യൂട്യൂബിൽ നൂറു കോടി കാഴ്ചക്കാരുമായി 'റൗഡി ബേബി'; തെന്നിന്ത്യയിലെ റെക്കോർഡ് നേട്ടം

ഇന്ത്യയിൽ തന്നെ ഇതിനു മുൻപ് യൂട്യൂബിൽ 100 കോടി വ്യൂവ്സ്‌ നേടിയ 14 ഗാനങ്ങളെ ഉള്ളൂവെന്നതും ഈ റെക്കോർഡിന് ഇരട്ടി മധുരമാണ് നൽകുന്നത്

Update: 2020-11-16 13:58 GMT
Advertising

തെന്നിന്ത്യൻ പാട്ടുകളുടെ എല്ലാ റെക്കോർഡുകളും തകർത്ത് യൂട്യൂബിൽ മുന്നേറിക്കൊണ്ടിരുന്ന 'റൗഡി ബേബി' സോങ്ങിന് വീണ്ടുമൊരു റെക്കോർഡ് നേട്ടം. തെന്നിന്ത്യൻ ഭാഷയിൽ നിന്ന് യൂട്യൂബിൽ ഒരു ബില്യൺ വ്യൂവ്സ് നേടുന്ന ആദ്യ ഗാനമെന്ന റെക്കോർഡാണ് ഇപ്പോൾ 'റൗഡി ബേബി'ക്ക് സ്വന്തമായത്. ഇന്ത്യയിൽ തന്നെ ഇതിനു മുൻപ് യൂട്യൂബിൽ 100 കോടി വ്യൂവ്സ്‌ നേടിയ 14 ഗാനങ്ങളെ ഉള്ളൂവെന്നതും ഈ റെക്കോർഡിന് ഇരട്ടി മധുരമാണ് നൽകുന്നത്.

യുവന്‍ ശങ്കര്‍ രാജ സംഗീതം ചെയ്ത് ധനുഷും ദീക്ഷിത വെങ്കടേശനും ചേര്‍ന്ന് ആലപിച്ച മാരി 2വിലെ ഗാനമാണിത്. പാട്ടിന്റെ ഏറ്റവും വലിയ ആകർഷണം ധനൂഷിന്റെയും സായി പല്ലവിയുടെയും നൃത്തച്ചുവടുകളാണ്. റിലീസ് ചെയ്ത ഉടന്‍ തന്നെ ലോകമെമ്പാടുമുള്ള ആരാധകര്‍ ഗാനം ഏറ്റെടുത്തിരുന്നു. പാട്ടിലെ നൃത്തരംഗങ്ങള്‍ക്ക് സായ് പല്ലവിക്കും ധനുഷിനും ഏറെ അഭിനന്ദനങ്ങളും ലഭിച്ചിരുന്നു.  പ്രഭുദേവയാണ് ചിത്രത്തിന്റെ നൃത്ത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.

Full View

ധനുഷും സായ് പല്ലവിയും തകർത്തഭിനയിച്ച ഗാനരംഗം 2019 ജനുവരി 2ന് ആണ് യൂട്യൂബില്‍ റിലീസ് ചെയ്യുന്നത്. 2015ല്‍ പുറത്തിറങ്ങിയ മാരിയുടെ രണ്ടാം ഭാഗത്തിലെ ഗാനമാണ് ഇപ്പോൾ റെക്കോർഡ് ബുക്കിൽ ഇടം പിടിച്ചിരിക്കുന്നത്.

'റൗഡി ബേബി' 100 കോടി വ്യൂവേഴ്‌സിനെ നേടി റെക്കോർഡ് നേട്ടം കൈവരിക്കുമ്പോൾ ധനുഷിന് സന്തോഷിക്കാൻ മറ്റൊരു കാരണം കൂടിയുണ്ട്. ഇതിനു മുൻപ് വലിയ ഹിറ്റായി മാറിയ ധനുഷിന്റെ 'വൈ ദിസ്‌ കൊലവെറി' സോങ് ഇറങ്ങിയിട്ട് ഇന്ന് ഒൻപത് വർഷം പൂർത്തിയാകുകയാണ്. ഈ ദിവസം തന്നെ റൗഡി ബേബിയും റെക്കോർഡ് ബുക്കിൽ കയറിപ്പറ്റിയതിന്റെ സന്തോഷത്തിലാണ് ധനൂഷ്.

ട്വിറ്ററിലൂടെ ധനൂഷ് ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചിട്ടുമുണ്ട്.

താനും കൂടി ഭാഗമായ പാട്ട് 100 കോടി വ്യൂസ് നേടിയതിന്റെ സന്തോഷം പങ്കുവെക്കാൻ സായ് പല്ലവിയും മറന്നില്ല.

നേരത്തെ ബില്‍ബോര്‍ഡ് യൂട്യൂബ് ചാര്‍ട്ടിൽ വരെ നാലാം സ്ഥാനത്തെത്തിയ ഗാനം കൂടിയാണ് ‘റൗഡി ബേബി’. ലോകത്തിൽ ഏറ്റവും വേഗം ആളുകൾ ഏറ്റെടുക്കുന്ന വീഡിയോകളെ ഉള്‍പ്പെടുത്തി തയ്യാറാക്കുന്നതാണ് യൂട്യൂബിന്‍റെ ബില്‍ബോര്‍ഡ് പട്ടിക. 10 കോടി കാഴ്ചക്കാരുമായി ‘റൗഡി ബേബി’ ഗാനം മുന്നേറുമ്പോഴാണ് ബിൽബോർഡ് യൂട്യൂബ് ചാർട്ടിൽ ഇടം നേടിയത്.

Tags:    

Similar News