ഒടിയൻ തീയറ്ററുകളിലെത്തി
വി.എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ചിത്രം ആദ്യദിനം തന്നെ കളക്ഷനിൽ റെക്കോർഡിടും എന്നാണ് കരുതപ്പെടുന്നത്
മോഹൻലാലിന്റെ ബ്രഹ്മാണ്ഡചിത്രം ഒടിയൻ തീയറ്ററുകളിലെത്തി. പുലർച്ചെയുള്ള ഫാൻസ് ഷോയോടെയാണ് സിനിമ പ്രദർശനം തുടങ്ങിയത്. വി.എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ചിത്രം ആദ്യദിനം തന്നെ കളക്ഷനിൽ റെക്കോർഡിടും എന്നാണ് കരുതപ്പെടുന്നത്.
മലയാളത്തിൽ ഇറങ്ങിയതിൽ വച്ച് ഏറ്റവും ബിഗ് ബജറ്റ് ചിത്രമെന്ന ഖ്യാതിയുമായാണ് ഒടിയൻ എത്തിയത്. ഏത് ജീവിയായും മാറാൻ കഴിവുള്ള ഒടിയൻ മാണിക്യനെക്കുറിച്ചും അയാളുടെ ഒടിവിദ്യകളും നിറഞ്ഞതാണ് സിനിമ. സിനിമയിൽ മുപ്പത്തിയഞ്ചുകാരനാനായ മാണിക്യനെ അവതരിപ്പിക്കാൻ പതിനെട്ട് കിലോ ഭാരമാണ് മോഹൻലാൽ കുറച്ചത്.
മോഹൻലാലിനൊപ്പം ശക്തമായ കഥാപാത്രവുമായി പ്രകാശ് രാജും മഞ്ജു വാര്യരും. പ്രശസ്ത പരസ്യ സംവിധായകൻ വി എ ശ്രീകുമാർ മേനോന്റെ ആദ്യ ചിത്രം. എം ജയചന്ദ്രന്റെ സംഗീതവും സാം സി എസിന്റെ പശ്ചാത്തല സംഗീതവും ഷാജികുമാറിന്റെ ഛായഗ്രഹണ മികവും. ലോകമെമ്പാടുമായി മൂവായിരത്തി ഇരുന്നൂറ് സ്ക്രീനുകളിലാണ് ആദ്യദിവസത്തെ പ്രദർശനം. വിതരണം, തീയറ്റർ, സാറ്റലൈറ്റ് അവകാശങ്ങൾ വിറ്റ് ഇതിനോടകം തന്നെ 100 കോടി സ്വന്തമാക്കിക്കഴിഞ്ഞു ചിത്രം. സാങ്കേതികത്തികവിലും വിപണി മൂല്യത്തിലും മലയാളസിനിമയെ പുതിയ തലങ്ങളിലേക്ക് എത്തിക്കുന്നതാകും ഒടിയനെന്ന് പ്രതീക്ഷിക്കാം.