മരടിലെ പൊളിക്കല്‍ രംഗങ്ങള്‍ ചിത്രീകരിച്ച് സിനിമാക്കാരും; പുറത്തുവരുന്നത് ഡോക്യുമെന്ററിയും രണ്ട് സിനിമകളും

Update: 2020-01-12 16:30 GMT
Advertising

മരടിലെ ഫ്ലാറ്റുകള്‍ സ്ഫോടനത്തിലൂടെ തകര്‍ക്കുന്നത് ഒപ്പിയെടുക്കാന്‍ മാധ്യമങ്ങള്‍ക്ക് പുറമെ സിനിമാക്കാരും. മാധ്യമങ്ങള്‍ പ്രദേശത്ത് തമ്പടിച്ച് ക്യാമറകണ്ണിലൂടെ ജനങ്ങളിലേക്ക് ദൃശ്യങ്ങളെത്തിക്കുമ്പോഴാണ് ഫ്ലാറ്റിന്റെ പതനം ക്യാമറയിലൂടെ പ്രേക്ഷകരിലേക്കെത്തിക്കാന്‍ സിനിമാക്കാര്‍ സജ്ജീകരണങ്ങള്‍ ഒരുക്കിയത്. നിലവില്‍ മരടിലെ ഫ്ലാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട് രണ്ട് സിനിമകളും ഒരു ഡോക്യുമെന്ററിയുമാണ് പുറത്തുവരാനിരിക്കുന്നത്. ഫ്ലാറ്റിലെ താമസക്കാരായിരുന്ന ബ്ലെസിയും മേജര്‍ രവിയുമടക്കമുള്ള സിനിമാക്കാരാണ് തങ്ങള്‍കൂടി താമസിച്ചിരുന്ന ഫ്ലാറ്റിന്റെ പതനം സിനിമയും ഡോക്യുമെന്ററിയുമാക്കാന്‍ ഒരുങ്ങുന്നത്.

ബ്ലെസി മരട് വിഷയത്തില്‍ ഡോക്യുമെന്ററി ഒരുക്കുമ്പോള്‍ മേജര്‍ രവി വിഷയത്തിലെ യഥാര്‍ത്ഥ കുറ്റവാളികളെ തുറന്നുകാട്ടി സിനിമ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ്. സംവിധായകനായ കണ്ണന്‍ താമരക്കുളവും മരട് വിഷയത്തില്‍ നേരത്തെ സിനിമ പ്രഖ്യാപിച്ചിരുന്നു. ’മരട് 357’ എന്ന് പേരിട്ട സിനിമക്കായി ഫ്ലാറ്റ് പൊളിക്കുന്നതിന് മുന്നോടിയായിട്ടുള്ള ഒരുക്കങ്ങള്‍ ചിത്രീകരിക്കാന്‍ ശ്രമിച്ചെങ്കിലും ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചതായി സംവിധായകന്‍ കണ്ണന്‍ താമരക്കുളം പറഞ്ഞു. ദിനേശ് പള്ളത്തിന്റെ തിരക്കഥയിലൊരുങ്ങുന്ന സിനിമ വരുന്ന മാര്‍ച്ചില്‍ തിയേറ്ററുകളിലെത്തും.

സംവിധായകന്‍ ബ്ലെസി മരട് വിഷയത്തിന്റെ യാഥാര്‍ത്ഥ്യം വെളിവാക്കുന്ന ഡോക്യുമെന്ററി നിര്‍മിക്കാനായി നേരത്തെ തന്നെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. മരടിലെ എച്ച്.ടു.ഒ ഫ്ലാറ്റിലെ പതിനൊന്നാം നിലയിലെ താമസക്കാരനായിരുന്ന ബ്ലെസി നിലവില്‍ മരടിനടുത്തുള്ള വാടക വീട്ടിലാണ് താമസിക്കുന്നത്.

മരടില്‍ സ്ഫോടനത്തിലൂടെ തകര്‍ത്ത ഫ്ലാറ്റുകളില്‍ മലയാള സിനിമയില്‍ നിന്നുള്ള നിരവധി പേര്‍ താമസിച്ചിരുന്നു. നടന്‍ സൌബിന്‍ ഷാഹിര്‍, ഛായാഗ്രഹകന്‍ ജോമോന്‍ ടി ജോണ്‍, സംവിധായകന്‍ അമല്‍ നീരദ് എന്നിവര്‍ മരടിലെ എച്ച്.ടു.ഒ ഫ്ലാറ്റിലെ താമസക്കാരിയിരുന്നു. ഇവര്‍ക്ക് പുറമെ നിരവധി പ്രമുഖരും മരടിലെ പൊളിക്കപ്പെട്ട ഫ്ലാറ്റുകളില്‍ താമസിച്ചിരുന്നു.

Tags:    

Similar News