ആശൂറാ ദിനത്തിലെ കാർഗിൽ

സിന്ധു നദിയുടെ പ്രധാന കൈവഴിയായ സുരു നദി തീരത്ത് 2676 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ചെറിയ പട്ടണമാണ് കാർഗിൽ

Update: 2021-09-10 12:37 GMT
Editor : abs
Advertising

കാർഗിൽ എന്ന പേരു കേൾക്കുമ്പോൾ തന്നെ യുദ്ധഭീതിയുടെ ചിത്രങ്ങളും വിജനമായ മലനിരകളുമാണ്. 1999 ലെ യുദ്ധത്തോടെ ആ ചിത്രം പലരുടെയും മനസ്സിലുറച്ചു. ഹൈസ്ക്കൂൾ കാലത്ത് ഞാനും കാർഗിൽ എന്ന പേര് പരിചയപ്പെട്ടത് യുദ്ധവാർത്ത കേട്ടു തന്നെയാണ്. ഈയൊരു ധാരണ വച്ചാണ് കുറച്ച് വർഷങ്ങൾക്ക് മുമ്പ് ആദ്യമായി കാർഗിലില്‍ എത്തുന്നത്.

കാശ്മീർ - ലേ ദേശീയപാതയിൽ സോജില പാസിനും, ഫോടുല പാസിനുമിടയിൽ ദ്രാസ്, കാർഗിൽ, സാൻസ്കർ, സുരു താഴ്വരകൾ ചേർന്ന വിശാലമായ മേഖലയാണ് നിലവിലെ കാർഗിൽ ജില്ല. നേരത്തെ പുരിഗ് രാജ്യത്തിൻ്റെ ഭാഗമായിരുന്ന പ്രദേശം പത്തൊമ്പതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ ബാൾട്ടിസ്ഥാൻ, പുരിഗ്, സാൻസ്കർ, ഇന്നത്തെ ലേ ജില്ല എന്നിവ ചേർത്ത് ഒറ്റ രാജ്യമായി. പിന്നീട് ലഡാക്കിലെ ഒരു ജില്ലയായും കാർഗിൽ മാറി. ശൈത്യകാലത്ത് മൈനസ് 30 മുതൽ 40 വരെ തണുപ്പ് അനുഭവപ്പെടാറുള്ള ദ്രാസ് താഴ് വരയാണ് കാശ്മീരിൽ നിന്നുള്ള കാർഗിലിൻ്റെ കവാടം. ലോകത്തിലെ ജനവാസമുള്ള ഏറ്റവും തണുപ്പേറിയ രണ്ടാമത്തെ ഇടമാണ് ദ്രാസ്. വർഷത്തിൽ പകുതി മാസവും ഇവിടേക്ക് ഗതാഗത തടസ്സങ്ങളുണ്ടാവാറുണ്ട്. കാർഗിൽ ജില്ലയിൽ 80 % വും മുസ്ലിംകളും , 19 % ഹിന്ദുക്കളും 1 % ബുദ്ധരുമാണ്. പാക് അധിനിവേശ മേഖലയോട് ചേർന്ന് നിൽക്കുന്ന മേഖലയായ കാർഗിൽ നിന്ന് വളരെ അടുത്താണ് നിയന്ത്രണ രേഖ സ്ഥിതി ചെയ്യുന്നത്. 1999 ൽ പാകിസ്ഥാൻ നുഴഞ്ഞുകയറ്റത്തെ തുടർന്നുണ്ടായ ഇന്ത്യ പാക് യുദ്ധത്തിൻ്റെ ഒരു സ്മാരകം ദ്രാസിലുണ്ട്. 


കർബലയെ സ്മരിക്കുന്ന കാർഗിൽ

സിന്ധു നദിയുടെ പ്രധാന കൈവഴിയായ സുരു നദി തീരത്ത് 2676 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ചെറിയ പട്ടണമാണ് കാർഗിൽ. ഉർദു , പുരിഗി, ബാൾട്ടി ഭാഷകൾ സംസാരിക്കുന്ന കാർഗിൽ നിവാസികളിൽ ഭൂരിപക്ഷവും മുസ്ലിംകളാണ്. ശിയാ സ്വാധീന മേഖലയായ കാർഗിലിൽ യാദൃശ്ചികമായാണെങ്കിലും ആദ്യമെത്തുന്നത് ഒരു ആശൂറ ദിവസത്തിലെ സായാഹനത്തിലാണ്. അന്ന് ആശൂറ പരിപാടികൾ കഴിഞ്ഞ് നഗരമൊഴിയുന്ന സമയമായിരുന്നു. ജനനിബിഢമായ നഗരത്തിലെ ആരവങ്ങളും, അലങ്കാരങ്ങളും കണ്ടപ്പോഴേ ഒരിക്കൽ ഇവിടെ ആശൂറ ദിവസം എത്തണമെന്ന് കരുതിയാണ് മടങ്ങിയത്.

ആഗ്രഹിച്ച പോലെ മറ്റൊരു ആശൂറ ദിവസം കാര്‍ഗിലെത്തി. കർബല സംഭവത്തെ തുടർന്ന് ഇമാം ഹുസൈൻ ഇബ്നു അലി (റ) യുടെ രക്തസാക്ഷിത്വത്തെ അനുസ്മരിക്കുന്ന എഴുത്തുകളും മുദ്രാവാക്യങ്ങളും കൊണ്ട് കാർഗിൽ നിറഞ്ഞ് ഒഴുകുന്നുണ്ട്. കറുപ്പ് വസ്ത്രമണിഞ്ഞ പുരുഷാരം പാരാവാരം പോലെ നഗരത്തിലേക്ക് പ്രവഹിക്കുന്നുണ്ട്. കലിമത്തു തൗഹീദും , കർബലയിലെ ശഹാദത്തും വിളിച്ചോതുന്ന പാട്ടുകൾ അന്തരീക്ഷത്തിൽ മുഴങ്ങുന്നുണ്ട്. ചെറിയ ഉച്ചഭാഷിണികൾ തോളിലേറ്റിയും, വാഹനങ്ങളിൽ ഘടിപ്പിച്ചും യാത്രയുടെ കൂടെയുണ്ട്. നെഞ്ചിലേക്ക് കൈകൾ ഉറക്കെ ചാർത്തി ചെണ്ടയുടെ ശബ്ദമെന്നോണം താളം പിടിക്കുന്നുണ്ട്. ഹുസൈൻ (റ) ൻ്റെ മയ്യിത്ത് പ്രതീകാത്മകമായി ഏറ്റിയുള്ള ചെറുസംഘങ്ങളും, ആളൊഴിഞ്ഞ വെളുത്ത കുതിരയും വിലാപയാത്രയിലുണ്ട്. അമേരിക്കക്കും, ഇസ്രായേലിനുമെതിരെ പ്രതിഷേധരോഷം മുദ്രാവാക്യമായി ഉയരുന്നുണ്ട്. നീതി നിഷേധങ്ങളെ ചോദ്യം ചെയ്യുന്ന ബാനറുകൾ യാത്രയിൽ പലയിടത്തായി കാണാം. ചെറുപ്പക്കാരുടെ സാന്നിധ്യം അത്ഭുദപ്പെടുത്തുന്നതാണ്. ഇത്രയേറെ ചെറുപ്പക്കാർ ഇതെവിടെന്നാണെന്ന് ഒരു നിമിഷം ആശ്ചര്യപ്പെട്ടു പോയി. മണിക്കൂറുകൾ ദൈർഘ്യമുള്ള യാത്രയുടെ താളത്തിൽ ഞാനും ലയിച്ചു ചേർന്നു.


ചിലർ ചങ്ങലകെട്ടുകൾ സ്വന്തം പുറത്ത് അടിച്ച് രക്തം വരുത്തുന്നുണ്ട്. റോഡിലേക്ക് ഇറ്റി വീഴുന്ന രക്തത്തുള്ളികൾ വൃത്തിയാക്കാൻ വെള്ള ടാങ്കറുകൾ വഴിയരികിലുണ്ട്. രക്തം വാർന്ന് ബോധക്ഷയം സംഭവിക്കുന്നവർക്കായി മെഡിക്കൽ സംഘങ്ങൾ വിവിധയിടങ്ങളിൽ നിലയുറപ്പിച്ചിട്ടുണ്ട്. ചെറിയ കുട്ടികൾ ആവേശത്തിമിർപ്പിൽ ബ്ലേഡുകൾ കൊണ്ട് ശരീരത്തിൽ മുറിവുണ്ടാക്കുന്ന കാഴ്ചകൾ ഒറ്റപ്പെട്ട രൂപത്തിൽ കാണാനായി. മുതിർന്നവർ അത്തരം സന്ദർഭത്തിൽ വഴക്ക് പറഞ്ഞ് പിന്തിരിപ്പിക്കുന്നുണ്ട്. യാത്രക്കിടെ റൂഹഫ്സയും , ജ്യൂസുകളും വിതരണം ചെയ്യുന്ന സന്നദ്ധ പ്രവർത്തകരെ ധാരാളമായി കാണാം. പ്രത്യേകം തയ്യാറാക്കിയ പന്തലുകളിലും , സ്ഥാപനങ്ങളിലും പ്രാർഥനാ സദസ്സുകളും നടക്കുന്നുണ്ട്. തെരുവുകളിൽ യാത്രയെ ആശീർവദിക്കാനും പ്രാർഥനാ സംഗമത്തിലെ സദസ്സിലും ധാരാളം സ്ത്രീകളുണ്ട്.

ഇമാം ഖുമൈനി മെമ്മോറിയൽ ട്രസ്റ്റ്

ഇമാം ഖുമൈനി ചൗക്, ഫാത്വിമ ചൗക്, ഹുസൈനി പാർക്ക് എന്നിങ്ങനെയൊക്കെയാണ് കാർഗിൽ നഗരത്തിലെ വിവിധ തെരുവിൻ്റെ പേരുകൾ. ഈ വർഷത്തെ താസൂആ തലേന്നാണ് ഞങ്ങൾ കാർഗിൽ എത്തിയത്. അടുത്ത രണ്ട് ദിവസത്തെ പരിപാടികൾക്ക് വേണ്ടി നാടും നഗരവും ഒരുങ്ങുകയായിരുന്നു. സായാഹ്ന നടത്തത്തിനിടെ കാർഗിലെ പ്രധാന ശിയാ ഗ്രൂപ്പായ ഇമാം ഖുമൈനി മെമ്മോറിയൽ ട്രസ്റ്റിൻ്റെ ആസ്ഥാനവും ആശൂറ സമ്മേളനത്തിന് വേണ്ടി ഹുസൈനി പാർക്കിൽ സംവിധാനിച്ച നഗരിയും സന്ദർശിച്ചു. കോവിഡ് കാരണം ഈ വർഷം ആഘോഷത്തിന് നിയന്ത്രണങ്ങളുണ്ട്. പരിസരങ്ങളിലെ പ്രധാന നഗരങ്ങളിൽ നിന്നുള്ളവർ മാത്രമേ പരിപാടികളിൽ പങ്കെടുക്കുന്നുള്ളൂ. ഖുമൈനി ട്രസ്റ്റിൻ്റെ യുവജന വിഭാഗമായ ബസീജെ ഇമാമിൻ്റെ വൈസ് പ്രസിഡൻ്റ് സഹീർ അബ്ബാസ് ഖാൻ്റെ നേതൃത്വത്തിലുള്ള സംഘം ഞങ്ങളെ സ്വീകരിച്ചു. പിന്നീട് ദീർഘമായ സംസാരമായിരുന്നു. പ്രധാനമായും കാർഗിലെ രാഷ്ട്രീയ സാമൂഹിക ചലനങ്ങളും, ശിയാ പ്രസ്ഥാനങ്ങളുടെ പ്രവർത്തനങ്ങളുമാണ് ചർച്ചയിൽ വന്നത്. സ്കൂൾ അധ്യാപകനായ സഹീർ ഭായ് എല്ലാറ്റിനെക്കുറിച്ചും ഭംഗിയിൽ സംസാരിക്കുന്നുണ്ട്.


1979 ലെ ഇറാൻ വിപ്ലവത്തിൽ പ്രചോദിതരായ ഒരുകൂട്ടം ചെറുപ്പക്കാരുടെ വിമോചന ചിന്തകളാണ് ഖുമൈനി ട്രസ്റ്റിന് നിമിത്തമായത്. 1984 ജൂലൈ 4 ൽ ഇമാം ആയത്തുല്ല ഖുമൈനിയുടെ വിയോഗം കാർഗിലും പ്രതിഫലനങ്ങളുണ്ടായി. ആരുടെയും ആഹ്വാനമില്ലാതെ കടകമ്പോളങ്ങൾക്ക് താഴു വീണു.ഇമാമിൻ്റെ വിയോഗ വാർത്തകൾ കേട്ടവർ നഗരത്തിലേക്കൊഴുകി. ആ ഒഴുക്കാണ് ഖുമൈനി ട്രസ്റ്റ് എന്ന വ്യവസ്ഥാപിത ട്രസ്റ്റിൻ്റെ ജന്മത്തിലേക്കെത്തിച്ചത്. ദൈവിക ദർശനത്തിൻ്റെ ആത്മീയ ഉണർവുകളും , രാഷ്ട്രീയ ഉള്ളടക്കങ്ങളും ചേർന്ന് രചനാത്മമായ മതചിന്തയെ അവർ പ്രബോധനം ചെയ്തു. ഈ സന്ദേശം ഉയർത്തി പിടിക്കാൻ ബഹുമുഖമായ സംവിധാനങ്ങളുണ്ടാക്കി. ബസീജെ ഈമാൻ യുവജന വിഭാഗത്തിന് പുറമെ സൈനബ വനിതാ കൂട്ടായ്മ , ജാമിഅ ഇമാം ഖുമൈനി ബോയസ് സ്ക്കൂൾ , ജാമിഅ സഹ്റ ഗേൾസ് സ്ക്കൂൾ , വെൽഫെയർ വിംഗ്, മാധ്യമ വിഭാഗം , വിവിധ പള്ളികൾ തുടങ്ങിയ നിരവധി സംവിധാനങ്ങൾ ട്രസ്റ്റിന് കീഴിൽ പ്രവൃത്തിക്കുന്നുണ്ട്. കാർഗിൽ നഗരത്തിലെ പ്രധാന പള്ളിയായ ജാമിഅ മസ്ജിദ് ഖുമൈനി ട്രസ്റ്റിന് കീഴിലാണ്.

ഇമാം ഖുമൈനിയെ പിന്തുടരുന്ന ട്രസ്റ്റ് ആശൂറ ചടങ്ങുകളിൽ ശരീരത്തിൽ മുറിവുണ്ടാക്കുകയും രക്തം ചിന്തുകയും ചെയ്യുന്ന രീതിയെ അംഗീകരിക്കുന്നവരല്ല. പ്രസ്തുത ദിവസം രക്തദാനത്തിന് അവസരമുണ്ടാക്കാറാണ് പതിവ്.

ഇസ് ലാമിയ സ്കൂൾ - കാർഗിൽ

നഗര ഹൃദയത്തിൽ തന്നെയുള്ള ഇസ്ലാമിയ സ്കൂളിൻ്റെ ബനാത്ത് (ഗേൾസ് സ്കൂൾ) ബ്ലോക്കിലും വൻ ഒരുക്കങ്ങളാണ്. അകത്തേക്ക് പ്രവേശിച്ച ഞങ്ങളെ സ്കൂൾ അധികൃതർ സ്വീകരിച്ചു. കാർഗിലെ പ്രബലമായ പരമ്പരാഗത ശിയാ വിഭാഗമാണ് ഇസ് ലാമിയ സ്ക്കൂൾ സംഘാടകരായ അഞ്ചുമാനെ ജംഇയത്തുൽ ഉലമാ ഇസ്'നാ അശാരിയ 1953 ൽ സ്ഥാപിതമായതാണ്. ആയത്തുല്ല അലി അൽ സിസ്താനിയെ പിന്തുടരുന്ന ഇസ്ലാമിയ സ്ക്കൂൾ വിഭാഗം ആശൂറ വിലാപ യാത്രയുടെ ഭാഗമായി ശരീരത്തിൽ മുറിവുണ്ടാക്കി രക്തം പൊടിക്കുന്നതിനെ അംഗീകരിക്കുന്നവരാണ്. വിവിധ ഗ്രാമങ്ങളിൽ നിന്നുള്ള വിലാപയാത്രകൾ നഗരം ചുറ്റി ഇസ്ലാമിയ സ്ക്കൂളിൽ പ്രവേശിച്ചാണ് മുന്നോട്ട് നീങ്ങുക.

ദാറുൽ ഖുർആൻ, അൽ സഹ്റ ഗേൾസ് ഓർഫനേജ്, ജാഫരിയ അക്കാദമി ഉൾപ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ അൻജുമാൻ്റെ കീഴിൽ പ്രവൃത്തിക്കുന്നുണ്ട്. ഉലമ കൗൺസിൽ , ഖാദിമാനെ അഹ് ലെ ബൈത് ( യുവജന വിഭാഗം), ഹൈതെ ഫാത്വിമ (വനിതാ വിഭാഗം) , അൽ റാസ ഹെൽത് കെയർ തുടങ്ങി നിരവധി സംവിധാനങ്ങളും ഇസ്ലാമിയ സ്ക്കൂൾ വിഭാഗത്തിനുണ്ട്.

വീടകങ്ങളിലേക്ക്

സുഹൃത്ത് സഹീർ ഖാനുമായുള്ള നീണ്ട നേരത്തെ സംസാരത്തിന് ശേഷം മൂന്ന് കിലോമീറ്റര്‍ അകലെയുള്ള പോയൻ ഗ്രാമത്തിലേക്ക് നീങ്ങി. 29 വീടുകളിലായി 200 ൽ പരം ജനങ്ങൾ താമസിക്കുന്ന ചെറിയ ഗ്രാമമാണ് പോയെൻ. പെയിൻ്റ് വ്യാപാരിയായ അക്ബർ ഭായിയുടെ വീട്ടിൽ സഹീർ ഖാൻ ഞങ്ങൾക്ക് ചായ സൽക്കാരം ഒരുക്കിയിരുന്നു. അക്ബർ ഭായ് , ഭാര്യ ഫാത്വിമ ഖാത്തൂൻ , മകൻ ഇബ്റാഹിം , മകൾ ഹസീന എന്നിവരടങ്ങുന്ന കുടുംബം ഹൃദ്യമായാണ് ഞങ്ങളെ സ്വീകരിച്ചത്.

കുന്നിൻ ചെരുവിലെ ചെറിയ മുറ്റത്ത് മനോഹരമായ ചെടികളുണ്ട്. തണുപ്പിനെ പ്രതിരോധിക്കാവുന്ന തരത്തിലാണ് വീടിൻ്റെ ഓരോ സംവിധാനങ്ങളും. വീട്ടിനകത്ത് മരം ധാരാളമായി ഉപയോഗിച്ചിട്ടുണ്ട്. ശൈത്യകാലത്ത് അന്തരീക്ഷം ചൂടാക്കാനുള്ള പുക കുഴൽ മച്ചിന് താഴെ ഘടിപ്പിച്ചിട്ടുണ്ട്. വീട്ടിലേക്ക് കയറുമ്പോൾ തന്നെ ഇമാം ഖുമൈനിയുടെ വലിയ ചിത്രം ചുവരിൽ കാണാം. അടുക്കളയോട് ചേർന്നാണ് സ്വീകരണ മുറിയുള്ളത്. കാർപെറ്റ് വിരിച്ച നിലത്ത് ഞങ്ങളിരുന്നു. മുഖാമുഖം അടുക്കള കാണാം. പരമ്പരാഗത ശൈലിയിലുള്ള പാത്രങ്ങളാണ് അധികവും. പഴയ കാലത്ത് അടുക്കളയുടെ മധ്യത്തിൽ തന്നെ അടുപ്പ് ഉണ്ടാവാറുണ്ടെന് വീട്ടുകാരി പറഞ്ഞു. ഉപ്പ് രസമുള്ള നംകിൻ ചായയാണ് വിരുന്ന്കാർക്ക് നൽകാറ്. മലയാളികൾ എന്ന നിലയിൽ ഞങ്ങളോട് മധുരമുള്ള ചായ വേണമോ എന്ന് വീട്ടുകാർ അന്വേഷിച്ചിരുന്നു. പക്ഷേ, ഞങ്ങൾ നംകിൻ ചായ തന്നെ ആവശ്യപ്പെട്ടു. നേരത്തെ തയ്യാറാക്കി വെച്ച ചെറിയ റൊട്ടി ബട്ടർ ചേർത്ത് ചായയോടൊപ്പം തന്നു. പത്താം ക്ലാസിൽ പഠിക്കുന്ന ഹസീന അവളുടെ പുസ്തകങ്ങൾ കാണിച്ച് തന്നു. പതിനേഴുകാരനായ മകൻ ഇബ്റാഹിം ആശൂറ പരിപാടികൾക്കായി കറുത്ത വസ്ത്രമണിഞ്ഞ് അങ്ങാടിയിലേക്ക് ഇറങ്ങാനിരിക്കുകയാണ്. അന്ന് രാത്രി വീട്ടിൽ താമസിക്കാനായി അവർ കുറേ നിർബന്ധിച്ചു. നല്ല പാതി സുഹൈലയെ കെട്ടിപ്പിടിച്ച് ഹസീന നിർബന്ധിച്ച് കൊണ്ടേയിരുന്നു. മറ്റൊരു അവസരത്തിലാവാമെന്ന് പറഞ്ഞ് ഞങ്ങൾ മടങ്ങി.


ആശൂറയുടെ ഭാഗമായി കാർഗിൽ നഗരത്തിൽ ഹോട്ടലുകൾ തുറന്നിട്ടില്ല. പ്രാർഥന സംഗമം നടക്കുന്ന വേദികളിൽ അന്നദാനമുണ്ട്. കൂട്ടത്തിലുള്ള കുറേ പേർക്ക് ഭക്ഷണം കിട്ടാത്ത വിവരമറിഞ്ഞ് ഞങ്ങൾ താമസിക്കുന്ന ഹോട്ടലിൽ ഒരു കോർപ്പറേഷൻ കൗൺസിലറെത്തി. അദ്ദേഹം പൗര പ്രമുഖനായ അബ്ബാസലി മസ്താൻ്റെ വീട്ടിൽ ഭക്ഷണം ഒരുക്കി. രണ്ട് നിലകളുള്ള അബ്ബാസലിയുടെ വീട്ടു മുറ്റത്ത് ധാരാളം ഫലവൃക്ഷങ്ങളുണ്ട്. താഴത്തെ നിലയിലെ മജ്ലിസിൽ പുരുഷന്മാരെ ഇരുത്തി. സത്രീകൾക്ക് മുകളിലത്തെ നിലയിൽ മറ്റൊരു മജ്ലിസുണ്ട്. പരമ്പരാഗത കിണ്ടിയും കോളാമ്പിയും ഉപയോഗിച്ച് വീട്ടുകാർ തന്നെ കൈ കഴുകാൻ വെള്ളം ഒഴിച്ച് തന്നു. പിന്നീട് വിഭവ സമൃദ്ധമായ ഭക്ഷണമായിരുന്നു. വയറും മനസ്സും നിറച്ച് അവർ ഞങ്ങളെ യാത്രയാക്കി.

കൂട്ടത്തിലെ ചിലർ തൊട്ടടുത്ത ഗ്രാമത്തിലെ അങ്ങാടിയിലേക്ക് നടക്കാനിറങ്ങി. പലചരക്കു കടയിൽ സാധനം വാങ്ങാൻ വന്ന പതിനാറ്കാരിയെ അവർ പരിചയപ്പെട്ടു. നാട്ടിലെ വിശേഷങ്ങളും യാത്രയെക്കുറിച്ചുമൊക്കെ സംസാരിച്ചപ്പോൾ അവൾ കൂടുതൽ ചങ്ങാത്തം കാണിച്ചു. പ്ലസ് വണിൽ പഠിക്കുന്ന മെഹാറൂണും നാല് വയസ്സുകാരി സാറ ഖാത്തൂനും വീട്ടിലേക്ക് ക്ഷണിച്ചു. ഇടുങ്ങിയ വഴികളിലൂടെ കുറേ നടന്ന് ഒരു ഗല്ലിയിലെത്തി. അടുത്തടുത്തായി ധാരാളം വീടുകളുണ്ട്. അതിലെ ഒരു പഴയ ഇരുനില കെട്ടിടത്തിലാണ് അവളുടെ വീട്. ഇടുങ്ങിയ ഗോവണി കയറി ഉയരം കുറഞ്ഞ വാതിലിലൂടെ ഒന്നാം നിലയിലെ താമസ സ്ഥലതെത്തി. തൊട്ട് മുകളിലുള്ള അവളുടെ സഹോദരിയുടെ മുറിയിൽ നിലത്ത് വിരിച്ച കാർപറ്റിൽ ഞങ്ങളെ ഇരുത്തി. എയിംസിൽ ചേർന്ന് ഡോക്ടറാവാനാണ് മെഹറൂൺ ൻ്റെ ആഗ്രഹം. സഹോദരി യു.പി.എസ്.സിക്ക് വേണ്ടി പരിശീലിക്കുകയാണ്. പള്ളിയിലെ ജീവനക്കാരനായ പിതാവ് ആശൂറ പരിപാടിയുടെ ഭാഗമായി മർകസിൽ പോയതാണ്. ഉമ്മയും ഉപ്പയും വേർപിരിഞ്ഞതാണ്. രണ്ടാനമ്മ ദ്രാസിലെ ഹോസ്പിറ്റലിൽ നഴ്സാണ്. ഉമ്മ വേറെ വിവാഹം കഴിച്ചിട്ടുണ്ടെങ്കിലും ഇടക്കിടെ ബന്ധപ്പെടാറുള്ളതായി അവൾ പറഞ്ഞു. ഉപരി പഠനത്തെക്കുറിച്ചുള്ള സ്വപ്നങ്ങളാണ് അവളെ മുന്നോട്ട് നയിക്കുന്നത്. കുറേ സംസാരിച്ച ശേഷം യാത്ര പറഞ്ഞ് ഞങ്ങളിറങ്ങി. വഴി തെറ്റാതിരിക്കാൻ അവൾ റോഡ് വരെ ഞങ്ങളെ അനുഗമിച്ചു.


കാർഗിൽ യുദ്ധ കാലത്തെ ഭീതിപ്പെടുത്തുന്ന ഓർമ്മകൾ ഇപ്പോഴും അവരിലുണ്ട്. സഹീർ ഖാൻ ജോലി ചെയ്യുന്ന സ്കൂളിന് മുന്നിൽ പാക് ബോംബ് വീണതും കൂട്ടത്തിൽ ഒരാൾ മരണപ്പെട്ടതും അദ്ധേഹം ഓർത്തെടുത്തു. ശിയാ സുന്നി വ്യത്യാസമില്ലാതെ വിവാഹങ്ങൾ അവർക്കിടയിൽ നടക്കാറുണ്ടെന്നാണ് പരിചയപ്പെട്ടവരൊക്കെ പറഞ്ഞു. മുന്നൂറ്റിയെഴുപതാം  വകുപ്പ് റദ്ദാക്കിയ വിഷയത്തിൽ സർക്കാർ തീരുമാനത്തോട് വിയോജിക്കുന്നവരാണ് സംസാരിച്ചവരിൽ കൂടുതലും. അടുത്ത് ഇടപെട്ടവരൊക്കെയും രാഷ്ട്രീയ കൃത്യതയിലാണ് സംസാരിച്ചത്. സായാഹ്ന്ന സവാരിക്ക് നല്ല വൈബ് നൽകുന്ന ചെറിയ നഗരം കൂടിയാണ് കാർഗിൽ.

Tags:    

Writer - abs

contributor

Editor - abs

contributor

Similar News