'കറുത്തല്ലോ, മെലിഞ്ഞല്ലോ, തടിച്ചല്ലോ.. ഈ പറച്ചില്‍ നിര്‍ത്തി കഴിവിനെയും നന്മയെയും ഫോക്കസ് ചെയ്യൂ': അഭിരാമി

വാര്‍ത്ത നല്‍കിയ വെബ്സൈറ്റ് മാപ്പ് പറഞ്ഞെന്ന് അഭിരാമി

Update: 2021-05-23 11:30 GMT
Advertising

ബോഡി ഷെയ്‍മിങിനെതിരെ ശക്തമായ പ്രതികരണവുമായി നടി അഭിരാമി. നമ്മുടെ നാട്ടില്‍ കുറച്ചുനാള്‍കൂടി കാണുമ്പോള്‍ പറയുന്ന കറുത്തല്ലോ, മെലിഞ്ഞല്ലോ, തടിച്ചല്ലോ തുടങ്ങിയ ചോദ്യങ്ങള്‍ ഒരാളെ എത്രമാത്രം ബാധിക്കുമെന്ന് അറിയാമോ എന്നാണ് അഭിരാമിയുടെ ചോദ്യം.

ഫില്‍മീബീറ്റ് എന്ന വെബ്സൈറ്റില്‍ തന്നെ കുറിച്ച് വന്ന ഒരു വാര്‍ത്ത ചൂണ്ടിക്കാട്ടിയാണ് അഭിരാമിയുടെ പ്രതികരണം. 'വിവാഹം കഴിച്ച് കുടുംബമായതോടെ പുതിയ മാറ്റങ്ങള്‍ വന്നുതുടങ്ങി; വയസാകുന്നത് പോലും ശരീരം അറിയിക്കുമെന്ന് അഭിരാമി' എന്ന തലക്കെട്ടുള്ള വാര്‍ത്തക്കെതിരെയാണ് അഭിരാമി ഇന്‍സ്റ്റഗ്രാമില്‍ വീഡിയോയിലൂടെ പ്രതികരിച്ചത്.

'ഒരു സുഹൃത്താണ് എന്നെ കുറിച്ചുവന്ന ആര്‍ട്ടിക്കിളിന്റെ സ്ക്രീന്‍ ഷോട്ട് അയച്ചുതന്നത്. വാര്‍ത്തയില്‍ രണ്ട് ഫോട്ടോസ് നല്‍കിയിട്ടുണ്ട്. എന്താണ് ഇത് തമ്മിലുള്ള വ്യത്യാസമെന്ന് എനിക്ക് മനസ്സിലായില്ല. കാരണം രണ്ടിലും ഒരേ പോലത്തെ കോണ്‍ഫിഡന്‍സ്, ഒരേ പോലത്തെ സ്‌മൈല്‍, ഒരേ പോലത്തെ പച്ച ഡ്രസ്. പിന്നെ ഇയാള്‍ ഉദ്ദേശിച്ച മാറ്റമെന്താണ്? മൈ മുടി?' എന്നാണ് അഭിരാമി വീഡിയോയില്‍ ചോദിച്ചത്.

ആ വീഡിയോയ്ക്ക് ശേഷം ഒരുപാടുപേര്‍ പിന്തുണയുമായി എത്തി എന്ന് അഭിരാമി പറഞ്ഞു. ഫില്‍മിബീറ്റ് തന്നെ മാപ്പ് അറിയിച്ചു. അബദ്ധവശാല്‍ സംഭവിച്ചുപോയതാണ്. ആരെയും വേദനിപ്പിക്കുകയെന്ന ഉദ്ദേശമില്ലായിരുന്നെന്ന് അവര്‍ പറഞ്ഞു. തെറ്റ് ചൂണ്ടിക്കാണിക്കുമ്പോള്‍ ഒരു സോറി പറഞ്ഞ് അത് തിരുത്താന്‍ തയ്യാറാകുന്നത് നല്ല ശീലമാണ്. അതിനെ അഭിനന്ദിക്കുന്നു. ഒരാളുടെ ലുക്കിനെ കുറിച്ച് പറയാതെ ആളുകളുടെ കഴിവിനെയും അവരുടെ നന്മയെയും ആത്മവിശ്വാസത്തെക്കുറിച്ചും നമുക്ക് സംസാരിക്കാം എന്നും അഭിരാമി വ്യക്തമാക്കി.  

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News