അഗ്രഹാരത്തിലെ കഴുതൈ 'കഴുതപ്പട'മെന്ന് തമിഴ് സംവിധായകന്‍ ഭാരതിരാജ

Update: 2018-05-06 18:51 GMT
Editor : Jaisy
അഗ്രഹാരത്തിലെ കഴുതൈ 'കഴുതപ്പട'മെന്ന് തമിഴ് സംവിധായകന്‍ ഭാരതിരാജ
Advertising

തമിഴ് മാഗസിനായ ആനന്ദ വികടന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഭാരതിരാജ ജോണ്‍ എബ്രാഹാമിനെയും അദ്ദേഹത്തിന്റെ ക്ലാസിക് ചിത്രങ്ങളിലൊന്നായ അഗ്രഹാരത്തിലെ കഴുതയെയും അപമാനിച്ചത്

തമിഴ് സംവിധായകന്‍ ഭാരതിരാജയ്ക്ക് മലയാള സിനിമകളോടുള്ള കലിപ്പ് തീര്‍ന്നിട്ടില്ലെന്ന് തോന്നുന്നു. കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ ഭാരതിരാജ മലയാളത്തില്‍ മികച്ച ചിത്രങ്ങള്‍ ഉണ്ടാകുന്നില്ലെന്ന് വിഷമം പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെ മലയാള സിനിമയിലെ എക്കാലത്തെയും മികച്ച സംവിധായകനെന്ന് വിശേഷിപ്പിക്കുന്ന ജോണ്‍ എബ്രാഹാമിനെ അപമാനിക്കുന്ന തരത്തില്‍ പ്രസ്താവന ഇറക്കിയിരിക്കുകയാണ് ഭാരതിരാജ. തമിഴ് മാഗസിനായ ആനന്ദ വികടന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഭാരതിരാജ ജോണ്‍ എബ്രാഹാമിനെയും അദ്ദേഹത്തിന്റെ ക്ലാസിക് ചിത്രങ്ങളിലൊന്നായ അഗ്രഹാരത്തിലെ കഴുതയെയും അപമാനിച്ചത്.

'കഴുത' സിനിമ എന്നാണ് ജോണ്‍ എബ്രഹാം ചിത്രത്തെ ഭാരതി രാജ ആനന്ദ വികടനില്‍ നല്‍കിയ അഭിമുഖത്തില്‍ വിശേഷിപ്പിച്ചത്. പതിനാറ് വയിതിനിലേ എന്ന തന്റെ സിനിമയ്ക്ക് ദേശീയ പുരസ്‌കാരം നഷ്ടമായതിനെക്കുറിച്ച് പരാമര്‍ശിക്കവെ ആയിരുന്നു ഭാരതിരാജ ജോണിനെ പരിഹസിച്ചത്. 2013 ല്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറി ചെയര്‍മാനായിരുന്നു ഭാരതിരാജ. മത്സരത്തിനെത്തിയ 85 സിനിമകളില്‍ ഭൂരിഭാഗവും ജൂറി ചെയര്‍മാന്‍ ഭാരതിരാജ കണ്ടില്ലെന്ന വിവാദവും ഈ ഘട്ടത്തില്‍ ഉയര്‍ന്നിരുന്നു.

ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങളിലെ വിശ്വാസ്യതയില്ലായ്മ ചൂണ്ടിക്കാട്ടിയാണ് ഭാരതിരാജയുടെ വിമര്‍ശം. പതിനാറ് വയതിനിലേ എന്ന ചിത്രം പുറത്തിറങ്ങിയ സമയത്ത് ദേശീയ പുരസ്‌കാരം ലഭിച്ചത് അഗ്രഹാരത്തില്‍ കഴുതൈ എന്ന സിനിമയ്ക്കാണ്. ജൂറിയെ സ്വാധീനിച്ചാണ് ഈ സിനിമ അവാര്‍ഡ് നേടിയതെന്നാണ് ഭാരതിരാജയുടെ വിമര്‍ശം.

1977ലാണ് അഗ്രഹാരത്തിലെ കഴുതൈ പുറത്തിറങ്ങുന്നത്. മലയാളിയായ ജോണ്‍ തമിഴില്‍ ചിത്രം അംഗീകാരങ്ങള്‍ക്കൊപ്പം കടുത്ത വിമര്‍ശങ്ങളും ഏറ്റുവാങ്ങി. ഒരു കഴുത കേന്ദ്ര കഥാപാത്രമാകുന്ന ഈ ചിത്രം ബ്രാഹ്മണരുടെ അന്ധവിശ്വാസത്തെയും മതാന്ധതയേയും കടുത്ത ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുന്നു. ദേശീയപുരസ്കാരം നേടിയ ചിത്രമായിരുന്നിട്ടും ദൂരദർശൻ ഈ ചിത്രത്തിന്റെ പ്രക്ഷേപണം പിൻ‌വലിക്കാൻ നിർബന്ധിതമായി. തമിഴ് മാധ്യമങ്ങളും ഈ ചിത്രത്തെ അവഗണിക്കുകയായിരുന്നു. തമിഴ് ബ്രാഹ്മണർ ചിത്രത്തെ നിരോധിക്കാനുള്ള ശ്രമങ്ങൾ നടത്തുകയുണ്ടായി. പ്രഗല്ഭനായ മലയാളം ചലച്ചിത്രസംഗീതസംവിധായകൻ എം.ബി. ശ്രീനിവാസനായിരുന്നു ചിത്രത്തിലെ പ്രൊഫസർ നാരായണ സ്വാമിയായി അഭിനയിച്ചത്. 90 മിനുട്ടായിരുന്നു ചിത്രത്തിന്റെ ദൈര്‍ഘ്യം.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News