ഇടവേള ബാബു 'നാണമില്ലാത്ത വിഡ്ഢി, അമ്മയില്‍ നിന്നും രാജി വെക്കുന്നു’; പാര്‍വതി തിരുവോത്ത്

അതിപ്പോള്‍ മരിച്ചവരെ തിരിച്ചുകൊണ്ടുവരാന്‍ കഴിയില്ലല്ലോയെന്നും അതുപോലെയാണ് ഇതെന്നും ഇടവേള ബാബു പറഞ്ഞു

Update: 2020-10-12 13:10 GMT
Advertising

താരസംഘടന അമ്മയില്‍ നിന്നും രാജിവെക്കുന്നുവെന്ന് നടി പാര്‍വ്വതി തിരുവോത്ത്. ഫേസ്ബുക്കിലൂടെയാണ് താരത്തിന്റെ പ്രതികരണം. നടി ഭാവനയെക്കുറിച്ചുള്ള അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ പ്രതികരണത്തില്‍ പ്രതിഷേധിച്ചാണ് രാജി. ഒരു വീഡ്ഡിയെ കാണൂ, ഓക്കാനമുണ്ടാക്കുന്നു, നാണം കെട്ട പരാമര്‍ശം എന്ന തലക്കെട്ടോടെ അമ്മ ജനറല്‍ സെക്രട്ടറി കൂടിയായ ഇടവേള ബാബുവിന്റെ ഒരു ചാനലില്‍ പ്രതികരണം നേരത്തെ പാര്‍വതി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു.

അമ്മയ്ക്ക് വേണ്ടി ദിലീപ് നിര്‍മ്മിച്ച ട്വന്റി 20യില്‍ പ്രധാന വേഷത്തില്‍ ഭാവനയുണ്ടായിരുന്നു. ഇപ്പോള്‍ ഭാവന അമ്മയില്‍ ഇല്ല, ഇത്ര മാത്രമേ എനിക്ക് ഇപ്പോള്‍ പറയാന്‍ കഴിയുകയുള്ളു. കഴിഞ്ഞ ട്വന്റി 20യില്‍ നല്ല റോള്‍ ഭാവന ചെയ്തിരുന്നല്ലോ എന്ന ചോദ്യത്തിന് അതിപ്പോള്‍ മരിച്ചവരെ തിരിച്ചുകൊണ്ടുവരാന്‍ കഴിയില്ലല്ലോയെന്നും അതുപോലെയാണ് ഇതെന്നും ഇടവേള ബാബു പറഞ്ഞു.

പാര്‍വ്വതി തിരുവോത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

2018 ൽ എന്റെ സുഹൃത്തുക്കൾ A.M.M.A-യിൽ നിന്ന് പിരിഞ്ഞു പോയപ്പോൾ ഞാൻ സംഘടനയിൽ തന്നെ തുടർന്നത് തകർന്നുകൊണ്ടിരിക്കുന്ന സിസ്റ്റത്തിനകത്തു നിന്ന് കൊണ്ട് അതിനെ നവീകരിക്കാൻ കുറച്ചു പേരെങ്കിലും വേണം എന്നു തോന്നിയതു കൊണ്ടാണ്. പക്ഷെ A.M.M.A ജനറൽസെക്രട്ടറി ഇടവേള ബാബുവിന്റെ അഭിമുഖം കണ്ടതിനു ശേഷം, സംഘടനയിൽ എന്തെങ്കിലും ഒരു മാറ്റം ഉണ്ടാകും എന്ന പ്രതീക്ഷ ഞാൻ ഉപേക്ഷിക്കുന്നു.

2018 ൽ എന്റെ സുഹൃത്തുക്കൾ A.M.M.A-യിൽ നിന്ന് പിരിഞ്ഞു പോയപ്പോൾ ഞാൻ സംഘടനയിൽ തന്നെ തുടർന്നത് തകർന്നുകൊണ്ടിരിക്കുന്ന...

Posted by Parvathy Thiruvothu on Monday, October 12, 2020

ഈ സംഘടന തഴഞ്ഞ ഒരു വനിത അംഗത്തെ മരിച്ചുപോയ ഒരാളുമായി താരതമ്യപ്പെടുത്തികൊണ്ടു അയാൾ പറഞ്ഞ വെറുപ്പുളവാക്കുന്നതും ലജ്ജാവഹവുമായ വാക്കുകൾ ഒരിക്കലും തിരുത്താനാവില്ല. ആലങ്കാരികമായി പറഞ്ഞതല്ലേ എന്ന് Mr ബാബു കരുതുന്നുണ്ടാവും. പക്ഷെ അത് കാണിക്കുന്നത് അയാളുടെ അറപ്പുളവാക്കുന്ന മനോഭാവത്തെയാണ്. അയാളോട് പുച്ഛം മാത്രമാണ് ഉള്ളത്. മാധ്യമങ്ങൾ ഈ പരാമർശം ചർച്ച ചെയ്തു തുടങ്ങുന്ന നിമിഷം മുതൽ അയാളെ അനുകൂലിച്ച് മറ്റു പല സംഘടനാ അംഗങ്ങളും വരും. കാരണം സ്ത്രീകളുമായി ബന്ധപ്പെട്ട ഏതൊരു പ്രശ്നവും നിങ്ങൾ കൈകാര്യം ചെയ്ത അതേ മോശമായ രീതിയിലാണ് ഇതും സംഭവിക്കുക എന്ന് എനിക്ക് ഉറപ്പുണ്ട്.

ഞാൻ A.M.M.A യിൽ നിന്നും രാജി വയ്ക്കുന്നു. അതോടൊപ്പം ഇടവേള ബാബു രാജി വെയ്ക്കണം എന്ന് ഞാൻ ശക്തമായി ആവശ്യപെടുന്നു. മനസ്സാക്ഷിയുള്ള എത്ര അംഗങ്ങൾ ഈ ആവശ്യം ഉന്നയിച്ച് മുന്നോട്ട് വരും എന്ന് ആകാംക്ഷയോടെ ഞാൻ നോക്കി കാണുന്നു.

പാർവതി തിരുവോത്ത്‌

Tags:    

Similar News