കാഞ്ചന 3 താരം അലക്സാന്‍ഡ്രയുടെ മരണം: അന്വേഷണം ഫോട്ടോഗ്രാഫറിലേക്ക്

നേരത്തെ ഫോട്ടോഗ്രാഫര്‍ക്കെതിരെ അലക്സാന്‍ഡ്ര പീഡന പരാതി നല്‍കിയിരുന്നു

Update: 2021-08-24 03:29 GMT

റഷ്യന്‍ നടിയും തമിഴ് സിനിമ കാഞ്ചന 3 താരവുമായ അലക്സാന്‍ഡ്ര ജാവിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ഫോട്ടോഗ്രാഫറിലേക്ക്. ചെന്നൈ സ്വദേശിയായ ഫോട്ടോഗ്രാഫറെ കേന്ദ്രീകരിച്ചാണ് അന്വേഷണം.

2019ല്‍ ഫോട്ടോഗ്രാഫര്‍ക്കെതിരെ അലക്സാന്‍ഡ്ര ലൈംഗിക പീഡന പരാതി നല്‍കിയിരുന്നു. ഈ കേസിൽ ഇയാളെ അറസ്റ്റ് ചെയ്യുകയുണ്ടായി. ജാവിയെ ഇയാള്‍ ബ്ലാക്ക്മെയില്‍ ചെയ്തതും വേട്ടയാടിയതും സംബന്ധിച്ച് മതിയായ തെളിവുകള്‍ ലഭിച്ചതിന് പിന്നാലെയായിരുന്നു അറസ്റ്റ്. ജാവിയുടെ മരണത്തില്‍ ഇയാള്‍ക്ക് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കും.

അലക്സാന്‍ഡ്ര ജാവി ഗോവയിലായിരുന്നു താമസം. വാടകയ്ക്ക് താമസിച്ചിരുന്ന അപാര്‍ട്മെന്‍റില്‍ തൂങ്ങിമരിച്ചനിലയിലാണ് കണ്ടെത്തിയത്. 24 വയസ്സായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാന്‍ റഷ്യൻ കോൺസുലേറ്റിന്‍റെ അനുമതിക്കായി കാത്തിരിക്കുകയാണ് ഗോവ പൊലീസ്.

അലക്സാന്‍ഡ്രയ്ക്കൊപ്പം ആണ്‍സുഹൃത്തും അപാര്‍ട്മെന്‍റില്‍ താമസിക്കുന്നുണ്ടായിരുന്നു. താന്‍ സ്ഥലത്തില്ലാത്തപ്പോഴാണ് ജാവിയുടെ മരണമെന്ന് സുഹൃത്ത് പൊലീസിന് മൊഴി നല്‍കി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് റഷ്യന്‍ കോണ്‍സുലേറ്റ് ഗോവ പൊലീസിനോട് ആവശ്യപ്പെട്ടു. കേസ് നിരീക്ഷിക്കുകയാണെന്നും ഗോവ പൊലീസിന് അന്വേഷണത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്നും റഷ്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News