ഖസാക്ക്: അത്ഭുതവും വ്യവസായവും

ഖസാക്ക് മുന്നോട്ടുവച്ച നാല് അത്ഭുതങ്ങൾ

Update: 2022-09-22 10:23 GMT
Click the Play button to listen to article

ഞങ്ങളുടെ വിദ്യാർത്ഥി കാലത്ത് ഖസാക്കിൻ്റെ ഇതിഹാസം പൊതുവേ ഒരു അത്ഭുതമായിരുന്നു. പെരുമഴ പോലെ നമ്മുടെ ദേഹത്തേക്ക് വീണ അനുഭവമായിരുന്നു. ഇന്ന് കാര്യങ്ങൾ കുറേക്കൂടി വ്യക്തമാണ്. മഴയെല്ലാം തീർന്നു. നമ്മുടെ ദേഹത്തു നിന്നു പോലും ജലത്തിൻ്റെ അംശമില്ലാതായി. നമ്മൾ മറ്റ് പല അത്ഭുതങ്ങളിലേയ്ക്കും പോയി. ഇന്ന് ഈ സെമിനാറ് നടക്കുമ്പോൾ അപ്പുറത്തൊരിടത്ത് വിക്രം എന്ന സിനിമാ നടൻ വരുന്നതറിഞ്ഞു ഇതിനേക്കാൾ ആളുകൾ അവിടെ ഓടിക്കൂടുന്നുണ്ട്. പുതിയ കാല അത്ഭുതങ്ങളാണിതൊക്കെ.എസ് സുധീഷിനെപ്പോലുള്ള വിമർശകർ ഖസാക്ക് ഒക്കെ കൃത്രിമമാണ് എന്നു അന്നു പറഞ്ഞിരുന്നു.എന്നാൽ സ്വാഭാവികമായതിനേക്കാൾ നിർമ്മിതമായ മഴ ആൾക്കൂട്ടത്തെ ആകർഷിക്കും എന്നതാണ് വാസ്തവം. ക്ലൗഡ് സീഡിംഗിലൂടെ ഒരു മഴ പെയ്യിക്കാൻ പോണു എന്നു പറഞ്ഞാൽ ആളുകൾ ഓടിക്കൂടും. അന്നു നമ്മുടെ വ്യവഹാരങ്ങളിൽ ഏതെങ്കിലും രീതിയിൽ ഖസാക്ക് വ്യാപിച്ചു കിടന്നു അന്ന് സ്ഥലം എന്നു പറയില്ലായിരുന്നു, അനന്തമായ സ്ഥലരാശിയെന്നേ പറയൂ.വെയിൽ എന്നു പറയില്ല, ജന്മാന്തരങ്ങളുടെ ഇളവെയിൽ എന്നേ പറയു. വഴിയാത്രക്കിടയിൽ കല്ലിൽ കാൽതട്ടി കാൽ മുറിഞ്ഞാൽ 'പഥികൻ്റെ വ്രണം' നൊന്തു എന്ന് മാത്രമേ പറയു.വീട്ടിൽ നിന്നും പുറത്തിറങ്ങുമ്പോൾ ഈ പുനർജനിയുടെ കൂട് വിട്ടു ഞാൻ യാത്രയാകുന്നുവെന്നേ പറയൂ. കത്തുകൾ എഴുതുമ്പോൾ ഓം എന്നൊക്കെ പേപ്പറിൽ എഴുതുംപോലെ നമ്മൾ തുമ്പിയുടെ പടം വരച്ചുവയ്ക്കും. പിന്നീട് തുമ്പിയുടെ കവർ ചിത്രം വച്ച് ഖസാക്ക് പുറത്തിറങ്ങി.

പട്ടാമ്പിയിലെ ഒരു പുസ്തക വില്പനക്കാരൻ തൻ്റെ ഖസാക്ക് വില്പനാനുഭവത്തെക്കുറിച്ചു എഴുതിയ ഒരു പുസ്തകം അടുത്തിടെ പ്രസിദ്ധീകരിച്ചു. അദ്ദേഹം പറയുന്നത് താൻ വിറ്റ് തുടങ്ങിയപ്പോൾ പതിനഞ്ചു രൂപയായിരുന്നു ഖസാക്കിന്. ഇറങ്ങിയപ്പോൾ നാല് രൂപയായിരുന്നു. ഇപ്പോൾ നൂറ്റമ്പത് രൂപയും എന്ന്. ആരാണ് പുസ്തകം വാങ്ങുന്നത് എന്നു അദ്ദേഹം എഴുതുന്നു.അന്ന് വാങ്ങിയവർ തന്നെയാണ് വീണ്ടും വാങ്ങുന്നത് അതായത് ഞങ്ങൾ, പഴയ വായനക്കാർ തന്നെയാണ് വാങ്ങുന്നത്. അദ്ദേഹത്തിൻ്റെ ഭാഷയിൽ പറഞ്ഞാൽ രജനീകാന്തിൻ്റെ പുതിയ സിനിമ കാണുന്നതുപോലെ പുതിയ കവറുള്ള ഖസാക്ക് വാങ്ങി സൂക്ഷിക്കുന്നു.അതു പോലെ മുതിർന്ന അധ്യാപകർ വിനോദയാത്രയ്ക്ക് തെരഞ്ഞെടുക്കുന്ന ഒരു സ്ഥലം തസ്രാക്കാണ്. അത്ഭുതകരമായ ഒരോർമ്മയാണ് അവർക്ക് ഖസാക്കിന് അവലംബമെന്നു കരുതുന്ന തസ്രാക്ക്. അവിടെ മനോഹരമായ കാറ്റും ചിത്രങ്ങളും ഗാലറികളും ഒ വി വിജയൻ്റെ പതിഞ്ഞ സംഭാഷണ ശകലങ്ങളും ഒക്കെ ഉണ്ട്. ഒരു അത്ഭുതത്തിൻ്റെ ഓർമ്മകളാണ്. അവിടെ ഒ.വി.വിജയൻ്റെ ചിത്രമുള്ള ടീഷർട്ട് കിട്ടും. പഴയ കാല അത്ഭുതങ്ങൾ ഇന്ന് പൈസ കൊടുത്തു വാങ്ങാൻ പറ്റുന്ന ഉത്പന്നങ്ങൾ ആയി മാറിയിരിക്കുന്നു

 സാഹസികമായി യാത്ര ചെയ്ത് കഴിക്കാൻ പറ്റുന്ന അത്ഭുതകരമായ ഭക്ഷണമാണ് ആദിവാസി ഭക്ഷണമെന്നു നാം മനസിലാക്കുമ്പോൾ ഇത് ആദിവാസിയുടെ അനുഭവമല്ല എന്നു നാം മനസിലാക്കേണ്ടതുണ്ട്.

അത്ഭുതത്തെക്കുറിച്ചു:   റെയ്മണ്ട് വില്യംസ് സ്ട്രക്ചർ ഓഫ് ഫീലിംഗിനെ കുറിച്ചു പറയുമ്പോൾ നൽകുന്ന ഒരു നിർവചനം ഉണ്ട്. നീതിബോധവും അനുഭവവും തമ്മിലുള്ള സംഘർഷത്തെ നീട്ടിവയ്ക്കലാണ് അദ്ദേഹത്തിൻ്റെ വ്യാഖ്യാനപ്രകാരം 'അത്ഭുതം'. എന്നത്. താജ്മഹൽ ഒരു ലോകാത്ഭുതമാണ്. എന്നാലത് അപൂർവവും അത്ഭുതകരവുമായി തുടരുന്നതിന് അത് നിർമിച്ച ശിൽപിയുടെ കൈ മുറിച്ചു കളയേണ്ടത് അനിവാര്യമാണ്. ഇല്ലെങ്കിൽ അയാൾ അത്തരത്തിൽ അനേകം നിർമിതികൾ, അനേകം അത്ഭുതങ്ങൾ സൃഷ്ടിക്കും. അങ്ങനെ ഒരുപാടു അത്ഭുതങ്ങൾ ഉണ്ടാകുമ്പോൾ അതൊക്കെ അത്ഭുതങ്ങൾ അല്ലാതായി മാറുകയും ചെയ്യും.ഷാജഹാൻ താജ് മഹൽ നിർമ്മിച്ച ശില്പിയുടെ കൈ മുറിച്ചുകളയുകയും താജ് മഹൽ ഷാജഹാൻ്റെ പേരിലുള്ള അത്ഭുതമായി മാറുകയും ചെയ്തു. ഇവിടെ നീതിയുടേതായ ഒരു പ്രശ്നം ഉയർന്നു വരുന്നു. റേമണ്ട് വില്യംസ് സംസ്കാരത്തെക്കുറിച്ചു പറയുമ്പോൾ, അത്ഭുതം കഴിഞ്ഞു പോയ കാലത്തെ നിശ്ചലമാക്കിയെടുക്കുന്ന ഒരു പ്രവർത്തനമാണ് എന്നു പറയുന്നു. ഇവിടെ നീതിയുടെ ചെറിയ പ്രശ്നമുണ്ട്. ഒരത്ഭുതത്തിൻ്റെ സ്ഥാപനത്തിൽ ആരുടെയൊക്കെയോ കൈകൾ ഛേദിക്കപ്പെടുന്നു. നിശ്ചലമായ സംസ്കാരം അത്ഭുതമായി വിപണനം ചെയ്യുമ്പോൾ ആരുടെയൊക്കെയോ കൈകളിൽ നിന്നും ചോരയൊഴുകുന്നു. ബ്രാഹ്മിൻ സാമ്പാറ് പൊടി വിപണനം ചെയ്യുമ്പോൾ, ആദിവാസി ഭക്ഷണത്തെക്കുറിച്ചു പ്രോഗ്രാം കാണുമ്പോൾ ഒക്കെ ഈ പ്രശ്നം ഉണ്ട്. സാഹസികമായി യാത്ര ചെയ്ത് ആദിവാസി ഭക്ഷണം കഴിക്കുന്ന, കഴിച്ചിട്ട് നന്നായിട്ടുണ്ട് എന്നു പറയുന്ന ടിവി പരിപാടി നാം കാണുന്നു. സാഹസികമായി യാത്ര ചെയ്ത് കഴിക്കാൻ പറ്റുന്ന അത്ഭുതകരമായ ഭക്ഷണമാണ് ആദിവാസി ഭക്ഷണമെന്നു നാം മനസിലാക്കുമ്പോൾ ഇത് ആദിവാസിയുടെ അനുഭവമല്ല എന്നു നാം മനസിലാക്കേണ്ടതുണ്ട്. ആദിവാസികൾക്ക് ഭക്ഷണം തന്നെ ഉണ്ടാവണമെന്നില്ല. പക്ഷെ ആദിവാസി ഭക്ഷണ സംസ്കാരം എന്നത് ഇവിടെ കൃത്രിമമായി സൃഷ്ടിക്കപ്പെടുകയും ആദിവാസികൾ ഭക്ഷണമില്ലാതെ കൊല്ലപ്പെടുകയും ചെയ്യുന്നു.ടി വി പരിപാടിയുടെ ഒടുവിൽ അത്ഭുതകരമായ രുചി നൽകുന്ന കറി പൗഡറിൻ്റെ പരസ്യവും കാണുന്നു. സംസ്കാരത്തെ നിശ്ചലവും അത്ഭുതവുമാക്കിയ ശേഷം അതു വിപണനം ചെയ്യുമ്പോൾ ഇവിടെയൊക്കെ വീണു മരിക്കുന്നതാര് എന്ന ചോദ്യം ഉന്നയിക്കപ്പെടുന്നു.

ഖസാക്ക് മുന്നോട്ടുവച്ച നാല് അത്ഭുതങ്ങളെയാണ് ഇവിടെ ചർച്ച ചെയ്യാൻ ഉദ്ദേശിക്കുന്നത്.   

അത്ഭുതം - 1

ആദ്യത്തെ അത്ഭുതം ഒരു ശിശുവാണ്, അത്ഭുത ശിശു. പത്താം വയസ്സിൽ വളർച്ച മുരടിച്ച ഒരു അപ്പുക്കിളിയാണത്. ഒരാൾക്കുമാത്രം അത്ഭുതത്തിനു പകരമായി ഇത് വേദനയാണ്. ആ കുട്ടിയെ പ്രസവിച്ച സ്ത്രീയാണ് പ്രസ്തുത വ്യക്തി. ഗണപതിയുടെ രൂപത്തിലുള്ള ഒരു കുട്ടി ജനിച്ചാൽ അത് മറ്റുള്ളവർക്ക് അത്ഭുതവും അമ്മയ്ക്ക് ദു:ഖവുമാണ്.നവോത്ഥാന സാഹിത്യ കാലത്ത് എഴുതപ്പെട്ട ബഷീറിന്റെ 'വിശ്വവിഖ്യാതമായ മൂക്ക്' എന്ന കഥയിൽ അസാമാന്യമായി വളരുന്ന മൂക്ക് ചിത്രീകരിക്കപ്പെടുന്നുണ്ട്. എല്ലാർക്കും അത് അത്ഭുതമാണ്. എല്ലാത്തിനും പ്രതികരണങ്ങൾ സൃഷ്ടിക്കുന്ന മാധ്യമ അത്ഭുതമാണത്. മൂക്കിൽ കുത്തി നോക്കി അത് ഒറിജിനൽ മുക്കാണെന്ന് ഉറപ്പിക്കുന്നു. എന്നാൽ അത്ഭുതത്തിനപ്പുറം ആ വ്യക്തി അനുഭവിക്കുന്ന ഒറ്റപ്പെടലും ജോലി നഷ്ടപ്പെടലും യാതനയും കൂടി ആവിഷ്കരിക്കാൻ ഈ കൃതിക്ക് കഴിയുന്നുണ്ട് എന്നതാണ് ബഷീറിനെ വലിയ എഴുത്തുകാരനാക്കുന്നത്. മാധ്യമ യാഥാർത്ഥ്യങ്ങൾ നിർമ്മിക്കുന്ന അത്ഭുതങ്ങൾക്കപ്പുറമുള്ള യാതനകൾ ,മാധ്യമ അത്ഭുതാനുഭവങ്ങൾക്ക് പിന്നിലെ നീതികേടുകൾ കഥ ഉന്നയിക്കുന്നു.ഫ്രാൻസ് കാഫ്കയുടെ 'ഹംഗർ ആർട്ടിസ്റ്റ്' എന്ന ഒരു കഥയുണ്ട്.


ഒരു ആർട്ടിസ്റ്റ് നാല്പതു ദിവസം ഉപവാസം അനുഷ്ഠിക്കുന്നു. നാല്പത് ദിവസത്തിൽ കൂടുതൽ ഉപവാസം അനുഷ്ഠിക്കാൻ സാധിക്കില്ല എന്നാണ് പറയുന്നത്.കാരണം ജനങ്ങൾക്ക് നാല്പത് ദിവസത്തിൽ കൂടുതൽ ഒരു കാര്യത്തിൽ ശ്രദ്ധയുണ്ടാകില്ല എന്നതാണ് പ്രശ്നം. അത്ര കാലം മാത്രമേ ആ വാർത്തയ്ക്ക് പരസ്യം കിട്ടു എന്നാണ്. ഓരോ ദിവസത്തെയും അയാളുടെ ആരോഗ്യനില പുറത്തുവിട്ടു ടി.വി.യിൽ വരുമാനമുണ്ടാക്കുകയാണ്. പുലിക്കൂട്ടിനടുത്തു അടയ്ക്കപ്പെട്ടും അയാൾ ഉപവസിക്കുന്നു. നാല്പതു ദിവസം കഴിയുമ്പോൾ എല്ലാരും അയാളെ മറന്നു പോകുന്നു. പിന്നെയെപ്പോഴോ പുറത്തിറങ്ങുമ്പോൾ അധികൃതൽ ചോദിക്കുന്നുണ്ട്, നിങ്ങൾക്ക് വിളിച്ചു കൂടായിരുന്നോ എന്ന്. എനിക്ക് ഇഷ്ടപ്പെട്ട ആഹാരമില്ലാത്തതുകൊണ്ടാണ് ഞാൻ ഉപവാസം അനുഷ്ഠിക്കുന്നത്. ഇഷ്ടപ്പെട്ട ആഹാരം കിട്ടിയിരുന്നെങ്കിൽ ഞാൻ നിങ്ങളെപ്പോലെ ആയേനെ എന്നാണ് അയാൾ മറുപടി പറയുന്നത്. തൻ്റെ അവസ്ഥയും നിങ്ങളുടെ അവസ്ഥയും ഒക്കെ അസ്വാതന്ത്ര്യത്തിൻ്റേതാണ് എന്നു ഓർമ്മിപ്പിക്കുന്ന, മാധ്യമ യാഥാർത്ഥ്യങ്ങൾക്കും അത്ഭുതങ്ങൾക്കും ഉള്ളിലെ പ്രശ്നങ്ങൾ ഉന്നയിക്കുന്ന കഥയാണിത്. കാഫ്കയെ പോലുള്ള എഴുത്തുകാർ എങ്ങനെയാണ് ആധുനികതയുടെ കാലത്ത് ഉന്നയിക്കപ്പെട്ടത് എന്നു നമ്മുക്കറിയാം.കെ.പി അപ്പനൊക്കെ പറഞ്ഞത് കൃതിയുടെ രാഷ്ട്രീയം അന്വേഷിക്കരുത് എന്നാണ്. കാരണം അസ്തിത്വ ദുഃഖം എന്നത് ലോകാവസാനം വരെ നിലനിൽക്കുന്നതും രാഷ്ടീയം എന്നത് ദൈനംദിന ജീവിതത്തിൽ ഒടുങ്ങിത്തീരുന്നതുമാണ് എന്നു കരുതി. ഇന്നു നമ്മുക്കറിയാം ഇരുപത്തിയഞ്ചു കൊല്ലം പോലും നിലനിൽക്കാതിരുന്നതാണ് ഇവർ പറഞ്ഞ രീതിയിലുള്ള അസ്തിത്വ പ്രശ്നമെന്നും രാഷ്ടീയമാകട്ടെ അതിൻ്റെ എല്ലാ ജീർണ്ണതകളോടെയും നിലനിൽക്കുന്നു എന്നും. എന്തായാലും കൃതികൾ ഉയർത്തുന്ന അത്ഭുതത്തിന് പിന്നിലെ യാഥാർത്ഥ്യങ്ങൾ ഖസാക്കിൽ എങ്ങനെ പ്രത്യക്ഷപ്പെടുന്നു എന്നതാണ് ചോദ്യം. ഖസാക്കിലെ അത്ഭുത ശിശു ഒരു പൂജ്യം വരയ്ക്കുമ്പോൾ ആ അക്ഷരം പഠിച്ചാൽ മതി എന്നാണ് പറയുന്നത്. അതിനെ ന്യായീകരിക്കാൻ വേറൊരു അത്ഭുതമാണു പറയുന്നത്.പിശാങ്കത്തിയുണ്ടാക്കുന്ന കടച്ചിക്കൊല്ലൻ അക്ഷരമറിയാതെ തന്നെ പല അത്ഭുതങ്ങളും കാണിച്ചു എന്ന കാര്യമാണ് പറയുന്നത്. അതു കൊണ്ട് അക്ഷരമറിയാതിരിക്കുന്നതാണ് നല്ലത് എന്നു വരുന്നു. പിന്നീട് 1994 ൽ ഡി പി ഇ പി പദ്ധതിയായി ഇത് നിലവിൽ വരുന്നു. അക്ഷരം പഠിക്കേണ്ടതില്ല അതു നമ്മുടെ ഉള്ളിൽത്തന്നെയുണ്ട് എന്നു പറഞ്ഞ് ലോകബാങ്ക് പദ്ധതിയായി ആ നിലപാട് വന്നു ചേർന്നു. അതായത് ഖസാക്കിലെ അത്ഭുതങ്ങൾ പിന്നീട് വ്യവസായമായോ ധനകാര്യ താല്പര്യമായോ വരുന്നു എന്നർത്ഥം. സ്വാഭാവികമായ ഒരു പരിണാമമാണ് അത്. അത്ഭുതം വിപണിയുമായി ബന്ധപ്പെട്ടിരിക്കുന്നത് പറഞ്ഞല്ലോ.

ഒരു ആർട്ടിസ്റ്റ് നാല്പതു ദിവസം ഉപവാസം അനുഷ്ഠിക്കുന്നു. നാല്പത് ദിവസത്തിൽ കൂടുതൽ ഉപവാസം അനുഷ്ഠിക്കാൻ സാധിക്കില്ല എന്നാണ് പറയുന്നത്.കാരണം ജനങ്ങൾക്ക് നാല്പത് ദിവസത്തിൽ കൂടുതൽ ഒരു കാര്യത്തിൽ ശ്രദ്ധയുണ്ടാകില്ല എന്നതാണ് പ്രശ്നം

 അത്ഭുതം - 2

 


ഖസാക്കിലെ മറ്റൊരത്ഭുതം രവിയുടെ പെട്ടിക്കകമാണ്. രവിയുടെ പെട്ടിക്കകത്ത് പുസ്തകങ്ങളാണ്. ഭഗവദ് ഗീത,റിൽകെ, ബോദ്ലെയർ മുട്ടത്തു വർക്കി തുടങ്ങിയവരുടെ പുസ്തകങ്ങളാണ്. ശിവരാമൻ നായരുടെ ഞാറ്റുപുരയിലും കാണാം ഇതൊക്കെ. ഉയർന്നത് / താഴ്ന്നത്- ഇങ്ങനെ കരുതിയതിൻ്റെ മിശ്രിതമാണിതിലൊക്കെ. ഇതായിരുന്നു അത്ഭുതം. സത്യത്തിൽ ഇതിൽ അത്ഭുതപ്പെടേണ്ട കാര്യമില്ലായിരുന്നു. കാരണം ബുദ്ധിജീവി മാസികയായ ഭാഷാപോഷിണിയും പൈങ്കിളി മാസികയായ മലയാള മനോരമയും ഒരു മുതലാളി തന്നെ നടത്തിക്കൊണ്ടു പോകുന്ന കാലമായിരുന്നു അത്. അതു കൊണ്ട് ഈ പെട്ടിക്കകം കണ്ട് അത്ഭുതപ്പെടേണ്ടതില്ലായിരുന്നു.പക്ഷെ ഞങ്ങൾ അത്ഭുതപ്പെട്ടു. സത്യത്തിൽ ആ പെട്ടിക്കകത്ത് കാണേണ്ട ഒന്നുണ്ടായിരുന്നു.അത് രവിയുടെ എസ് എസ് എൽ സി സർട്ടിഫിക്കറ്റാണ്. അതിനിപേപ്പറിനടിയിലോ മറ്റോ ഉണ്ടോ എന്നറിയില്ല.എന്നാൽ അതിനെ കുറിച്ചു പറയുന്നില്ല. കാരണം ബി എ ഓണേഴ്സ് പരീക്ഷയുടെ തലേ ദിവസം പോകുന്നു, പല പല സ്ഥലങ്ങളിൽ അലഞ്ഞ് തിരിയുന്നു. പ്രയാഗ മധ്യപ്രദേശ്... അങ്ങനെ അലഞ്ഞ് തിരിഞ്ഞ് സന്യാസിയുടെ ആശ്രമത്തിലെത്തുന്നു.അവിടെ വച്ചാകണം ഏകാധ്യാപന വിദ്യാലയത്തിലേക്കുള്ള അപേക്ഷ കൊടുക്കുന്നത്.അങ്ങനെയല്ലേ ജോലി കിട്ടൂ.കോഴിക്കോട് കളക്ടറേറ്റിൽ നിന്നാവണം നിയമന ഓർഡർ കിട്ടിയത്. അപ്പോൾ സർട്ടിഫിക്കറ്റും അപ്പോയിൻ്റ്മെൻ്റ് ഓർഡറും ഒക്കെ പെട്ടിയിൽ ഉണ്ടാവേണ്ടതാണ്. എന്നാൽ അത് പെട്ടിക്കകത്തില്ല.ചില കാര്യങ്ങൾ ഒഴിവാക്കിയെടുക്കുന്നു എന്നതാണ് സവിശേഷത. ഇതൊരു പ്രത്യേക രീതിയാണ്. ഇന്നത്തെ നിലയിൽ പറഞ്ഞാൽ അതൊരു ഫോട്ടോ ഗ്രാഫിക് രീതിയാണ്. വാൾട്ടർ ബഞ്ചമിൻ ഓഥർ ആസ് പ്രൊഡ്യൂസർ എന്ന ലേഖനത്തിൽ ഒരു ഫോട്ടോഗ്രാഫറെ കുറിച്ചു പറയുന്ന ഒരു കാര്യമുണ്ട്. വിവിധങ്ങളായ ഗ്രാമ, നഗര ചിത്രങ്ങൾ പകർത്തിയ ശേഷം അയാൾ അവയ്ക്ക് നൽകുന്ന തലക്കെട്ട് 'The beautiful world' എന്നാണ്. ദുരിതങ്ങൾ നിറഞ്ഞ ഈ ലോകക്രമത്തിനെ ഇത്തരമൊരു തലക്കെട്ടിൽ അവതരിപ്പിക്കുന്നതിനുള്ള സാധൂകരണമായി ബെഞ്ചമിൻ പറയുന്നത്, ഫോട്ടോഗ്രാഫി ചില കാര്യങ്ങളെ തന്ത്രപൂർവം ഒഴിവാക്കുന്നു എന്നാണ്. നമ്മുടെ സെൽഫിയിൽ നമ്മുടെ ഒരു മുഖക്കുരുവും ഉണ്ടാകയില്ല. മുഖക്കുരു ഇല്ലാത്ത സുന്ദരമായ ലോകമാണ് ഫോട്ടോഗ്രാഫിയുടേത്.പുതിയ കാല നോവലുകൾക്കും ബാധകമാണ് എന്ന് ബഞ്ചമിൻ പറയുന്നു. യാദൃച്ഛികമായി അപകടത്തിൽപ്പെടുന്നതും യാദൃച്ഛികമായി പണക്കാരനാകുന്നതുമായിട്ടുള്ള പ്രമേയങ്ങൾ അവതരിപ്പിക്കുന്ന നോവലുകളെ അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്. അസുന്ദരവും അനാകർഷകവുമായവയെ ഒഴിവാക്കുന്ന ഫോട്ടോഗ്രാഫിക് രീതിയായി ഖസാക്കിലെ ഈ സമീപനത്തെ കണക്കാക്കാവുന്നതാണ്. ചില കാര്യങ്ങളെ ഒഴിവാക്കുന്നു. ഇഷ്ടമുള്ളതിൻ്റെ സുന്ദരമായ സമാഹാരം സൃഷ്ടിക്കുന്നു. ഈഴവനായാലും കുഴപ്പമില്ല ആശ്രിതനാണ് എന്നാണ് സ്കൂളിൻ്റെ ഉടമയെക്കുറിച്ച് ശിവരാമൻ നായർ പറയുന്നത്. ഇങ്ങനെ ആശ്രിത ബന്ധത്തിൽപ്പെട്ട ഒരു കൂട്ടം ആൾക്കാരുടെ സമാഹാരം. രവിയുടെ പെട്ടിക്കകം പോലെ തന്നെയാണ് നോവലിനകവും. അതിനകത്ത് പലതും ഉണ്ട്. പക്ഷെ യഥാർത്ഥത്തിൽ ഉള്ള അസ്തിത്വ പ്രശ്നം കാണില്ല. എസ് എസ് എൽ സി സർട്ടിഫിക്കറ്റ് കാണില്ല. സൂപ്പർ മാർക്കറ്റിലേത് പോലെ എല്ലാം നിരത്തി വച്ചിട്ടുണ്ട് എത് വേണമെങ്കിലും എടുക്കാം. എന്നാൽ നമ്മുക്ക് വേണ്ടത് മാത്രം ചിലപ്പോൾ കാണില്ല. ഒരു അമ്യൂസ്മെൻറ് പാർക്ക് പോലെ. രസകരമല്ല എന്നല്ല നാമെല്ലാവരും ഇങ്ങനെയുള്ള സ്ഥലങ്ങളിൽ പോണവരാണ്. യഥാർത്ഥത്തിൽ ഉള്ളത് അവിടെ ഉണ്ടാവില്ല എന്നതാണ് ചെറിയൊരു പ്രശ്നം.

ബുദ്ധിജീവി മാസികയായ ഭാഷാപോഷിണിയും പൈങ്കിളി മാസികയായ മലയാള മനോരമയും ഒരു മുതലാളി തന്നെ നടത്തിക്കൊണ്ടു പോകുന്ന കാലമായിരുന്നു അത്. അതു കൊണ്ട് ഈ പെട്ടിക്കകം കണ്ട് അത്ഭുതപ്പെടേണ്ടതില്ലായിരുന്നു.

അത്ഭുതം - 3

നോവലിൽ ആവിഷ്കരിക്കപ്പെടുന്ന പുളിമരത്തിന്റെ കഥയും അതിലെ ഉറുമ്പുകളുമാണ് മറ്റൊരത്ഭുതം. ഈ പുളിമരത്തിൽ കയറുമ്പോൾ അതിലെ ഉറുമ്പുകളുടെ കടിയേറ്റ് ഒരു പുരുഷൻ മരണപ്പെട്ടാൽ അത് അയാളുടെ ഭാര്യയുടെ ചാരിത്ര്യ ലംഘനത്തിന്റെ സൂചനയാണെന്നാണ് ഇവിടെ പറയപ്പെടുന്നത്. സമാനമായ ഒരു മിത്ത് നമുക്ക് പരിചിതമാണ്. തകഴിയുടെ ചെമ്മീൻ എന്ന നോവലിലേതാണത്. പത്നി 'പിഴച്ചാൽ' കടലിൽ പോകുന്ന മുക്കുവൻ തിരികെയെത്തില്ല എന്നതാണത്. കറുത്തമ്മ പരീക്കുട്ടിയൊടൊപ്പം പോകുമ്പോൾ മിത്ത് പ്രകാരം പളനി മരിക്കണം. ചെമ്മീനിൽ കറുത്തമ്മയുടെ ഭർത്താവായ പളനി മരിക്കുന്നതായി ഉറപ്പിച്ചു പറയുന്നില്ല. കൊളുത്ത് വിഴുങ്ങിയ ഒരു സ്രാവ് മാത്രമാണ് കണ്ടു കിട്ടുന്നത്. പകരം മരിക്കുന്നത് കറുത്തമ്മയും പരീക്കുട്ടിയുമാണ് (കറുത്തമ്മ പരീക്കുട്ടിക്കൊപ്പം ജീവിതമാരംഭിച്ചാൽ അത് ഒരു തൊഴിലാളിയെ കളഞ്ഞ് കൊച്ചുമുതലാളിക്കൊപ്പം പോകലും മറിച്ച് പളനിക്കൊപ്പം ജീവിതം തുടർന്നാൽ അത് പ്രണയത്തെ ഇല്ലാതാക്കലുമാവും). എന്നാൽ ഇത്തരം സന്ദിഗ്ദ്ധതകളും പ്രതിസന്ധികളൊമൊന്നും തന്നെ ഖസാക്കിലെ ഈ കഥയിൽ സന്നിഹിതമല്ല. ഭർത്താവ് പുളിമരത്തിൽ നിന്നും വീണ് മരിച്ച ചാന്തുമ്മ എന്ന സ്ത്രീയാണ് നോവലിൽ ഈ കഥ പറയുന്നത്. 'പിഴച്ചവൾ' എന്ന് അവളെക്കൊണ്ടു തന്നെ പറയിപ്പിച്ച ശേഷം അവളെ ആക്രമിക്കുകയാണ് രവി എന്ന 'നായകൻ' ചെയ്യുന്നത്.


വിശ്വാസങ്ങളോട് വിശ്വാസമുള്ളതല്ല, വിശ്വാസമുള്ളവരെ ആ വിശ്വാസം വച്ച് കീഴടക്കാം എന്നതാണ് രവിയുടെ പക്ഷത്ത് കാണുന്നത്. നോവലിന്റെ ആദ്യ ഭാഗത്ത് രവിയെ ഖസാക്കിലേക്ക് നയിക്കുന്ന വ്യക്തി അവിടെ നിർമാണം തുടങ്ങാനിരിക്കുന്ന അണക്കെട്ടിനെക്കുറിച്ച് പറയുന്ന ഭാഗമുണ്ട്. ദൈവനിർമിതമായ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നത് ദൈവനിന്ദയാണെന്നും ഇയാൾ പറയുന്നു. ഇതിനെ തിരുത്തുന്ന രവി തുടർന്ന് ചിന്തിക്കുന്നത് അത് വേണ്ടായിരുന്നെന്നും രസം കൊല്ലേണ്ടിയിരുന്നെന്നുമാണ്. പിന്നീടങ്ങോട്ട് നോവലിലെ ഒരിടത്തൊഴിച്ച് ബാക്കിയെല്ലാ സന്ദർഭങ്ങളിലും അന്ധവിശ്വാസങ്ങൾക്കൊപ്പം നിൽക്കുകയാണ് രവി ചെയ്യുന്നത്. സാമാന്യ ജനതയെ തനിക്കൊപ്പം നിർത്താനും താൻ അവരോടൊത്ത് നിൽക്കുന്നു എന്ന് ബോധ്യപ്പെടുത്താനുമുള്ള രവിയുടെ കാപട വൈദഗ്ധ്യം ആണ് ഇത്. അതായത് വിശ്വാസങ്ങളും അത്ഭുതങ്ങളും അധ:സ്ഥിത ജനതയെ മെരുക്കി നിർത്താനുള്ള ഒന്നാണ് എന്നു അറിയാതെ ഇവിടെ വെളിപ്പെട്ടു വരുന്നു.

അത്ഭുതം - 4

ഖസാക്കിലെ ഏറ്റവും പുകൾപെറ്റ മറ്റൊരത്ഭുതം ഒരു പാമ്പാണ്; കൗതുകം ഉണർത്തുന്ന വാത്സല്യത്തോടെ കൊത്തുന്നതായ ഒന്ന്. ഏദൻ തോട്ടം മുതൽക്കുതന്നെ നിലകൊള്ളുന്നതും മനഃശാസ്ത്രത്തിൽ അംഗീകരിക്കപ്പെട്ടതുമായ ലൈംഗികതയുടെ ബിംബമാണ് പാമ്പെന്നത്. രവിയെ ആനന്ദപൂർണനാക്കുന്ന ഈ സന്ദർഭത്തെ ഭൂരിഭാഗം അനുവാചകരും നിരൂപകരും ഒരു ആത്മീയ അനുഭവം എന്ന നിലയിലാണ് വിലയിരുത്തുന്നത്. ലൈംഗികവും ആത്മീയവും എന്ന നിലയിൽ വൈരുദ്ധ്യപൂർണമായ ഈ സന്ദർഭം കുട്ടികൃഷ്ണമാരാരുടെ രാമായണ കഥയുടെ വിശകലനങ്ങളുമായി കൂട്ടിവായിക്കാവുന്നതാണ്. കാമാർത്തയായി തന്നെ സമീപിക്കുന്ന ശൂർപ്പണഖയെ ലക്ഷ്മണനടുത്തേക്ക് പറഞ്ഞുവിടുന്ന രാമനിൽ സ്നേഹ വൈകല്യം എന്ന മാനസിക പ്രതിസന്ധി ഉള്ളടങ്ങിയിരിക്കുന്നു എന്നാണ് മാരാർ പറയുന്നത്. ശൂർപ്പണഖ പോകാതെ തനിക്കുള്ള ഒരു കാഴ്ചവസ്തുവായി നിൽക്കണമെന്നതാണ് രാമൻ്റെ ആഗ്രഹം.രവി സ്ത്രീകളെ ആക്രമിക്കുകയും അതേസമയം അവരിൽ നിന്ന് ഒളിച്ചോടുകയും ചെയ്യുന്നത് അയാളുടെ ലൈംഗികമായ അപ്രാപ്തികൊണ്ടാണ്. അഥവാ വായനക്കാർ ആഘോഷിച്ച ലൈംഗിക വീരസ്യം അതിൽ നിന്നുമുണ്ടാകുന്നതാണ്. പത്മ എന്ന തൻ്റെ കാമുകിയോട് പ്രിസ്റ്റണിലെ സായിപ്പന്മാർ നിന്നെ തൊട്ടുനോക്കിയോ എന്ന് ചോദിക്കുന്ന രവി ഖസാക്കിലെ സ്ത്രീകളോട് അക്രമോത്സുകമായാണ് പെരുമാറുന്നത്. ഉന്നതകുല ജാതരായ സ്ത്രീകളെ 'അവരർഹിക്കുന്ന' പരിശുദ്ധിയോടെ നിലനിർത്തുകയും കീഴാള സ്ത്രീയോട് ലൈംഗിക വ്യതിയാനങ്ങളോടെ പെരുമാറുകയും ചെയ്യുന്ന പുരുഷാവസ്ഥയെക്കുറിക്കുന്ന ഫ്രോയ്ഡിയൻ വ്യാഖ്യാനങ്ങൾ ഇവിടെ ഓർക്കാവുന്നതാണ്.സ്ത്രീയെ പൂജിക്കുക / അക്രമിക്കുക ഒരേ മനോഘടനയുടെ സൃഷ്ടിയാണ്. (ഒരു കാലഘട്ടത്തിലെ സെക്ഷ്വൽ ഡിപ്രഷനാണ് അധ്യാത്മ രാമായണത്തിലുള്ളതെന്ന് നിത്യചൈതന്യയതി പറയുന്നുണ്ട് ) ഇത് ഒരു കാലഘട്ടത്തിൻ്റെ മനോഭാവമായി മാറുന്നു. കൊത്തുമ്പോഴും കൊല്ലപ്പെടാതെ സൗന്ദര്യാനുഭവം ഉണ്ടാക്കുന്ന പാമ്പിൻ്റെ അത്ഭുതം അങ്ങനെ ഉണ്ടായതാണ്. സ്വാഭാവികമായി സ്ത്രീയോടു പെരുമാറുന്നതിൽ പരാജയപ്പെടുന്ന ഒരാളിൻ്റെ ഒളിച്ചോട്ടമാണ് രവിയിൽ കാണുന്നത്. ചുരുക്കത്തിൽ അപ്പുക്കിളി എന്ന അത്ഭുത ശിശു, ബഹുസ്വരമായ രവിയുടെ പെട്ടി, പുളിമരത്തിലെ ഉറുമ്പ്, കൊത്തിയാലും കൊത്താത്ത പാമ്പ് ഇതൊക്കെയാണ് ഖസാക്കിലെ പ്രധാന അത്ഭുതങ്ങൾ. ഇതൊക്കെ നല്ലതാണ്. ഈ അത്ഭുതങ്ങളിൽ പലതും പലരും ഒഴിവാക്കപ്പെടുന്നുണ്ട് എന്ന കാര്യമാണ് പറഞ്ഞത്. അതു കൊണ്ട് എല്ലാർക്കും ഈ അത്ഭുതങ്ങൾ നല്ലതായി തോന്നണമെന്നില്ല.

വിശ്വാസങ്ങളോട് വിശ്വാസമുള്ളതല്ല, വിശ്വാസമുള്ളവരെ ആ വിശ്വാസം വച്ച് കീഴടക്കാം എന്നതാണ് രവിയുടെ പക്ഷത്ത് കാണുന്നത്. 

  ഇതൊക്കെ അത്ഭുതമായി കാണുന്ന കാലത്ത് തന്നെ ഇവരുടെ ശ്രദ്ധയിൽപ്പെടാതിരുന്ന ഒരു കഥാകൃത്തുണ്ട്. സി അയ്യപ്പൻ .സി. അയ്യപ്പൻ്റെ 'എൻ്റെ കഥയിലെ നിങ്ങൾ' എന്ന കഥയിൽ 'നിങ്ങളുടെ കഥകളിലെ ഞാൻ' എന്നതിനെ പ്രശ്നവൽകരിക്കുന്നതായി കാണാം. സാഹിത്യത്തിലെയും അതിലെ പാത്രനിർമിതിയിലെയും അത്ഭുതങ്ങൾ എപ്രകാരം നിർമിക്കപ്പെടുന്നെന്നും അവ എങ്ങനെ ഒരു വലിയ വിഭാഗത്തിനുമേൽ ഹിംസാത്മകമായി പ്രവർത്തിക്കുന്നുവെന്നുമുള്ള സർഗ വിശകലനം ഇതിൽ കാണാം. കീഴാള ജനതയെ വേരിൽ നിന്നടർത്തി പൊതിഞ്ഞു പ്രദർശിപ്പിക്കുന്ന അത്ഭുതവൽകരണ പ്രക്രിയയെ അനുഭവങ്ങളുടെ വാലും തലയും നുള്ളിക്കളയുന്ന ഒരു പ്രക്രിയയായാണ് സി.അയ്യപ്പൻ പ്രസ്താവിക്കുന്നത്. നെത്തോലിയുടെ വാലും തലയും നുള്ളി കവറിലിട്ട് വില്പനയ്ക്ക് വയ്ക്കും പോലെ അനുഭവങ്ങളുടെ ഭൂതകാലവും ഭാവികാലവും നുള്ളിക്കളഞ്ഞ് അത്ഭുതമാക്കുന്നു. സംസ്കാരമെന്നാൽ അനുഭവങ്ങളുടെ വാലും തലയും നുള്ളിയ ഭൂതവും ഭാവിയും പോയ അത്ഭുതങ്ങൾ അല്ല. നോവലിലെ സംസ്കാരവും അങ്ങനെ ആകരുത്. അതു കൊണ്ടു ഈ ചോദ്യത്തോടെ അവസാനിപ്പിക്കാം: ഒരേ സമയം സംസ്കാരപഠിതാക്കളും ദളിതി സ്റ്റുകളും ഫെമിനിസ്റ്റുകളും ഖസാക്ക് ഭക്തരുമായിരിക്കാൻ സാധിക്കുമോ ?

(തിരുവനന്തപുരം വനിതാ കോളേജിൽ വച്ച് ഒ.വി.വിജയൻ സ്മാരക സമിതി സംഘടിപ്പിച്ച സെമിനാറിൽ നടത്തിയ പ്രഭാഷണം.തയ്യാറാക്കിയത്: സനൽ ഹരിദാസ് )

Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - ഡോ. ഷൂബ കെ.എസ്‌

contributor

Similar News

അടുക്കള
Dummy Life
Behind the scene