പ്രതിഫലത്തില്‍ വംശീയ വിവേചനം; സുഡാനിയുടെ നിര്‍മാതാക്കള്‍ക്കെതിരെ സാമുവല്‍

Update: 2018-06-06 05:33 GMT
Editor : Sithara
പ്രതിഫലത്തില്‍ വംശീയ വിവേചനം; സുഡാനിയുടെ നിര്‍മാതാക്കള്‍ക്കെതിരെ സാമുവല്‍
Advertising

സുഡാനി ഫ്രം നൈജീരിയയുടെ പ്രൊഡ്യൂസര്‍മാരില്‍ നിന്ന് വംശീയ വിവേചനം നേരിടേണ്ടി വന്നുവെന്ന് സിനിമയിലെ നായകൻ സാമുവൽ അബിയോള റോബിൻസൺ.

സുഡാനി ഫ്രം നൈജീരിയയുടെ പ്രൊഡ്യൂസര്‍മാരില്‍ നിന്ന് വംശീയ വിവേചനം നേരിടേണ്ടി വന്നുവെന്ന് സിനിമയിലെ നായകൻ സാമുവൽ അബിയോള റോബിൻസൺ. തുച്ഛമായ പ്രതിഫലമാണ് സിനിമയിലെ അഭിനയത്തിന് ലഭിച്ചത്. സിനിമ വിജയമായാൽ കൂടുതൽ പണം നൽകാമെന്ന വാഗ്ദാനം നിർമാതാക്കൾ പാലിച്ചില്ലെന്നും സാമുവൽ ആരോപിച്ചു.

പ്രേക്ഷക പ്രീതിയും നിരൂപക പ്രശംസയും നേടി സുഡാനി ഫ്രം നൈജീരിയ പ്രദർശനം തുടരുന്നതിനിടെയാണ് സാമുവലിന്‍റെ വെളിപ്പെടുത്തൽ. കേരളത്തിലെ നിർമാതാക്കളിൽ നിന്നും കറുത്തവനായതിന്‍റെ പേരിൽ വിവേചനം നേരിടേണ്ടി വന്നു എന്ന് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ച കുറിപ്പിൽ സാമുവൽ പറയുന്നു. കറുത്ത വർഗക്കാരനായ മറ്റൊരു നടൻ ഇത് അനുഭവിക്കരുത് എന്നുള്ളതുകൊണ്ടാണ് ഇപ്പോൾ ഈ തുറന്നു പറച്ചിൽ. ഇന്ത്യയിലെ മറ്റു നടന്മാരെ അപേക്ഷിച്ച് തുച്ഛമായ പ്രതിഫലമാണ് സുഡാനി ഫ്രം നൈജീരിയയിലെ അഭിനയത്തിന് ലഭിച്ചത്. മറ്റ് യുവനടന്മാരെ കണ്ട് പ്രതിഫലത്തുകയെ കുറിച്ച് ഇക്കാര്യം സംസാരിച്ചപ്പോഴാണ് വിവേചനം മനസ്സിലായതെന്നും സാമുവൽ പറയുന്നു.

കറുത്ത വർഗക്കാരനായതുകൊണ്ടും ആഫ്രിക്കൻ വംശജന് പണത്തിന്റെ മൂല്യം അറിയില്ല എന്ന തെറ്റിദ്ധാരണ കൊണ്ടുമാണ് ഈ വിവേചനം എന്നാണ് മനസ്സിലാക്കുന്നത്. സംവിധായകൻ സക്കരിയ തന്നെ സഹായിക്കാൻ പരമാവധി ശ്രമിച്ചെങ്കിലും നടന്നില്ല. സിനിമ സാമ്പത്തിക വിജയം നേടിയാൽ പ്രതിഫലം കൂട്ടി നൽകാമെന്നായിരുന്നു നിർമാതാക്കളുടെ വാഗ്ദാനം. നൈജീരിയയിൽ തിരിച്ചെത്തിയിട്ടും ആ വാഗ്ദാനം പാലിച്ചില്ല. സിനിമ പൂർത്തിയാക്കാനും പ്രചാരണത്തിനും തന്നെ ഉപയോഗിക്കാനുള്ള തന്ത്രം ആയിരുന്നു ഇതെന്നാണ് മനസ്സിലാക്കുന്നതെന്നും സാമുവല്‍ പറഞ്ഞു. പ്രേക്ഷകരുടെ സ്നേഹത്തിന് നന്ദി പറഞ്ഞു കൊണ്ടാണ് സാമുവൽ കുറിപ്പ് അവസാനിപ്പിച്ചത്.

കേരളത്തില്‍ വംശീയ വിവേചനം നേരിടേണ്ടിവന്നുവെന്നാണ് സാമുവല്‍ ആദ്യ കുറിപ്പില്‍ പറഞ്ഞത്. എന്നാല്‍ താന്‍ ഉദ്ദേശിച്ചത് കേരളത്തിലെ ജനങ്ങള്‍ തന്നോട് വംശീയ വിവേചനം കാണിച്ചു എന്നല്ലെന്നും പ്രതിഫലക്കാര്യത്തില്‍ വംശീയ വിവേചനം നേരിടേണ്ടിവന്നുവെന്നാണെന്നും സാമുവല്‍ അടുത്ത കുറിപ്പില്‍ വ്യക്തമാക്കി. കേരള സംസ്കാരവും ഇവിടത്തെ താമസവും ബിരിയാണിയും ഏറെ ഇഷ്ടപ്പെട്ടെന്നും സാമുവല്‍ പറഞ്ഞു.

Full ViewFull View
Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News