എല്ലാ എടിഎമ്മിൽനിന്നും യുപിഐ വഴി പണം; പ്രഖ്യാപനവുമായി ആർബിഐ

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസാണ് ഇക്കാര്യം അറിയിച്ചത്

Update: 2022-04-09 05:44 GMT
Editor : abs | By : Web Desk
Advertising

മുംബൈ: മധ്യവര്‍ഗ ഇന്ത്യക്കാരന്‍റെ ദൈനംദിന ജീവിതത്തിന്‍റെ ഭാഗമായി മാറിയ എടിഎം കാര്‍ഡുകള്‍ ഇല്ലാതാകുകയാണോ? ക്രമേണ അതു സംഭവിക്കാനുള്ള സാധ്യത കൂടുതലാണെന്ന് വിലയിരുത്തുകയാണ് സാമ്പത്തിക നിരീക്ഷകര്‍. റിസര്‍വ് ബാങ്കിന്‍റെ ഏറ്റവും പുതിയ പ്രഖ്യാപനമാണ് ഈ വഴിക്കു ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്. യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) വഴി രാജ്യത്തെ എല്ലാ എടിഎമ്മുകളിൽ നിന്നും കാർഡില്ലാതെ പണം പിൻവലിക്കാനുള്ള സൗകര്യമൊരുക്കും എന്നാണ് കഴിഞ്ഞ ദിവസം ആര്‍ബിഐ പ്രഖ്യാപിച്ചത്. ധനവായ്പാ നയ അവലോകനത്തിനിടെ ഗവർണർ ശക്തികാന്ത ദാസാണ് നിര്‍ണായക പ്രഖ്യാപനം നടത്തിയത്. 

'നിലവിൽ കാർഡില്ലാതെ പണം പിൻവലിക്കാൻ കുറഞ്ഞ ബാങ്കുകളിലെ എടിഎമ്മുകളിൽ മാത്രമാണ് സൗകര്യമുള്ളത്. യുപിഐ ഉപയോഗിച്ച് രാജ്യത്തെ എല്ലാ ബാങ്കുകളുടെ എടിഎമ്മുകളിൽ നിന്നും പണം പിൻവലിക്കാനുള്ള സൗകര്യമാണ് ഒരുക്കുന്നത്. കാർഡ് ക്ലോണിങ്, കാർഡ് സ്‌കിമ്മിങ് തുടങ്ങിയ തട്ടിപ്പുകൾ തടയാന്‍ ഇതു സഹായകരമാകും.' - അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിൽ എസ്ബിഐ, ഐസിഐസിഐ, ആക്‌സിസ്, ബാങ്ക് ഓഫ് ബറോഡ ബാങ്കുകളുടെ എടിഎമ്മിൽനിന്ന് കാർഡില്ലാതെ പണം പിൻവലിക്കാനുള്ള സൗകര്യമുണ്ട്. 

ഇത്തരത്തിൽ പണം പിൻവലിക്കണമെങ്കിൽ ഉപഭോക്താവിന്റെ കൈവശം ബാങ്കിൽ രജിസ്റ്റർ ചെയ്ത ഫോൺ നമ്പർ ഉള്ള മൈബൈൽ ഫോൺ ഉണ്ടായിരിക്കണം. മൊബൈൽ ബാങ്കിംഗ് ആപ് ഉപയോഗിച്ചും ഈ സേവനം സാധ്യമാക്കാവുന്നതാണ്. പ്രതിദിനം 10000 മുതൽ 25000 രൂപ വരെയാണ് ഇത്തരത്തിൽ പിൻവലിക്കാനാകുന്നത്. ചില ബാങ്കുകൾ ഈ സേവനത്തിന് ഉപഭോക്താവിൽ നിന്ന് അധികതുക ഈടാക്കുന്നുണ്ട്. ആർബിഐയുടെ പുതിയ പ്രഖ്യാപനത്തോടെ ഇക്കാര്യങ്ങളില്‍ കൃത്യമായ വ്യവസ്ഥകളുണ്ടാകും എന്നാണ് കരുതപ്പെടുന്നത്. 

പ്രഖ്യാപനം നടപ്പായാല്‍ കാര്‍ഡ് രഹിത പണം പിന്‍വലിക്കല്‍ സാധാരണയാകും. ഇതോടെ, പണം പിന്‍വലിക്കാന്‍ എടിഎം കാര്‍ഡുകള്‍ അത്യാവശ്യമല്ലാതായി മാറും. താരതമ്യേന കുറച്ചു പേര്‍ മാത്രമാണ് പണം നിക്ഷേപിക്കാനായി കാര്‍ഡുകള്‍ ഉപയോഗിക്കുന്നത്. 

അതിനിടെ, 2022-23 സാമ്പത്തിക വർഷത്തിലെ ആദ്യ ദ്വൈ മാസ നയത്തിൽ റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകളിൽ റിസർവ് ബാങ്ക് മാറ്റം വരുത്തിയില്ല. റിപ്പോ നിരക്ക് നാല് ശതമാനമായും റിവേഴ്സ് റിപ്പോ നിരക്ക് 3.35 ശതമാനമായും തുടരും.

കോവിഡ് മഹാമാരിക്ക് ശേഷം രാജ്യത്തെ സാമ്പത്തിക മേഖല തിരിച്ചുവരവിന്റെ പാതയിലാണെന്നും നടപ്പു സാമ്പത്തിക വർഷം ഇന്ത്യയുടെ വളർച്ച് 7.2 ശതമാനമായിരിക്കുമെന്നും ശക്തികാന്ത ദാസ് അറിയിച്ചു. ആഗോള സാമ്പത്തിക മേഖലയെ അട്ടിമറിക്കുന്നതാണ് റഷ്യ-യുക്രൈൻ യുദ്ധമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.  

Summary: Reserve Bank of India governor Shaktikanta Das on Friday announced that the RBI has proposed to make cardless cash withdrawal facility available at all ATMs across all banks in India. Das said that the facility is proposed to be made available through the Unified Payments Interface or UPI.

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News