ഒല തിരിച്ചുവരികയാണോ? ഓഹരി ഉയര്‍ന്നത് 80 %, വില്‍പ്പനയിലും മുന്നേറ്റം
മാര്‍ച്ചില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് കമ്പനി. 10,117 സ്‌കൂട്ടറുകളാണ് മാര്‍ച്ചില്‍ വിറ്റത്
ഒരു കാലത്ത് ഇന്ത്യന്‍ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിലെ കിരീടം വെക്കാത്ത രാജാക്കന്മാരായിരുന്നു ഒല. വിപണിയെ ഏറെക്കാലം അടക്കിഭരിച്ച ഒലക്ക് പക്ഷേ പിന്നീട് പിടിച്ചുനില്‍ക്കാനായില്ല. സര്‍വീസ് പാടെ മോശമായതും വിപണിയില്‍ മത്സരം കൂടുതല്‍ കടുത്തതും ഒലയെ തളര്‍ത്തി. ഒന്നാംസ്ഥാനത്തുനിന്ന് ആറാം സ്ഥാനത്തേക്ക് വരെ വീണ ഒല ഇപ്പോള്‍ തിരിച്ചുവരവിന്റെ സൂചനകള്‍ നല്‍കുകയാണ്.
ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ വെറും 3968 സ്‌കൂട്ടറുകള്‍ വില്‍ക്കാന്‍ മാത്രമായിരുന്നു ഒലക്ക് കഴിഞ്ഞത്. ആദ്യ അഞ്ചില്‍ നിന്ന് പുറത്താവുകയും ചെയ്തിരുന്നു. എന്നാല്‍ മാര്‍ച്ചില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് കമ്പനി. 10,117 സ്‌കൂട്ടറുകളാണ് മാര്‍ച്ചില്‍ വിറ്റത്. ഒല പ്രഖ്യാപിച്ച വന്‍ ഓഫറുകള്‍ വില്‍പ്പനയിലെ കുതിപ്പിന് കാരണമായിരുന്നു. ട1 ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കും റോഡ്സ്റ്റര്‍ ഇലക്ട്രിക് ബൈക്കുകള്‍ക്കും 30,000 രൂപ വരെയുള്ള ഓഫറുകളാണ് പ്രഖ്യാപിച്ചിരുന്നത്. ഹോളി ആഘോഷത്തിന്റെ ഭാഗമായും ഓഫറുകള്‍ നല്‍കിയിരുന്നു.
സുരക്ഷാ പ്രശ്നങ്ങളും വില്‍പനാനന്തര സേവനത്തിലുണ്ടായ വീഴ്ചകളും പരിഹരിക്കാന്‍ കമ്പനി ശ്രമിക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് വില്‍പ്പന വര്‍ധിച്ചത്. ഇതിന് പിന്നാലെയാണ് ഒലയുടെ ഓഹരി വിലയിലും വലിയ വര്‍ധനവുണ്ടായത്. നേരത്തെ വന്‍തോതില്‍ ഇടിഞ്ഞ ഓഹരികള്‍ ഉടമകള്‍ക്ക് വലിയ നഷ്ടം സമ്മാനിച്ചിരുന്നു. മാര്‍ച്ച് 30ന് 22.87 രൂപ എന്ന നിലയിലായിരുന്ന ഒല ഓഹരി അടുത്ത രണ്ടാഴ്ചയില്‍ നടത്തിയത് വന്‍ കുതിപ്പാണ്. 82 ശതമാനം ഉയര്‍ന്ന് 40.88 രൂപ എന്ന നിലയിലാണ് ഇപ്പോള്‍ ഓഹരി വില. കഴിഞ്ഞ വെള്ളിയാഴ്ച മാത്രം 12.56 ശതമാനമാണ് ഓഹരിവില വര്‍ധിച്ചത്.
ഒലയുടെ വില്‍പന വര്‍ധിച്ചതിന് പുറമേ പശ്ചിമേഷ്യയിലെ യുദ്ധവും ഓഹരി വില കുതിക്കുന്നതിന് കാരണമായിട്ടുണ്ട്. യുദ്ധം മൂലം ഇന്ധനലഭ്യതയില്‍ ഇടിവുണ്ടായതും അധികം വൈകാതെ പെട്രോള്‍, ഡീസല്‍ വില കൂടുമെന്ന വിലയിരുത്തലുകളും വൈദ്യുത വാഹനങ്ങളുടെ വില്‍പനയെ സ്വാധീനിച്ചിട്ടുണ്ട്. ഇത് ഒലക്കും ഗുണകരമായി. ഓഹരി വില 60 രൂപ വരെ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്.