എംജിആറിന്റെ റിക്ഷാക്കാരന്‍ 45 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടുമെത്തുന്നു

Update: 2018-05-27 16:27 GMT
Editor : Jaisy
എംജിആറിന്റെ റിക്ഷാക്കാരന്‍ 45 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടുമെത്തുന്നു

എംജിആറിന്റെ കടുത്ത ആരാധകനായ കോവൈ സ്വദേശി കൃഷ്ണകുമാറാണ് ചിത്രം വീണ്ടും തിയറ്ററുകളിലെത്തിക്കുന്നത്

1971ല്‍ തമിഴകത്ത് തരംഗം സൃഷ്ടിച്ച എംജിആര്‍ ചിത്രം റിക്ഷാക്കാരന്‍ വീണ്ടും പ്രദര്‍ശനത്തിനെത്തുന്നു. എംജിആറിന്റെ കടുത്ത ആരാധകനായ കോവൈ സ്വദേശി കൃഷ്ണകുമാറാണ് ചിത്രം വീണ്ടും തിയറ്ററുകളിലെത്തിക്കുന്നത്. സെപ്തംബറില്‍ 100 കേന്ദ്രങ്ങളിലായി ചിത്രം പ്രദര്‍ശിപ്പിക്കുമെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു.

ചെറുപ്പകാലം തൊട്ടേ അദ്ദേഹത്തിന്റെ കടുത്ത ആരാധകനാണ് ഞാന്‍. എംജിആറാണ് തമിഴകത്തെ ഏക സൂപ്പര്‍സ്റ്റാര്‍. ഒരിക്കല്‍ പോലും അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ഞാന്‍ കാണാതിരുന്നിട്ടില്ല. ഒരു ബിസിനസ് കുടുംബത്തില്‍ വരുന്ന താന്‍ എംജിആറിനോടുള്ള കടുത്ത ആരാധന മൂലമാണ് സിനിമ വീണ്ടും പ്രദര്‍ശനത്തിനെത്തിക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 45 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചിത്രം റിലീസ് ചെയ്ത ചെന്നൈയിലെ ദേവി പാരഡൈസില്‍ ആഗസ്ത് 21ന് റിക്ഷാക്കാരന്റെ ട്രയിലര്‍ റിലീസ് ചെയ്യും.

Advertising
Advertising

എം. കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത റിക്ഷാക്കാരന്‍ എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്നതായിരുന്നു. മഞ്ജുള എന്ന നടിയുടെ നായികയായുള്ള അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു റിക്ഷാക്കാരന്‍. മിലിട്ടറി എക്സ് ഓഫീസറും റിക്ഷാക്കാരനുമായ ശെല്‍വം എന്ന കഥാപാത്രത്തെയാണ് എംജിആര്‍ അവതരിപ്പിച്ചത്. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡും എംജിആറിന് നേടിക്കൊടുത്തു. എംഎസ് വിശ്വനാഥന്‍ ഈണമിട്ട ചിത്രത്തിലെ ഗാനങ്ങളും ഏറെ ജനപ്രീതി നേടി. സത്യം മൂവീസിന്റെ ബാനറില്‍ ആര്‍എം വീരപ്പനായിരുന്നു ചിത്രം നിര്‍മ്മിച്ചത്.

രണ്ട് വര്‍ഷം മുന്‍പ് എംജിആറിന്റെ ആയിരത്തില്‍ ഒരുവന്‍ എന്ന ചിത്രവും വീണ്ടും പ്രദര്‍ശിപ്പിച്ചിരുന്നു. 175 ദിവസമാണ് ചിത്രം ഓടിയത്. ശിവാജി ഗണേശന്‍ നായകനായ പുരാണ സിനിമ കര്‍ണന്റെ ഡിജിറ്റല്‍ പതിപ്പും ഇത്തരത്തില്‍ പ്രദര്‍ശനത്തിനെത്തിയിട്ടുണ്ട്. 2012ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം 100 ദിവസം ഓടി.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News