'അമ്മയുടെ വേദിയില്‍ നിന്ന് സ്ത്രീകളെ ഒഴിവാക്കിയതല്ല, തമ്മിലടിപ്പിക്കാന്‍ ചിലര്‍ നീക്കം നടത്തുന്നു'; പാര്‍വതിക്ക് മറുപടിയുമായി അജു വര്‍ഗീസ്

കര്‍ഷക സമരവുമായി ബന്ധപ്പെട്ട് പാര്‍വതി നടത്തിയ പരാമര്‍ശത്തിനും അജു വര്‍ഗീസ് മറുപടി നല്‍കി.

Update: 2021-02-09 08:54 GMT
Advertising

മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പുതിയ കെട്ടിട ഉദ്ഘാടനവേദിയില്‍ നിന്ന് സ്ത്രീകളെ ഒഴിവാക്കിയിട്ടില്ലെന്ന് നടന്‍ അജു വർഗീസ്. എക്സിക്യൂട്ടീവ് അംഗങ്ങള്‍ ആരും വേദിയില്‍ ഇരുന്നിട്ടില്ല. പ്രശ്നം രാഷ്ട്രീയവല്‍ക്കരിക്കാന്‍ ചിലര്‍ ശ്രമിക്കുകയാണ്. അംഗങ്ങളെ തമ്മിലടിപ്പിക്കാനുള്ള നീക്കമാണ് ചിലര്‍ നടത്തുന്നതെന്നും അജു വര്‍ഗീസ് മീഡിയവണിനോട് പറഞ്ഞു.

കഴിഞ്ഞ ദിവസം മീഡിയവണിന് നല്‍കിയ അഭിമുഖത്തിലാണ് അമ്മ വേദിയിലെ സ്ത്രീകളുടെ അസാന്നിധ്യം പാര്‍വതി ചൂണ്ടിക്കാട്ടിയത്. ആണുങ്ങള്‍ മാത്രമിരിക്കുന്ന വേദികളാണ് ഇപ്പോഴും കാണുന്നത്. ഇതിന് സമീപം സ്ത്രീകള്‍ നില്‍ക്കുകയാണ്. വേദിയില്‍ ആണുങ്ങള്‍ ഇരിക്കുന്നു. അതില്‍ ഒരു നാണവുമില്ലാത്ത ഒരു കൂട്ടം സംഘടനകള്‍ ഇന്നുണ്ട്. ഇക്കഴിഞ്ഞ ദിവസവും കൂടി ഇത് നമ്മള്‍ കണ്ടിട്ടുള്ളതാണെന്നാണ് പാര്‍വതി പറഞ്ഞത്.

കര്‍ഷക സമരവുമായി ബന്ധപ്പെട്ട് പാര്‍വതി നടത്തിയ പരാമര്‍ശത്തിനും അജു വര്‍ഗീസ് മറുപടി നല്‍കി. അപൊളിറ്റിക്കല്‍ ആവുക എന്നത് നാണക്കേടാണെന്ന് ചിലര്‍ പറയുന്നു. അത് ഓരോരുത്തരുടെയും സൌകര്യമാണ്. തന്‍റെ സൌകര്യം അപൊളിറ്റിക്കലാവുക എന്നതാണെന്നും അജു വര്‍ഗീസ് പാര്‍വതിക്ക് മറുപടി നല്‍കി. അപൊളിറ്റക്കലാകുന്നവര്‍ അടിച്ചമര്‍ത്തുന്നവരുടെ ഒപ്പമാണെന്ന് പാര്‍വതി ഇന്നലെ മീഡിയവണിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

Full View

കേന്ദ്ര സര്‍ക്കാരിന്‍റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പൂര്‍ണ പിന്തുണയെന്നാണ് പാര്‍വതി പറഞ്ഞത്. ഇപ്പോഴത്തെ കാര്‍ഷിക നിയമം മാറ്റണമെന്ന നിലപാടാണ് തനിക്കുള്ളതെന്നും പാര്‍വതി പറഞ്ഞു.

കങ്കണ അടക്കമുള്ള ബോളിവുഡിലെ താരങ്ങള്‍ക്കെതിരെയും പാര്‍വതി വിമര്‍ശനമുന്നയിച്ചു. ഒരു ഗുണവും നന്മയുമില്ലാത്ത പ്രവര്‍ത്തികളാണ് ട്വിറ്ററിലൂടെ ചിലര്‍ ചെയ്യുന്നതെന്നും അതിനെ വേണം നമ്മള്‍ ഏറ്റവും കൂടുതല്‍ വിമര്‍ശിക്കാനെന്നും പാര്‍വതി പറഞ്ഞു. താരങ്ങളും സെലിബ്രിറ്റികളും മാത്രം പ്രതികരിച്ചാല്‍ പോരെന്നും എഴുത്തുകാരും സംവിധായകരും മറ്റു കലാമേഖലയിലുള്ള എല്ലാവരും സംസാരിക്കണമെന്നും എല്ലാവരുടെയും ശബ്ദം പുറത്തുവരണമെന്നും പാര്‍വതി വ്യക്തമാക്കുകയുണ്ടായി.

Full View
Tags:    

Similar News