നടന്‍ സന്ദീപ് നഹറിന്‍റെ ആത്മഹത്യ: ഭാര്യക്കെതിരെ കേസെടുത്തു

സന്ദീപിന്‍റെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

Update: 2021-02-18 03:20 GMT
Advertising

നടന്‍ സന്ദീപ് നഹര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭാര്യ കാഞ്ചൻ ശർമക്കും ഭാര്യയുടെ അമ്മക്കുമെതിരെ കേസെടുത്തു. ആത്മഹത്യാ പ്രേരണക്കുറ്റമാണ് ചുമത്തിയത്. മുംബൈ പൊലീസാണ് കേസെടുത്തത്. സന്ദീപിന്‍റെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. എം എസ് ധോണി ദ അണ്‍ടോള്‍ഡ് സ്റ്റോറി, കേസരി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ നടനാണ് സന്ദീപ് നഹര്‍.

ഫെബ്രുവരി 15നാണ് മുംബൈയിലെ വസതിയില്‍ സന്ദീപ് നഹറിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ആത്മഹത്യക്ക് മുന്‍പായി വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഭാര്യയും അമ്മായിയമ്മയും തന്നെ ബ്ലാക്ക്മെയില്‍ ചെയ്യുന്നുവെന്ന് ആരോപിച്ചു. ആത്മഹത്യ ചെയ്യുന്നത് ഭീരുത്വമാണെന്ന് അറിയാം. പക്ഷേ ജീവിക്കാനുള്ള ആഗ്രഹം നഷ്ടമായി. എന്നാല്‍ തന്‍റെ മരണത്തിന്‍റെ പേരില്‍ ആര്‍ക്കെതിരെയും നടപടിയെടുക്കരുതെന്നും ഭാര്യയെ മാനസികരോഗ ആശുപത്രിയിലാക്കണമെന്നും സന്ദീപ് ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കി.

ബോളിവുഡിലെ പൊളിറ്റിക്സിനെ കുറിച്ചും കുറിപ്പില്‍ പറയുന്നുണ്ട്. ഒട്ടും പ്രൊഫഷണല്‍ അല്ലാത്ത ആളുകളാണ് സിനിമയില്‍ ഉള്ളതെന്ന് സന്ദീപ് കുറ്റപ്പെടുത്തി. സുശാന്തിന്‍റെ മരണം സന്ദീപിന് കടുത്ത ആഘാതമായിരുന്നെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. സിനിമയിൽ അവസരങ്ങൾ ലഭിക്കാത്തതും കുടുംബത്തിലെ പ്രശ്നങ്ങളും അദ്ദേഹത്തെ അലട്ടിയിരുന്നുവെന്നും സഹപ്രവര്‍ത്തകര്‍ പറഞ്ഞു.

എം.എസ് ധോണിക്കും കേസരിക്കും പുറമെ സന്ദീപ് കെഹ്നോ കോ ഹം സഫർ ഹേ എന്ന വെബ് സീരീസിലും ശുക്രുനു, ഖണ്ഡാനി സഫാഖാനാ എന്നീ ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ഭാര്യയുടെയും അമ്മായിയമ്മയുടെയും അച്ഛന്‍റെയും മൊഴിയെടുത്തെന്ന് പൊലീസ് അറിയിച്ചു. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

Tags:    

Similar News