ബാഹുബലി 2 ഇഷ്ടപ്പെടാത്തവരെ മാനസികരോഗ വിദഗ്ദ്ധനെ കാണിക്കണമെന്ന് രാംഗോപാല്‍ വര്‍മ്മ

Update: 2018-05-26 17:53 GMT
Editor : Jaisy
ബാഹുബലി 2 ഇഷ്ടപ്പെടാത്തവരെ മാനസികരോഗ വിദഗ്ദ്ധനെ കാണിക്കണമെന്ന് രാംഗോപാല്‍ വര്‍മ്മ
Advertising

ഇവര്‍ക്കുള്ള ചികിത്സക്കുള്ള പണം ചിത്രത്തിന്റെ നിര്‍മ്മാതാവായ ശോഭു ഒരു സേവനമെന്ന രീതിയില്‍ മുടക്കണമെന്നും ആര്‍ജിവി ട്വിറ്ററില്‍ കുറിച്ചു

ബാഹുബലി 2 ഇഷ്ടപ്പെട്ടില്ലെങ്കില്‍ അവരെ മാനസികരോഗത്തിനുള്ള ചികിത്സക്ക് വിധേയമാക്കണമെന്ന് പ്രശസ്ത ബോളിവുഡ് സംവിധായകന്‍ രാംഗോപാല്‍ വര്‍മ്മ. ഇവര്‍ക്കുള്ള ചികിത്സക്കുള്ള പണം ചിത്രത്തിന്റെ നിര്‍മ്മാതാവായ ശോഭു ഒരു സേവനമെന്ന രീതിയില്‍ മുടക്കണമെന്നും ആര്‍ജിവി ട്വിറ്ററില്‍ കുറിച്ചു.

ബാഹുബലിയെ പ്രകീര്‍ത്തിച്ചുകൊണ്ടുളള വര്‍മ്മയുടെ ട്വീറ്റുകള്‍ ഇതിനോടകം തന്നെ വാര്‍ത്തയായിക്കഴിഞ്ഞു. തെന്നിന്ത്യന്‍ സിനിമയെ കാടടച്ച് വിമര്‍ശിക്കുന്നവര്‍ക്കുള്ള മറുപടി കൂടിയാണ് അദ്ദേഹത്തിന്റെ ട്വീറ്റുകള്‍. ബാഹുബലിയുടെ നിര്‍മ്മാതാവായ യാരല്‍ഗഡ ശോഭു ബാഹുബലി അമേരിക്കയില്‍ കൊടുങ്കാറ്റായി എന്ന് കുറിച്ചപ്പോള്‍ കൊടുങ്കാറ്റ് എന്ന് പറഞ്ഞ് ബിബി2വിനെ അധിക്ഷേപിക്കരുത് അതൊരു ടൈഫൂണ്‍ ആണെന്ന് രാം ഗോപാല്‍ വര്‍മ്മ പറഞ്ഞു.

ബാഹുബലി 2 കണ്ട് അസൂയ മൂലം ഞാന്‍ ആശുപത്രിയില്‍ അഡ്മിറ്റായി. മിക്ക സംവിധായകരും ചിത്രം കണ്ട് ഐസിയുവില്‍ കിടക്കാന്‍ സാധ്യതയുണ്ടെന്നുമാണ് വര്‍മ്മയുടെ മറ്റൊരു ട്വീറ്റ്. ഈദും ദീപാവലിയുമില്ല, സല്‍മാനും ആമിര്‍ഖാനമില്ല, ഒരു മൊഴിമാറ്റ ചിത്രം ചരിത്രം തിരുത്തിക്കുറിച്ചുവെന്നും ഇത് ബോളിവുഡിന് നല്ലൊരു അടിയാണെന്നും രാം ഗോപാല്‍ പറയുന്നു.

ബാഹുബലി 2 കഴിഞ്ഞ വെള്ളിയാഴ്ചയാണ് തിയറ്ററിലെത്തിയത്. ആദ്യദിവസം തന്നെ 121 കോടി കളക്ട് ചെയ്യാന്‍ ചിത്രത്തിന് സാധിച്ചു. പ്രഭാസ്, റാണാ ദഗുബതി, അനുഷ്ക ഷെട്ടി, രമ്യ കൃഷ്ണന്‍,തമന്ന, സത്യരാജ് എന്നിങ്ങനെ ഒരു വന്‍താര തന്നെയാണ് ചിത്രത്തില്‍ അണിനിരന്നത്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News