ഇഞ്ചിക്കൃഷിയിൽ ചെറിയൊരു ചെയ്ഞ്ച് വരുത്തിനോക്കു; കിട്ടും ഇരട്ടി വിളവ്
ഇഞ്ചിക്കൃഷിക്കായി ഇനി വലിയ റിസ്ക് എടുക്കേണ്ടതില്ലാത്ത മാതൃക അറിയാം
Photo Credit| Aswin V N
ഇഞ്ചിയില്ലാത്ത ഒരു ദിവസവുമുണ്ടാകില്ല അടുക്കളക്ക്. കറികളിലും സ്നാക്സിലുമടക്കം ഭക്ഷണങ്ങളിൽ ഇഞ്ചിയുടെ സാന്നിധ്യം വലുതാണ്. പലപ്പോഴും മാർക്കറ്റിൽ നിന്ന് തീവിലക്ക് വാങ്ങുന്നതാകട്ടെ രാസവളങ്ങൾ ഇട്ട് പെരുപ്പിച്ചെടുത്ത ഇഞ്ചികളാകും. അതിനാകട്ടെ ഗുണത്തേക്കാൾ ഏറെ ദോഷങ്ങളാകും തരാനുണ്ടാവുക.
കൃഷിചെയ്യാൻ ആവശ്യത്തിന് ഭൂമിയില്ലെന്ന് പറയുന്നവർക്കും ഇഞ്ചികൃഷിക്കായി ഇനി വലിയ റിസ്ക് എടുക്കേണ്ടതില്ല. ഗ്രോബാഗിൽ ഇഞ്ചിക്കൃഷി പരീക്ഷിച്ചുനോക്കു സംഗതി ക്ലിക്കാവും എന്നാണ് പരീക്ഷിച്ചവർ തന്നെ സാക്ഷ്യപ്പെടുത്തുന്നത്.മണ്ണിൽ തടമൊരുക്കി കൃഷി ചെയ്യുമ്പോൾ ഉണ്ടാകുന്ന പലതരം തലവേദന ഒഴിവാക്കാൻ പറ്റുന്നതിനൊപ്പം മികച്ച വിളവും കിട്ടും.ടെറസിൽ, മുറ്റത്ത്, വീടിനരികിൽ തുടങ്ങി എവിടെവേണമെങ്കിലും കൃഷിചെയ്യാം.
മണ്ണ് കുറച്ചുള്ള രീതിയാണ് ഗ്രോബാഗിൽ പരീക്ഷിക്കേണ്ടത്. ചകിരിച്ചോറ് ചാണകപ്പൊടിയും മണ്ണും സമാസമം ചേർത്ത് തയാറാക്കുന്ന പോട്ടിങ് മിശ്രിതത്തിൽ ഗ്രോബാഗ് ഒരുക്കിയാൽ 70 ഗ്രാം വരെ തൂക്കമുള്ള വിത്ത് രണ്ടു കുഴികളിൽ പാകാം. സാധാരണകൃഷിയിലെന്നപോലെ വേനലിൽ നനച്ചു കൊടുക്കാം. വളപ്രയോഗം കൂടി നടത്തിയാൽ കരുത്തോടെ വളരും. വേഗം രോഗബാധിക്കാൻ സാധ്യതയുള്ളതിനാൽ നല്ല ശ്രദ്ധവേണം. ഏതെങ്കിലും ചെടിക്ക് രോഗം ബാധിച്ചാൽ അവയെ എടുത്ത് മാറ്റിയാൽ മറ്റുള്ളവയെ സംരക്ഷിക്കാനുമാകും. അതേസമയം, വാണിജ്യാവശ്യത്തിനായി ഇത്തരത്തിൽ കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് ഇഞ്ചിവിലയിൽ ഉണ്ടാകുന്ന മാറ്റങ്ങളാണ്. മികച്ച വിപണി ഉറപ്പാക്കുന്നതും ഇഞ്ചികൃഷിയിൽ ശ്രദ്ധിക്കേണ്ട കാര്യമാണ്.