മസിലു കാട്ടി ടാറ്റ; ഓഹരി വിപണിയിലും കുതിപ്പ്

ടാറ്റ പവർ കമ്പനി ലിമിറ്റഡിന്റെ ഓഹരിയിൽ 1.37 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്

Update: 2022-01-28 12:49 GMT
Editor : abs | By : Web Desk
Advertising

മുംബൈ: പൊതു മേഖലാ വിമാനക്കമ്പനിയായ എയർ ഇന്ത്യയെ സ്വന്തമാക്കിയതിന് പിന്നാലെ ഓഹരി വിപണിയിൽ കുതിപ്പു നടത്തി ടാറ്റ കമ്പനികൾ. ടാറ്റ മോട്ടോഴ്‌സ്, ടാറ്റ പവർ, ടാറ്റ കൺസൽട്ടി സർവീസ്, ടാറ്റ എൽക്‌സി, ടാറ്റ കെമിക്കൽസ് തുടങ്ങിയ കമ്പനികളെല്ലാം നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.

ടാറ്റ പവർ കമ്പനി ലിമിറ്റഡിന്റെ ഓഹരിയിൽ 1.37 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. 244.35 രൂപയാണ് ഒരോഹരിയുടെ ഇന്നത്തെ വില. വ്യാപാരം ആരംഭിക്കുമ്പോൾ ഇത് 241.05 രൂപയായിരുന്നു. ഫെബ്രുവരി ഒന്നിലെ ബജറ്റിന് മുമ്പോടിയായി നിക്ഷേപകർ ഏറ്റവും കൂടുതൽ കണ്ണുവയ്ക്കുന്ന ഓഹരികളിലൊന്നാണ് ടാറ്റ പവറിന്റേത്. എസ്ബിഐ, എക്‌സൈഡ് ഇൻഡസ്ട്രീസ്, ദീപക് ഫെർടിലൈസർ, ബൽറാംപൂർ ചിനി എന്നിവയാണ് മറ്റു സ്റ്റോക്കുകളെന്ന് ഷെയർ ഇന്ത്യ റിസർച്ച് വൈസ് പ്രസിഡണ്ട് രവി സിങ് പറയുന്നു.

ടാറ്റ കൺസൽട്ടൻസി സർവീസിന്റെ (ടിസിഎസ്) ഓഹരിയിൽ 1.33% വർധനയാണുണ്ടായത്. 3,697.85 രൂപയാണ് ഓഹരിയൊന്നിന്‍റെ വില. മുൻ ദിവസത്തിൽ നിന്ന് ഏകദേശം അമ്പത് രൂപയുടെ വർധനയാണ് ടിസിഎസിനുണ്ടായത്. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഐടി ബ്രാൻഡാണ് ടിസിഎസ്. 16.8 ബില്യൺ ഡോളറാണ് കമ്പനിയുടെ ആകെ മൂല്യം. കഴിഞ്ഞ 12 മാസത്തിനിടെ 12.5 ശതമാനം ബ്രാൻഡ് വാല്യൂ വർധനയാണ് കമ്പനിക്കുണ്ടായത്. 36.19 ബില്യൺ ഡോളർ മൂല്യമുള്ള ആക്‌സെഞ്ചറാണ് ലോകത്തെ ഏറ്റവും വലിയ ഐടി കമ്പനി.

ടാറ്റയുടെ വാഹന നിർമാണക്കമ്പനി ടാറ്റ മോട്ടോഴ്‌സിന്റെ ഓഹരിയും മേൽപ്പോട്ടായിരുന്നു. 0.59 ശതമാനം വർധന രേഖപ്പെടുത്തി 497.30 രൂപയാണ് ഒരു ഓഹരിയുടെ വില. എതിരാളികളായ മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഓഹരിയിൽ ഇന്ന് 1.51 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. ഓഹരിയൊന്നിന് 871 രൂപ. അതേസമയം, ജനപ്രിയ വാഹനക്കമ്പനിയായ മാരുതിയുടെ ഓഹരിയിൽ 3.21 ശതമാനം ഇടിവു രേഖപ്പെടുത്തി.

ടാറ്റ കെമിക്കൽസിന്റെ ഓഹരിയിൽ 3.96 ശതമാനത്തിന്റെയും ഡിസൈൻ ആൻഡ് ടെക്‌നോളജി കമ്പനിയായ ടാറ്റ എൽക്‌സിയുടെ ഓഹരിയിൽ 4.27 ശതമാനത്തിന്റെയും ടാറ്റ കൺസ്യൂമർ പ്രൊഡക്ടിന്റെ ഓഹരിയിൽ 1.78 ശതമാനത്തിന്റെയും വർധനയാണ് ഇന്നുണ്ടായത്. ബംഗളൂരു ആസ്ഥാനമായി 1989ൽ സ്ഥാപിക്കപ്പെട്ട കമ്പനിയാണ് ടാറ്റ എൽക്‌സി. അതേസമയം, ടാറ്റ സ്റ്റീൽ, ടാറ്റ കോഫി കമ്പനികളുടെ ഓഹരിയിൽ ഇടിവാണ് രേഖപ്പെടുത്തിയത്. ടാറ്റ സ്റ്റീലിന് 0.22 ശതമാനത്തിന്റെയും ടാറ്റ കോഫിക്ക് 0.59 ശതമാനത്തിന്റെയും ഇടിവാണുണ്ടായത്.

സെൻസെക്‌സിൽ ഇടിവ്

വായ്പാ നിരക്കുകൾ ഉയർത്തുമെന്ന യുഎസ് ഫെഡറൽ റിസർവിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ചാഞ്ചാട്ടം കാണിക്കുന്ന വിപണി ഇന്ന് മൈനസിലാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ സെൻസെക്‌സ് 0.13 ശതമാനം ഇടിഞ്ഞ് 57,200.23 പോയിന്റിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 17,102 പോയിന്റിലും ക്ലോസ് ചെയ്തു.

എൻടിപിസി, യുപിഎൽ, ഒഎൻജിസി, സൺ ഫാർമ, ഇൻഡസ്ട്രിയൽ ബാങ്ക്, ഐടിസി തുടങ്ങിയ കമ്പനികളുടെ ഓഹരികൾ മികച്ച പ്രകടനം കാഴ്ച വച്ചു. തുടർച്ചയായ രണ്ട് ആഴ്ചകളിലായി മൂന്നു ശതമാനം പോയിന്റാണ് സെൻസെക്‌സിനും നിഫ്റ്റിക്കും നഷ്ടമായത്. 

നാണയപ്പെരുപ്പം പിടിച്ചുനിർത്താൻ മാർച്ചിൽ വായ്പാ നിരക്കുകൾ ഉയർത്തുമെന്നാണ് ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവൽ അറിയിച്ചിട്ടുള്ളത്. ഇതോടെ ഇന്ത്യയിലെപോലെ വളർന്നുവരുന്ന ഓഹരി വിപണികളിൽനിന്ന് വിദേശ നിക്ഷേപകർ വൻതോതിൽ പണംപിൻവലിക്കുമെന്നാണ് ആശങ്ക. 

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News