മലയാളത്തിന്റെ വാനമ്പാടിക്ക് ഇന്ന് 52ാം പിറന്നാള്‍

Update: 2018-04-15 11:04 GMT
Editor : Jaisy
മലയാളത്തിന്റെ വാനമ്പാടിക്ക് ഇന്ന് 52ാം പിറന്നാള്‍
Advertising

1963 ജൂലൈ 27ന് തിരുവനന്തപുരത്താണ് കേരളത്തിന്റെ വാനമ്പാടിയുടെ ജനനം

ഗര്‍വ്വിന്റെ കണിക പോലുമില്ലാതെ, വിനയത്തിന്റെ ചിരി മുഖത്തണിഞ്ഞ് ചിത്ര പാടുകയാണ്...ആ ചിരിയില്ലാതെ നാം ഒരിക്കലും ചിത്രയെ കണ്ടിട്ടുമില്ല. എത്രയോ നാളുകളായി ചിത്ര പാടുന്നു...പ്രണയം, രൌദ്രം, വാത്സല്യം, സൌഹൃദം എന്നിങ്ങനെ സകല ഭാവങ്ങളിലും ചിത്രയുടെ സ്വരമാധുരി നാം കേട്ടറിഞ്ഞിട്ടുണ്ട്. അതിനിടയില്‍ എത്രയോ പാട്ടുകാരികള്‍ വന്നും, അവരോടൊന്നും ചിത്രയോട് തോന്നുന്ന സ്നേഹം നമുക്ക് ഉണ്ടായിട്ടില്ല, അവരൊന്നും ചിത്രയെക്കാള്‍ വലിയ പാട്ടുകാരികളായിരുന്നില്ലതാനും. ചിത്രയുടെ പിറന്നാളാണിന്ന് . ഈ 52 വയസിലും വേദനകള്‍ ചിരിയിലൊളിപ്പിച്ച് ചിത്ര പാടുകയാണ് നമുക്ക് വേണ്ടി...

Full View

1963 ജൂലൈ 27ന് തിരുവനന്തപുരത്താണ് കേരളത്തിന്റെ വാനമ്പാടിയുടെ ജനനം. കുട്ടിയായിരിക്കുമ്പോഴെ സംഗീതം അഭ്യസിച്ചിട്ടുള്ള ചിത്രയുടെ സഹോദരിയും പാട്ടുകാരിയായിരുന്നു. സംഗീതത്തില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള ചിത്രയുടെ ഗുരു പ്രശസ്ത സംഗീതജ്ഞ ഡോ. കെ. ഓമനക്കുട്ടി ടീച്ചറായിരുന്നു. എം.ജി രാധാകൃഷ്ണനായിരുന്നു ചിത്രയെ സിനിമാ ലോകത്തേക്ക് എത്തിച്ചത്. പിന്നീട് മലയാള സിനിമാ മാത്രമല്ല, ദക്ഷിണേന്ത്യന്‍ സിനിമ മുഴുവന്‍ കേട്ടത് ചിത്രയുടെ ഈണങ്ങളായിരുന്നു. എസ്.ജാനകി, വാണി ജയറാം തുടങ്ങിയ അന്യഭാഷാ ഗായികമാര്‍ മലയാളത്തില് ആധിപത്യം സ്ഥാപിച്ചിരുന്ന കാലത്താണ് നമ്മുടെ സ്വന്തം ചിത്ര മലയാളത്തിലേക്കെത്തിയത്. ക്ലാസിക്കല്‍, മെലഡി അങ്ങിനെ ഏത് ശൈലിയിലുള്ള പാട്ടുകളുടെ ചിത്രയുടെ കൈകളില് ഭദ്രമായിരുന്നു.

Full View

1986ലാണ് ആദ്യത്തെ ദേശീയ പുരസ്കാരം ചിത്രയെ തേടിയെത്തിയത്. സിന്ധുഭൈരവി എന്ന തമിഴ് ചിത്രത്തിലെ പാടറിയേന്‍ എന്ന ഗാനത്തിനായിരുന്നു പുരസ്കാരം. പിന്നീട് അഞ്ച് തവണ മികച്ച ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ് ചിത്രക്ക് ലഭിച്ചു. 16 തവണ കേരള സര്‍ക്കാരിന്റെ പുരസ്കാരം, 9 പ്രാവശ്യം ആന്ധ്രാ സര്‍ക്കാരിന്റെ അവാര്‍ഡ്, 4 തവണ തമിഴ്നാട് ഗവണ്‍മെന്റിന്റെ പുരസ്കാരം, 3 തവണ കര്‍ണാടക സര്‍ക്കാരിന്റെ പുരസ്കാരം തുടങ്ങിയവ ചിത്ര എന്ന ഗായികയെ തേടിയെത്തി. പത്മശ്രീ പുരസ്കാരം നല്‍കി രാഷ്ട്രം ഈ അനുഗൃഹീത ഗായികയെ ആദരിച്ചിട്ടുണ്ട്.

Full View

രാജഹംസമേ, പാലപ്പൂവേ, അംഗോപാംഗം, ഒരു മുറൈ വന്ത് പാര്‍ത്തായാ, ഉണ്ണീ വാവാ വോ, വാര്‍മുകിലേ, പുലര്‍കാല സുന്ദര സ്വപ്നത്തില്‍, വരുവാനില്ലാരുമീ, ഒളിച്ചിരിക്കാന്‍ തുടങ്ങി എണ്ണിയാല്‍ തീരാത്ത ഗാനങ്ങള്‍ മലയാളത്തില്‍ ചിത്ര പാടി. കുഴലൂതും കണ്ണനുക്ക്, ഒവ്വര് പൂക്കളുമേ തുടങ്ങി ചിത്ര പാടിയ തമിഴ് ഗാനങ്ങള്‍ ഇപ്പോഴും ഹിറ്റാണ്. ബോളിവുഡിനേയും തന്റെ സ്വരമാധുരിയിലൂടെ ചിത്ര കയ്യിലെടുത്തു. ഈ ഭാഷകള്‍ കൂടാതെ ആസാമീസ്, ഉറുദു, സംസ്കൃതം, തുളു, പഞ്ചാബി, ബംഗാളി, ഒറിയ ഭാഷകളിലും ചിത്ര പാടിയിട്ടുണ്ട്. ചിന്നക്കുയില്‍ എന്നൊരു വിശേഷണവും ചിത്രക്കുണ്ട്.

Full View
Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News