കുളിക്കാതെ, ഭക്ഷണം കഴിക്കാതെ ലോഹിതദാസ് ഒറ്റയിരിപ്പിൽ മൂന്ന് ദിവസം കൊണ്ടെഴുതിയ തിരക്കഥ; സേതുമാധവന്‍റെ കിരീടം പിറന്നത് ഇങ്ങനെ!
ഞാൻ എന്‍റെ ജീവിതത്തിൽ ഏറ്റവും കുറച്ച് സമയം കൊണ്ടെഴുതിയ സ്ക്രിപ്റ്റ് ആയിരുന്നു കിരീടം
മലയാള സിനിമയിലെ എക്കാലത്തെയും ദുരന്തകാവ്യമായിരുന്നു കിരീടം എന്ന് സിനിമ. ലോഹിതദാസിന്‍റെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത് 1989ൽ പുറത്തിറങ്ങിയ ചിത്രം സൂപ്പര്‍ഹിറ്റായിരുന്നു. ചിത്രത്തിലെ അഭിനയത്തിന് മോഹന്‍ലാൽ പ്രത്യേക ജൂറി പരാമര്‍ശത്തിന് അര്‍ഹനാവുകയും ചെയ്തു. അച്ഛനും മകനുമായുള്ള തിലകന്‍റെയും മോഹൻലാലിന്‍റെയും സ്ക്രീനിലെ കെമിസ്ട്രിയും ഇരുവരുടെയും അഭിനയവും എക്കാലത്തെയും മികച്ച പ്രകടനങ്ങളായി വാഴ്ത്തപ്പെട്ടു.
മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷവും പലരും കിരീടത്തെ മികച്ച തിരക്കഥക്കുള്ള അളവുകോലായി കണക്കാക്കുന്നുണ്ടെങ്കിലും ലോഹിതദാസ് അതിന്റെ തിരക്കഥ വെറും മൂന്ന് ദിവസം കൊണ്ടാണ് എഴുതിത്തീര്‍ത്തത്. ഒരിക്കൽ അമൃത ടിവിയുടെ സംഗീത സമാഗമം ചാറ്റ് ഷോയിലായിരുന്നു അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
ലോഹിതദാസിന്‍റെ വാക്കുകൾ
ഞാൻ എന്‍റെ ജീവിതത്തിൽ ഏറ്റവും കുറച്ച് സമയം കൊണ്ടെഴുതിയ സ്ക്രിപ്റ്റ് ആയിരുന്നു കിരീടം. ഏതാണ്ട് മൂന്ന് ദിവസം കൊണ്ടാണ് കിരീടത്തിന്‍റെ സ്ക്രിപ്റ്റ് ഞാനെഴുതി തീർത്തത്. ഒരേയിരുപ്പിൽ ഫുൾ സ്ക്രിപ്റ്റ് എഴുതി. കുളിക്കാതെ ഭക്ഷണം കഴിക്കാതെ ഇങ്ങനെ രാവും പകലും ഇരുന്ന് എഴുതി. ഒന്നാമതെ എനിക്ക് കഥയുടെ വൈകാരികത എനിക്ക് എഴുതേണ്ട കാര്യമില്ല, പേന വച്ചു കൊടുത്താൽ മതി, അതെഴുതി കൊണ്ടേയിരിക്കും. അങ്ങനെ എഴുതി തീർത്തതാണ്.
സിനിമയുടെ രണ്ടാം പകുതി എഴുതാൻ ഒന്നര ദിവസമെടുത്തു. സിബി പലപ്പോഴും ചോദിക്കുമായിരുന്നു, 'ക്ലൈമാക്സ് എന്തായിരിക്കും?' എന്ന് ഞാൻ പറയും, 'എനിക്കറിയില്ല. ക്ലൈമാക്സ് അറിയില്ല, ക്ലൈമാക്സ് എങ്ങനെയാണ് വരുന്നേയെന്ന് വച്ചാൽ അതുപോലെയെ വരൂ. ക്ലൈമാക്സ് നമ്മൾ പ്ലാൻ ചെയ്ത് ഫിക്സ് ചെയ്യാറില്ല. അത് ഈ കഥാപാത്രങ്ങളുടെ പിന്നാലെ സഞ്ചരിച്ച് അവരെ പകർത്തുകയാണ് ചെയ്യുന്നത്.
അതുപോലെ ചിത്രത്തിന് ആദ്യം നിര്‍ദേശിച്ചിരുന്ന പേര് കിരീടം എന്നായിരുന്നില്ല. ലോഹിതദാസ് എഴുതിയ മറ്റൊരു തിരക്കഥക്കായിരുന്നു കിരീടം എന്ന് പേരിടാൻ ഉദ്ദേശിച്ചിരുന്നതെന്ന് സിബി മലയിൽ പറയുന്നു. എന്നാൽ അതിന്‍റെ സംവിധായകനും നിര്‍മാതാവിനും ആ പേരിനോട് താൽപര്യമില്ലാത്തതിനാൽ, അവരുടെ കഥയ്ക്ക് ഏറ്റവും അനുയോജ്യമാണെന്ന് തോന്നിയതിനാൽ മോഹൻലാൽ നായകനായ അവരുടെ ചിത്രത്തിന് അത് ഉപയോഗിക്കാൻ സിബി തീരുമാനിക്കുകയായിരുന്നു. ആദ്യം കിരീടം എന്ന് പേരിട്ടിരുന്ന പ്രോജക്റ്റ് ഒടുവിൽ മുക്തി ആയി. ഐ.വി ശശി സംവിധാനം ചെയ്ത ചിത്രത്തിൽ മമ്മൂട്ടി , ഉർവശി , ശോഭന, സീമ, തിലകൻ എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചത്.