'ഇത് വെറും വാക്കല്ല, സത്യം'; സ്വയംഭൂ ടീസർ പുറത്ത്
തെലുങ്ക്, കന്നഡ, തമിഴ്, ഹിന്ദി, മലയാളം, ചൈനീസ്, സ്പാനിഷ്, അറബിക് ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തും
ഹൈദരാബാദ്: തെലുങ്ക് താരം നിഖിലിനെ നായകനാക്കി ഭരത് കൃഷ്ണമാചാരി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം "സ്വയംഭൂ" ടീസർ പുറത്ത്. നിഖിൽ ഒരു യോദ്ധാവായി വേഷമിടുന്ന ചിത്രം പിക്സൽ സ്റ്റുഡിയോസിന്റെ ബാനറിൽ ഭുവനും ശ്രീകറും ചേർന്നാണ് നിർമിക്കുന്നത്. ടാഗോർ മധുവാണ് ചിത്രം അവതരിപ്പിക്കുന്നത്. നിഖിലിൻ്റെ 20താമത്തെ ചിത്രമാണ് "സ്വയംഭൂ". ഒരു ഇതിഹാസ യുദ്ധകഥയുടെ സൂചന നൽകുന്ന ടീസർ, ചിത്രത്തിന്റെ അമ്പരപ്പിക്കുന്ന കാൻവാസും വെളിപ്പെടുത്തുന്നു.
985 എ.ഡിയുടെ പശ്ചാത്തലത്തിലൊരുങ്ങുന്ന യുദ്ധകഥയാണ് സ്വയംഭൂ. ആക്ഷൻ ഴോണറിലെത്തുന്ന ചിത്രത്തിന്റെ ടീസർ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മലയാളി താരം സംയുക്തയും നഭാ നടേഷും ആണ് ചിത്രത്തിലെ നായികമാർ. രവി ബസ്‌റൂർ ആണ് ചിത്രത്തിന്റെ സംഗീതമൊരുക്കിയിരിക്കുന്നത്. സെന്തിൽ കുമാറിന്റെ ദൃശ്യങ്ങളും, ടീസറിന്റെ മികവ് ഉയർത്തുന്നു. ഭരത് കൃഷ്ണമാചാരി തന്നെയാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. സമ്മർ റിലീസായി ചിത്രം എത്തും. തെലുങ്ക്, കന്നഡ, തമിഴ്, ഹിന്ദി, മലയാളം, ചൈനീസ്, സ്പാനിഷ്, അറബിക് ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തും.
ഛായാഗ്രഹണം- കെ. കെ. സെന്തിൽ കുമാർ, സംഗീതം- രവി ബസ്രൂർ, എഡിറ്റിങ് - തമ്മി രാജു , പ്രൊഡക്ഷൻ ഡിസൈനർസ്- എം. പ്രഭാകരൻ, രവീന്ദർ, സംഭാഷണം - വിജയ് കാമിസേട്ടി, ആക്ഷൻ - കിങ് സോളമൻ, സ്റ്റണ്ട് സിൽവ, വരികൾ - രാമജോഗയ്യ ശാസ്ത്രി, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ - ശബരി.