ദിലീപ് എന്ന കൗശലക്കാരന്‍; ഗോപാലകൃഷ്ണനില്‍ നിന്ന് ദിലീപ് ആയതിങ്ങനെ...

Update: 2018-06-05 06:28 GMT
Editor : Alwyn K Jose
ദിലീപ് എന്ന കൗശലക്കാരന്‍; ഗോപാലകൃഷ്ണനില്‍ നിന്ന് ദിലീപ് ആയതിങ്ങനെ...

നടനൊപ്പം നിര്‍മാതാവും ഒരു ബിസിനസുകാരനുമായി അതിവേഗം മാറി ദീലീപ്.

മിമിക്രിയില്‍ നിന്ന് ജനപ്രിയ നായകനിലേക്കുള്ള ദിലീപിന്റെ വളര്‍ച്ച പടിപടിയായാരുന്നു. നടനൊപ്പം നിര്‍മാതാവും ഒരു ബിസിനസുകാരനുമായി അതിവേഗം മാറി ദീലീപ്.

ആലുവയിലെ ഒരു സാധാരണ കുടുംബത്തില്‍ പിറന്ന ഗോപാലകൃഷ്ണന്‍ എന്ന ദിലീപ് മിമിക്രിയിലൂടെയാണ് മലയാള സിനിമയിലേക്കെത്തുന്നത്. മിമിക്രി താരങ്ങളായ അബിയും നാദിര്‍ഷയുമായി ചേര്‍ന്ന് ഇറക്കിയ ദേ മാവേലി സൂപ്പര്‍ഹിറ്റായതോടെ മിമിക്രി വേദികളില്‍ തിരക്കേറിയ താരമായി. പൂക്കാലം വരവായ് എന്ന ചിത്രത്തില്‍ കമലിന്റെ അസിസ്റ്റന്റായി സിനിമയിലെത്തി. പിന്നീട് അഭിനയരംഗത്തേക്ക്.

Advertising
Advertising

മാനത്തെകൊട്ടാരം, സൈന്യം, പിടക്കോഴി കൂവുന്ന നൂറ്റാണ്ട് തുടങ്ങിയ സിനിമകളില്‍ അത്ര ചെറുതല്ലാത്ത വേഷങ്ങള്‍ ചെയ്തു. ഏഴരക്കൂട്ടത്തിലൂടെ നായകനായി. മഞ്ജു വാര്യര്‍ക്കൊപ്പം അഭിനയിച്ച സല്ലാപം സൂപ്പര്‍ഹിറ്റായതോടെ നായകനെന്ന നിലയില്‍ ദിലീപ് ശ്രദ്ധിക്കപ്പെട്ടു. മഞ്ജുവിനൊപ്പമുള്ള ഈ പുഴയും കടന്ന്, കുടമാറ്റം എന്നിവയും വമ്പന്‍ ഹിറ്റായതോടെ മലയാളികളുടെ ഇഷ്ടനായകനായി. പിന്നീട് മഞ്ജു ജീവിതത്തിലും നായികയായി. മീശമാധവനിലൂടെ ജനപ്രിയ നായകന്‍ എന്ന ലേബല്‍ സ്വന്തമാക്കിയ ദിലീപിന് പിന്നെ തിരഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

ഇതിനിടെ സംസ്ഥാന അവാര്‍ഡ് ഉള്‍പ്പെടെയുള്ള അംഗീകാരങ്ങളും. ഒരു ഘട്ടത്തില്‍ പ്രതിഫലക്കാര്യത്തിലും മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒപ്പമെത്തി ദിലീപ്. സാമ്പത്തികമായി നേട്ടം കൈവരിച്ചതോടെ സിഐഡി മൂസയിലൂടെ സിനിമാ നിര്‍മ്മാണം രംഗത്തേക്കും കടന്നു. ചലച്ചിത്ര താരമായ അമ്മക്ക് ഫണ്ട് കണ്ടെത്താന്‍ വേണ്ടി പ്രമുഖ താരങ്ങളെ അണി നിരത്തി ട്വന്റി ട്വന്റി എന്ന ചിത്രം നിര്‍മ്മിച്ചതോടെ അമ്മയിലും ചോദ്യം ചെയ്യപ്പെടാത്ത ശക്തിയായി ദിലീപ് മാറി. ട്രെഷറര്‍ എന്ന പദവിക്കപ്പുറം അമ്മയുടെ ഭരണചക്രം തിരിക്കുന്നതിന് പിന്നിലെ നിര്‍ണായക ശക്തിയായി.

പിന്നീട് ബിസിനസ് റിയല്‍ എസ്റ്റേറ്റ് മേഖലയിലിലും ഒരു കൈ നോക്കി. എറണാകുളത്തും കോഴിക്കോടും ദേ പുട്ട് എന്ന പേരില്‍ റെസ്റ്റോറന്റും ചാലക്കുടിയില്‍ ഡി സിനിമ മള്‍ട്ടിപ്ലക്സ് തിയറ്ററും തുടങ്ങി. ഇതിനിടക്ക് മഞ്ജുവുമായുള്ള വിവാഹമോചനവും കാവ്യയുമായുള്ള വിവാഹവുമെല്ലാം വലിയ ചര്‍ച്ചയായി. ഒടുവില്‍ നടിയെ ആക്രമിച്ചുവെന്ന കേസില്‍ അറസ്റ്റ്.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News