സംവിധായകന്‍ ടി.എസ് മോഹനന്‍ അന്തരിച്ചു

കൗശലം, കേളികൊട്ട്, താളം, ശത്രു, ലില്ലിപ്പൂക്കൾ, ബെൽറ്റ് മത്തായി, പടയണി, വിധിച്ചതും കൊതിച്ചതും തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് ടി.എസ്. മോഹനന്‍

Update: 2021-03-31 05:19 GMT

സംവിധായകനും നിര്‍മ്മാതാവുമായ ടി.എസ് മോഹനന്‍ അന്തരിച്ചു. ചൊവ്വാഴ്ച വൈകിട്ട് എറണാകുളത്ത് വെച്ചായിരുന്നു അന്ത്യം. 72 വയസ്സായിരുന്നു. സംസ്കാരം ഇന്ന് 10ന് തോന്ന്യക്കാവ് ശ്മശാനത്തിൽ നടക്കും.

കഥാകൃത്ത്, തിരക്കഥ രചയിതാവ്, സംഭാഷണം, സംവിധായകൻ എന്നീ നിലകളിൽ കഴിവ് തെളിയിച്ചിട്ടുള്ള കലാകാരന്‍ കൂടിയാണ് മോഹനന്‍. കൗശലം, കേളികൊട്ട്, താളം, ശത്രു, ലില്ലിപ്പൂക്കൾ, ബെൽറ്റ് മത്തായി, പടയണി, വിധിച്ചതും കൊതിച്ചതും തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് ടി.എസ്. മോഹനന്‍. ഭാര്യ ശ്രീദേവി (മുൻ നഗരസഭാ കൗൺസിലർ) സിനിമോട്ടോഗ്രാഫറായ ജിതിൻ മോഹൻ മകനാണ്.

Advertising
Advertising

1979 ൽ സുകുമാരൻ, കൃഷ്ണചന്ദ്രൻ, വിൻസന്റ്, രതീഷ്, പ്രമീള, ശോഭഎന്നിവർ അഭിനയിച്ച്‌ വിജയമായ ലില്ലിപ്പൂക്കൾ ആയിരുന്നു ആദ്യ ചിത്രം. തുടർന്ന് മമ്മൂട്ടി, രതീഷ്, അടൂർ ഭാസി, റാണി പത്മിനി, ജോസ്, വിൻസെന്‍റ്, സത്താർ എന്നിവർ പ്രധാന വേഷത്തിലെത്തിയ വിധിച്ചതും കൊതിച്ചതും ബോക്സോഫീസിൽ വിജയം വരിച്ച ചിത്രമായിരുന്നു. 1983 ൽ സുകുമാരൻ, രതീഷ്, ഉണ്ണിമേരി എന്നിവർ അഭിനയിച്ച ബെൽറ്റ് മത്തായി മറ്റൊരു വൻ വിജയ ചിത്രമായിരുന്നു. പ്രേംനസീർ, രതീഷ്, ദേവൻ, ഉണ്ണിമേരി, അനുരാധ, ബാലൻ കെ നായർ എന്നിവർ മുഖ്യവേഷത്തിലെത്തിയ ശത്രു 1985ൽ റിലീസ് ചെയ്തു.

ഇന്ദ്രജിത് ക്രിയേഷൻസിന്‍റെ ബാനറിൽ നടൻ സുകുമാരൻ നിർമ്മിച്ച പടയണിയിൽ മമ്മൂട്ടി, മോഹൻലാൽ, സുകുമാരൻ, ദേവൻ, ശോഭന എന്നിവർ അഭിനയിച്ചിരുന്നു, ഇതിൽ മോഹൻലാലിന്‍റെ ചെറുപ്പകാലം അഭിനയിച്ചത് ഇന്ദ്രജിത്ത് സുകുമാരനാണ്, തുടർന്ന് താളം, കേളികൊട്ട് എന്നീ ചിത്രങ്ങൾ ടി എസ്‌ മോഹനൻ സംവിധാനം ചെയ്തു. 1993 ൽ ബെന്നി പി നായരമ്പലത്തിന്‍റെ രചനയിൽ സിദ്ധിക്ക്, ഉർവശി എന്നിവർ അഭിനയിച്ച കൗശലമാണ് അവസാന ചിത്രം.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News