നൽകേണ്ടതില്ല. കുറ്റിച്ചെടി പോലൈ തിങ്ങിവളരുന്ന മരത്തിൽ മൂന്നാം വർഷം മിതമായി കമ്പുകൾ കോതി വായുസഞ്ചാരവും ഒതുങ്ങിയ ആകൃതിയും ഉറപ്പാക്കാം. റംബൂട്ടാൻ പോലെ എല്ലാവർഷം കമ്പുകൾ കോതേണ്ടതില്ല. ശരിയായ വളം നൽകിയാൽ മൂന്നാം വർഷം പൂവിട്ട് തുടങ്ങും. ജനുവരി മുതൽ ഏപ്രിൽ വരെ പല ഘട്ടങ്ങളിലായാണ് പൂവിടൽ. കായുണ്ടായി മൂന്നുമാസം കഴിഞ്ഞേ ഇവ പഴുത്ത് പാകമാകൂ. തുടക്കത്തിൽ പച്ചനിറമുള്ള കായ്കൾ പിന്നീട് മഞ്ഞനിറമാകും. എന്നാൽ അവ പാകമായിട്ടുണ്ടാവില്ല. മഞ്ഞനിറമായ ശേഷം കൂടുതൽ വലിപ്പം വയ്ക്കുന്ന ഡുക്കോങ്ങിന്റെ മഞ്ഞനിറം ഇരുണ്ടുതുടങ്ങുന്നത് പാകമായെന്നതിന്റെ അടയാളമാണ്. മൂപ്പെത്തിയ പഴങ്ങൾ പറിച്ചുസൂക്ഷിച്ചാൽ താനേ പഴുക്കും. വേരുപടലത്തിന് ആഴമില്ലാത്തതിനാൽ ചുവട്ടിൽ മൺകൂനയുണ്ടാക്കിയാൽ മരങ്ങൾ മറിയുന്നത് ഒഴിവാക്കാം.