വിവാദങ്ങള്‍ക്കിടെ ചലച്ചിത്ര പുരസ്കാര വിതരണം നാളെ
നിശാഗന്ധിയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവാര്‍ഡുകള്‍ സമ്മാനിക്കും. നടന്‍ മോഹന്‍ലാല്‍ മുഖ്യാതിഥിയാകും
വിവാദങ്ങള്‍ക്കിടയില്‍ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ നാളെ തിരുവനന്തപുരത്ത് വിതരണം ചെയ്യും. നിശാഗന്ധിയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവാര്‍ഡുകള്‍ സമ്മാനിക്കും. നടന്‍ മോഹന്‍ലാല്‍ മുഖ്യാതിഥിയാകും. ഗാനയമുന എന്ന സംഗീത പരിപാടിയും ഒരുക്കിയിട്ടുണ്ട്.
മോഹന്‍ലാലിനെ അവാര്‍ഡ് വിതരണ ചടങ്ങില്‍ മുഖ്യാതിഥിയാക്കിയതിലുള്ള പ്രതിഷേധം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. തീരുമാനത്തില്‍ പ്രതിഷേധിച്ച് ജൂറി അംഗം ഡോ. ബിജു ചടങ്ങ് ബഹിഷ്കരിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ചലച്ചിത്ര അക്കാദമി ജനറല്‍ കൌണ്‍സില്‍ അംഗം സി എസ് വെങ്കിടേശ്വരന്‍ പ്രതിഷേധസൂചകമായി രാജിവെച്ചു. ഈ വിവാദങ്ങള്‍ക്കിടയിലും അവാര്‍ഡ് വിതരണ ചടങ്ങ് വര്‍ണാഭമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
മലയാള സിനിമക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് സംസ്ഥാന സര്‍ക്കാരിന്‍റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമായ ജെ.സി. ഡാനിയല്‍ അവാര്‍ഡ് ശ്രീകുമാരന്‍ തമ്പിക്ക് സമ്മാനിക്കും. മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട ഒറ്റമുറിവെളിച്ചത്തിന്‍റെ സംവിധായകനും നിര്‍മാതാവുമായ രാഹുല്‍ റിജി നായര്‍, രണ്ടാമത്തെ ചിത്രമായ ഏദന്റെ സംവിധായകന്‍ സഞ്ജു സുരേന്ദ്രന്‍, നിര്‍മ്മാതാവ് മുരളി മാട്ടുമ്മല്‍, മികച്ച സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി, മികച്ച നടന്‍ ഇന്ദ്രന്‍സ്, മികച്ച നടി പാര്‍വതി, തിരക്കഥാകൃത്ത് സജീവ് പാഴൂര്‍, സംഗീത സംവിധായകന്‍ എം.കെ. അര്‍ജുന്‍ തുടങ്ങി അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരുമായ 43 പേര്‍ നാളെ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങും.
അവാര്‍ഡ് വിതരണ ചടങ്ങിന് ശേഷം ശ്രീകുമാരന്‍ തമ്പിയുടെയും എം.കെ അര്‍ജുന്‍ മാസ്റ്ററുടെയും ഗാനങ്ങള്‍ കോര്‍ത്തിണക്കി പ്രശസ്ത പിന്നണി ഗായകര്‍ ഒരുക്കുന്ന സംഗീത പരിപാടിയുമുണ്ട്.