നടി ആശാലത കോവിഡ് ബാധിച്ച് മരിച്ചു

മഹാരാഷ്ട്രയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

Update: 2020-09-22 10:51 GMT
Advertising

മുതിർന്ന സിനിമാ, സീരിയല്‍ താരം ആശാലത വാബ്‍ഗോങ്കര്‍ കോവിഡ് ബാധിച്ച് അന്തരിച്ചു. 79 വയസ്സായിരുന്നു. മഹാരാഷ്ട്രയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ഒരു മറാത്തി സീരിയലിന്റെ ചിത്രീകരണത്തിനിടെയാണ് ആശാലത രോഗബാധിതയായത്. കടുത്ത പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിക്കുകയായിരുന്നു. പിന്നീട് കോവി‍ഡ് സ്ഥിരീകരിച്ചു. എയ് കലുബെ എന്ന സീരിയലിലെ 20 അണിയറ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.

ഹിന്ദി, മറാത്തി ഭാഷകളിലായി നൂറിലധികം സിനിമകളിൽ ആശാലത അഭിനയിച്ചു. നാടകങ്ങളില്‍ നിന്നാണ് സിനിമയിലെത്തിയത്. ബസു ചാറ്റര്‍ജിയുടെ സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം. അങ്കുഷ്, അഹിസ്ത അഹിസ്ത, ഷൌകീന്‍, വോ സാത്ത് ദിൻ, നമക് ഹലാൽ തുടങ്ങിയവയാണ് ആശലത അഭിനയിച്ച പ്രധാന ബോളിവുഡ് ചിത്രങ്ങൾ. വഹിനിചി മായ, അംബർത, നവ്രി മൈൽ നവരൈല തുടങ്ങിയവയാണ് പ്രധാനപ്പെട്ട മറാത്തി ചിത്രങ്ങള്‍.

ആശാലതയുടെ നിര്യാണത്തിൽ ലതാ മങ്കേഷ്കര്‍, ശബാന ആസ്മി, രേണുക ഷഹാനെ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. ആശാലതയുടെ മരണ വാര്‍ത്ത ഏറെ സങ്കടപ്പെടുത്തിയെന്നാണ് ലത മങ്കേഷ്കര്‍ ട്വീറ്റ് ചെയ്തത്. അവരുമായി നല്ല ബന്ധമുണ്ടായിരുന്നുവെന്നും ആത്മാവിന് ശാന്തി ലഭിക്കട്ടെയെന്നും ലത മങ്കേഷ്കര്‍ പറഞ്ഞു.

Tags:    

Similar News