കൊച്ചിയിൽ പോച്ചറിന്റെ പ്രത്യേക സ്‌ക്രീനിങ്ങിന് ഗംഭീര വരവേൽപ്പ്

ഫെബ്രുവരി 23 മുതൽ പോച്ചർ പ്രൈം വീഡിയോയിലൂടെ സ്ട്രീം ചെയ്യും

Update: 2024-02-21 13:37 GMT

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പോച്ചർ എന്ന സീരിസിന്റെ പ്രീമിയറിന് മുന്നോടിയായി കൊച്ചിയിൽ ചലച്ചിത്രപ്രവർത്തകർക്കായി ഒരുക്കിയ പ്രത്യേക സ്‌ക്രീനിങ്ങിന് ഗംഭീര വരവേൽപ്പ്. സീരിസിലെ താരങ്ങളും അണിയറപ്രവർത്തകരും പങ്കെടുത്ത സ്‌ക്രീനിങ്ങിൽ നിവിൻ പോളി, പാർവതി തിരുവോത്ത്, പൂർണിമ ഇന്ദ്രജിത്, ദിലീഷ് പോത്തൻ, ജിയോ ബേബി, ടിനു പാപ്പച്ചൻ, ദർശന രാജേന്ദ്രൻ, ശ്രുതി രാമചന്ദ്രൻ, ദിവ്യ പ്രഭ, ലിയോണ ലിഷോയ്, മാലാ പാർവതി, ശാന്തി ബാലചന്ദ്രൻ തുടങ്ങിയ പ്രമുഖ വ്യക്തികളും പങ്കെടുത്തു.

നിമിഷ സജയൻ, റോഷൻ മാത്യു, ദിവ്യേന്ദു ഭട്ടാചാര്യ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ക്രൈം സീരീസാണ് പോച്ചർ. എമ്മി അവാർഡ് നേടിയ ചലച്ചിത്ര നിർമ്മാതാവ് റിച്ചി മേത്തയാണ് തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്.

Advertising
Advertising

യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് എട്ട് ഭാഗങ്ങളുള്ള ഈ ക്രൈം സീരീസ്. ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ ആനക്കൊമ്പ് വേട്ട പോച്ചർ എന്ന ഈ സീരീസിലൂടെ പുറത്ത് കൊണ്ടുവരുന്നു.

ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർമാർ, വൈൽഡ്ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയിൽ നിന്നുള്ള എൻ.ജി.ഒ പ്രവർത്തകർ, ​പൊലീസ് കോൺസ്റ്റബിൾമാർ, ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ ആനക്കൊമ്പ് വേട്ടയാടൽ സംഘത്തെക്കുറിച്ച് അന്വേഷിക്കാൻ ജീവൻ പണയപ്പെടുത്തിയ സമരക്കാർ എന്നിവരുടെ അസാധാരണമായ ശ്രമങ്ങളെ ഈ പരമ്പരയിലൂടെ എടുത്തുകാണിക്കുന്നു.

ആലിയ ഭട്ടിന്റെ എറ്റേണൽ സൺഷൈൻ പ്രൊഡക്ഷൻസ്, സ്യൂട്ടബിൾ പിക്ചേഴ്സ്, പുവർമാൻസ് പ്രൊഡക്ഷൻസ് എന്നിവയുമായി സഹകരിച്ച് ക്യുസി എന്റർടൈൻമെന്റ് നിർമ്മിക്കുന്ന പോച്ചർ പ്രാഥമികമായി മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ പുറത്തിറങ്ങും. ഒപ്പം 35ലധികം ഭാഷകളിൽ സബ്‌ടൈറ്റിലുകൾ ഉണ്ടായിരിക്കും. ഫെബ്രുവരി 23 മുതൽ പോച്ചർ പ്രൈം വീഡിയോയിലൂടെ സ്ട്രീം ചെയ്യും.



Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News