20 കൊലകള്‍ നടത്തി ഞെട്ടിച്ച സീരിയല്‍ കില്ലര്‍ സയനൈഡ് മോഹന്‍റെ ജീവിതം സിനിമയാകുന്നു

ദേശീയ അവാര്‍ഡ് ജേതാവായ രാജേഷ് ടച്ച്റിവര്‍ ആണ് സയനൈഡ് മോഹനന്‍റെ ജീവിതം വെള്ളിത്തിരയിലേക്ക് പകര്‍ത്തുന്നത്.

Update: 2020-06-28 15:56 GMT
Advertising

ഏറെ കുപ്രസിദ്ധി നേടിയ കൊലപാതക ചരിത്രമാണ് സയനൈഡ് മോഹനുള്ളത്. ഇരുപത് പ്രായപൂര്‍ത്തിയായ വിവാഹം കഴിക്കാത്ത യുവതികളെ കൊലപ്പെടുത്തിയ സയനൈഡ് മോഹന്‍ 32 കൊലപാതകങ്ങള്‍ ആകെ നടത്തിയതായാണ് പൊലീസ് റിപ്പോര്‍ട്ട്. 2003 മുതല്‍ 2009 വരെ 20 സ്‍ത്രീകളെ മോഹൻകുമാര്‍ കൊന്നുവെന്ന് കേസുണ്ടായിരുന്നു. ആറ് കേസുകളില്‍ വധശിക്ഷയും പത്ത് കേസുകളില്‍ ജീവപര്യന്തവും മറ്റ് കേസുകളില്‍ കുറ്റവിമുക്തനാക്കപ്പെടുകയും ചെയ്‍ത സയനൈഡ് മോഹനന്‍റെ ജീവിതം വെള്ളിത്തിരയിലെത്തുന്നു. ദേശീയ അവാര്‍ഡ് ജേതാവായ രാജേഷ് ടച്ച്റിവര്‍ ആണ് സയനൈഡ് മോഹനന്‍റെ ജീവിതം വെള്ളിത്തിരയിലേക്ക് പകര്‍ത്തുന്നത്. താരങ്ങളെ പ്രഖ്യാപിച്ചിട്ടില്ലാത്ത സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചു. തെന്നിന്ത്യയിലെ പ്രമുഖ താരങ്ങള്‍ ഈ സിനിമയുടെ ഭാഗമാകുമെന്നാണ് സൂചനകള്‍.

സാമ്പത്തികമായി താഴെ നില്‍ക്കുന്ന കുടുംബങ്ങളിലെയോ വിവാഹപ്രായം കഴിഞ്ഞുനില്‍ക്കുന്നതോ ആയ സ്ത്രീകളെ പ്രണയം നടിച്ച് പരിചയപ്പെട്ടതിന് ശേഷം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതാണ് സയനൈഡ് മോഹന്‍റെ രീതി. തുടര്‍ന്ന് വിനോദയാത്രക്കായി ഇറങ്ങും. ഗര്‍ഭം ധരിക്കാന്‍ സാധ്യത ഉണ്ടെന്ന് അവരെ വിശ്വസിപ്പിച്ച് ഗര്‍ഭ നിരോധന ഗുളികകളില്‍ സയനൈഡ് പുരട്ടി നല്‍കിയാണ് മോഹന്‍ കൊല നടത്തുക. 2003-2009 കാലയളവില്‍ നാലു മലയാളികളടക്കം ഇരുപതോളം യുവതികളെയാണ് സയനൈഡ് നല്‍കി അതിക്രൂരമായി കൊന്നത്.

രാജേഷ് ടച്ച്‍റിവര്‍ തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രം ബംഗളൂരു, മംഗളൂരു, കൂര്‍ഗ്, മഡിക്കേരി, ഗോവ, കാസര്‍കോട് എന്നിവിടങ്ങളിലായിരിക്കും ചിത്രീകരണം. കമല്‍ ഹാസന്‍ നായകനായ ഉത്തമവില്ലന്‍, വിശ്വരൂപം എന്നീ ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച സാദത്ത് സൈനുദ്ദീന്‍ ആണ് ഈ ചിത്രത്തിന്‍റെയും ഛായാഗ്രാഹകൻ. പത്മശ്രീ സുനിത കൃഷ്‍ണനാണ് ചിത്രത്തിന്‍റെ ഉള്ളടക്ക ഉപദേഷ്‍ടാവ്. ജോര്‍ജ് ജോസഫാണ് സംഗീത സംവിധാനം. കോവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ തീരുന്ന മുറക്ക് ചിത്രത്തിന്‍റെ ചിത്രീകരണം ആരംഭിക്കും. പ്രവാസിയായ പ്രദീപ് നാരായണന്‍ നിര്‍മ്മിക്കുന്ന ചിത്രം മിഡില്‍ ഈസ്റ്റ് സിനിമ പ്രൈവറ്റ് ലിമിറ്റഡാണ് പുറത്തിറക്കുക. തെലുഗു, മലയാളം, ഹിന്ദി ഭാഷകളിലായിരിക്കും ചിത്രം പുറത്തിറങ്ങുക.

Tags:    

Similar News