'അടിയന്തരാവസ്ഥ, ഓപ്പറേഷൻ ബ്ലൂ സ്റ്റാർ'; ഇന്ദിരാഗാന്ധിയായി കങ്കണ എത്തുന്നു
സഞ്ജയ് ഗാന്ധി, രാജീവ് ഗാന്ധി, മൊറാര്‍ജി ദേശായി, ലാല്‍ ബഹാദൂര്‍ ശാസ്ത്രി എന്നീ വേഷങ്ങളില്‍ ബോളിവുഡിലെ നിരവധി പ്രമുഖ താരങ്ങള്‍ ഭാഗമാകും
തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവചരിത്ര സിനിമക്ക് ശേഷം മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വേഷം തിരശ്ശിലയിലെത്തിക്കാന്‍ കങ്കണ റണാവത്ത്. സായ് കബീര്‍(റിവോൾവർ റാണി ഫെയിം) സംവിധാനം ചെയ്യുന്ന പൊളിറ്റിക്കല്‍ ഡ്രാമ കങ്കണ തന്നെയായിരിക്കും നിർമ്മിക്കുക. ഇന്ദിരാഗാന്ധിയുടെ ജീവചരിത്രമാകില്ല സിനിമയെന്ന് വ്യക്തമാക്കിയ കങ്കണ അടിയന്തരാവസ്ഥ, ഓപ്പറേഷൻ ബ്ലൂ സ്റ്റാർ തുടങ്ങിയ ഇന്ത്യൻ ചരിത്രത്തിലെ നിർണ്ണായക സംഭവങ്ങള്‍ സിനിമയുടെ ഭാഗമാകുമെന്ന് അറിയിച്ചു. ഒരു പുസ്തകം ആസ്പദമാക്കിയാണ് സിനിമ ഒരുക്കുന്നതെന്ന് അറിയിച്ച അണിയറ പ്രവര്‍ത്തകര്‍ ഏത് പുസ്തകമാകും അതെന്ന കാര്യം വെളിപ്പെടുത്തിയില്ല.
This is a photoshoot about iconic women I did in the beginning of my career, little did I know one day I will get to play the iconic leader on screen. https://t.co/ankkaNevH2
— Kangana Ranaut (@KanganaTeam) January 29, 2021
ചിത്രത്തിന്റെ തിരക്കഥാ ജോലികള്‍ അവസാനഘട്ടത്തിലാണെന്ന് വ്യക്തമാക്കിയ കങ്കണ ഇന്ത്യയുടെ ഇന്നത്തെ സാമൂഹിക, രാഷ്ട്രീയ സാഹചര്യം മനസ്സിലാക്കാന്‍ തന്റെ തലമുറക്ക് സിനിമയിലൂടെ സാധിക്കുമെന്ന് അറിയിച്ചു. സഞ്ജയ് ഗാന്ധി, രാജീവ് ഗാന്ധി, മൊറാര്‍ജി ദേശായി, ലാല്‍ ബഹാദൂര്‍ ശാസ്ത്രി എന്നീ വേഷങ്ങളില്‍ ബോളിവുഡിലെ നിരവധി പ്രമുഖ താരങ്ങള്‍ ഭാഗമാകുമെന്നും അറിയിച്ചു. ഇത് വരെ പേരിട്ടിട്ടില്ലാത്ത ചിത്രം വലിയ സാമ്പത്തിക മുതല്‍ മുടക്കിലാകും നിര്‍മ്മിക്കുക.