Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
ലോസ് ഏഞ്ചൽസ്: ഹോളിവുഡിലെ വിഖ്യാതനായ സംവിധായകനാണ് റോമൻ പൊളാൻസ്കി. ഒരു പതിമൂന്നുകാരിയെ മദ്യം നൽകി ബലാത്സംഗം ചെയ്ത് രാജ്യം വിട്ടതോടെയാണ് അദ്ദേഹം കുപ്രസിദ്ധിയാർജിക്കുന്നത്. 1977ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. 1977 മാർച്ച് 10ന് അന്ന് 43 വയസുള്ള പോളാൻസ്കി 13 വയസുള്ള സാമന്ത ഗെയ്‌ലിയെ (ഇപ്പോൾ സാമന്ത ഗെയ്‌മർ) നടൻ ജാക്ക് നിക്കോൾസന്റെ വീട്ടിലേക്ക് ഒരു വോഗ് ഫോട്ടോ ഷൂട്ടിനായി ക്ഷണിക്കുന്നു. അവിടെ അയാൾ അവൾക്ക് മദ്യം നൽകി ലൈംഗികമായി പീഡിപ്പിച്ചു. 1977 മാർച്ച് 24ന് ബലാത്സംഗം, നിയന്ത്രിത ലഹരിവസ്തുക്കൾ നൽകൽ എന്നിവയുൾപ്പെടെ ആറ് കുറ്റങ്ങൾ ചുമത്തി പോളാൻസ്‌കിയെ ഗ്രാൻഡ് ജൂറി കുറ്റക്കാരനാക്കി.
1977 ആഗസ്റ്റിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി നിയമവിരുദ്ധമായ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായി സമ്മതിച്ചതിനെ തുടർന്ന് പൊളാൻസ്കിയെ മറ്റ് കുറ്റങ്ങൾ നിന്ന് ഒഴിവാക്കപ്പെടുന്നു. 1978 ശിക്ഷ വിധിക്കുന്നതിന് മുമ്പ് പൊളാൻസ്കി ബ്രിട്ടനിലേക്കും അവിടെ നിന്ന് ഫ്രാൻസിലേക്കും നാടുവിട്ടു. ലോസ് ഏഞ്ചൽസ് ജഡ്ജി ആയിരുന്ന ലോറൻസ് റിറ്റൻബാൻഡ് പൊളാൻസ്കിയെ തടവിന് വിധിക്കുമെന്ന വിവരം നേരത്തെ പുറത്തുവിട്ടതിനെ തുടർന്നാണ് പൊളാൻസ്കി നാടുവിട്ടതെന്ന ആക്ഷേപമുണ്ട്. ഫ്രാൻസിലിലെത്തിയെ പൊളാൻസ്കിക്ക് അവിടെ പൗരത്വം ലഭിച്ചു. ഇതിനകം അമേരിക്കയിൽ അറസ്റ്റ് വാറന്റ് ഉണ്ടായിരുന്ന പൊളാൻസ്കിയെ വിട്ടുകൊടുക്കാൻ ഫ്രാൻസ് തയ്യാറായില്ല. സ്വന്തം പൗരന്മാരെ കൈമാറുന്നതിനെതിരെയുള്ള ഫ്രാൻസിന്റെ നയമാണ് ഇതിന് കാരണം.
1997ൽ അതിജീവത പോളാൻസ്കിക്ക് പരസ്യമായി മാപ്പ് നൽകുകയും അദ്ദേഹത്തിനെതിരായ കുറ്റങ്ങൾ പിൻവലിക്കാൻ ലോസ് ഏഞ്ചൽസ് പൊലീസിൽ ഔപചാരികമായി അപേക്ഷ സമർപ്പിക്കുകയും ചെയ്തു. വിചാരണയിലുടനീളം തനിക്ക് ഏൽക്കേണ്ടി വന്ന മാനസീക പീഡനങ്ങളെ കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനത്തിലേക്ക് അവർ കടന്നത്. പൊളാൻസ്കിയെക്കാൾ മാധ്യമങ്ങളും നീണ്ടുനിൽക്കുന്ന നിയമവ്യവസ്ഥയുമാണ് തന്നെ കൂടുതൽ ഇരയാക്കുന്നതെന്ന് തോന്നുന്നതായും അവർ നിരന്തരം തുറന്നു പറഞ്ഞിട്ടുണ്ട്. ഇതിനെ തുടർന്നാണ് കേസ് പിൻവലിക്കണമെന്ന് അവർ ആവശ്യപ്പെട്ടത്.
ഈ കേസിന്റെ പല ഘട്ടങ്ങളിലും പോളാൻസ്കി അറസ്റ്റിന്റെ വക്കിലെത്തിയെങ്കിലും രക്ഷപ്പെട്ടു. 2007ൽ പോളാൻസ്കി ഇസ്രായേലിൽ അറസ്റ്റിനോട് അടുത്തിരുന്നു. പക്ഷേ രേഖകൾ പൂർത്തിയാകുന്നതിന് തൊട്ടുമുൻപ് അദ്ദേഹം സ്ഥലം വിട്ടു. 2008 പൊളാൻസ്കിയുടെ അഭിഭാഷകൻ കേസ് തള്ളണമെന്നും വാദം കേൾക്കൽ ലോസ് ഏഞ്ചൽസ് കോടതിക്ക് പുറത്തേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടു. 2009ൽ ലോസ് ഏഞ്ചൽസിന് പുറത്ത് വാദം കേൾക്കണമെന്ന പൊളാൻസ്കിയുടെ അഭ്യർഥന നിരസിച്ചു. എന്നാൽ 2009 സെപ്റ്റംബർ 26ന് സൂറിച്ച് ചലച്ചിത്രമേളയിൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് സ്വീകരിക്കാൻ എത്തിയ പൊളാൻസ്കിയെ സൂറിച്ച് വിമാനത്താവളത്തിൽ വെച്ച് സ്വിസ് പൊലീസ് അറസ്റ്റ് ചെയ്തു. പൊളാൻസ്കിയുടെ നീക്കങ്ങളെക്കുറിച്ച് യുഎസ് അധികാരികൾക്ക് സൂചന നൽകിയിവരുന്നതായി സ്വിസ് അധികൃതർ സമ്മതിക്കുന്നു. ഒക്ടോബറിൽ പൊളാൻസ്കിയെ കൈമാറാൻ യുഎസ് ഔദ്യോഗികമായി സ്വിറ്റ്സർലൻഡിനോട് ആവശ്യപ്പെട്ടെങ്കിലും പൊളാൻസ്കിയെ അമേരിക്കയ്ക്ക് കൈമാറില്ലെന്ന് സ്വിസ് സർക്കാർ പ്രഖ്യാപിച്ചു.
1970കളിൽ പൊളാൻസ്കി തങ്ങളെ പീഡിപ്പിച്ചു എന്നാരോപിച്ച് 2017നും 2019നും ഇടയിൽ നാല് സ്ത്രീകൾ കൂടി രംഗത്തെത്തി. പത്ത് വയസുള്ളപ്പോൾ പൊളാൻസ്കി തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് വെളിപ്പെടുത്തിയ മരിയാനെ ബർണാർഡ് ഉൾപ്പെടെ അവരിൽ മൂന്ന് പേർ അന്ന് പ്രായപൂർത്തിയാകാത്തവരായിരുന്നു. 2010ൽ ബ്രിട്ടീഷ് നടിയായ ഷാർലറ്റ് ലൂയിസ് 1983ൽ 16 വയസുള്ളപ്പോൾ പൊളാൻസ്കി തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ചു. എന്നാൽ പൊളാൻസ്കി എല്ലാ ആരോപണങ്ങളും നിഷേധിച്ചു. 31 വർഷം ലോകത്തിലെ ഏറ്റവും ആഘോഷിക്കപ്പെട്ട ഒളിച്ചോട്ടക്കാരനായി അയാൾ ജീവിച്ചു. ഈ ഒളിച്ചോട്ടത്തിനിടെ ഹോളിവുഡിലെ പലരുടെയും പ്രശംസ പിടിച്ചുപറ്റി. ഇന്നും ശിക്ഷിക്കപ്പെടാതെ ഹോളിവുഡ് വാഴ്ത്തുകയാണ് പൊളാൻസ്കിയെ. ബലാത്സംഗ കേസിൽ വിചാരണ നേരിടുമ്പോഴും സിനിമ ഇൻഡസ്ട്രിക്ക് അകത്തും പുറത്തും വലിയ പിന്തുണയാണ് പൊളാൻസ്കിക്ക് ലഭിച്ചിരുന്നത്.
റോമൻ പൊളാൻസ്കിയെയും അദ്ദേഹം ചെയ്ത കുറ്റകൃത്യത്തെയും ഹോളിവുഡ് ലോകം എങ്ങനെ നോക്കി കണ്ടു എന്നത് ശ്രദ്ധേയമാണ്. 2009ൽ സൂറിച്ചിൽ വെച്ച് അദ്ദേഹം അറസ്റ്റിലായതിനെത്തുടർന്ന് അദ്ദേഹത്തിന്റെ മോചനം ആവശ്യപ്പെട്ട് ഹോളിവുഡിലെ 100ലധികം പ്രമുഖർ നിവേദനത്തിൽ ഒപ്പുവച്ചു. മാർട്ടിൻ സ്കോർസെസി, വുഡി അലൻ തുടങ്ങിയ സംവിധായകരും നടൻ ഹാരിസൺ ഫോർഡും ഒപ്പിട്ടവരിൽ ഉൾപ്പെടുന്നു. അമേരിക്കൻ നടി വൂപ്പി ഗോൾഡ്‌ബെർഗ് പോലുള്ള വ്യക്തികൾ പൊളാൻസ്കിയുടെ കുറ്റകൃത്യം 'ബലാത്സംഗം' അല്ലെന്ന് അഭിപ്രായപ്പെട്ടത് പൊതുജനങ്ങളുടെ പ്രതിഷേധത്തിന് കാരണമായിരുന്നു. 2003ൽ ദി പിയാനിസ്റ്റ് എന്ന ചിത്രത്തിന് മികച്ച സംവിധായകനുള്ള ഓസ്കാർ നേടിയ പൊളാൻസ്കി ചലച്ചിത്ര ലോകത്തെ ഒരു ആഘോഷിക്കപ്പെട്ട വ്യക്തിയായി ഇന്നും തുടരുന്നു. ഒളിവിൽ തുടരുന്നതിനാൽ ചടങ്ങിന് എത്തിയിലെങ്കിലും അവാർഡ് പ്രഖ്യാപനത്തെ കൈയ്യടികളോടെയാണ് സദസ് സ്വീകരിച്ചത്. കേസ് അവസാനിക്കണമെന്ന് താൻ ആഗ്രഹിക്കുന്നുവെന്ന ഇരയായ സാമന്ത ഗീമറുടെ പ്രസ്താവന പൊളാൻസ്കിയുടെ പിന്തുണക്കാർ പലപ്പോഴും മുതലെടുക്കുന്ന കാര്യമാണ്.