'ഒരു രാഷ്ട്രീയ നേതാക്കളെയും തരംതാഴ്ത്തുക എന്നതല്ല എന്റെ ഉദ്ദേശം, രാജ്യത്തെ നേർവഴിക്ക് നയിക്കുന്ന ചില മഹത്തായ നേതാക്കൾ നമുക്കുണ്ട്'; വിശദീകരണവുമായി കാജോൾ

ഒരു നേതാവിന്റെയും പേര് പരാമർശിച്ചില്ലെങ്കിലും സംഘ്പരിവാർ അനുകൂല സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്ന് രൂക്ഷമായ ആക്രമണമാണ് കജോളിനെതിരെ നടന്നത്.

Update: 2023-07-08 15:13 GMT
Editor : anjala | By : Web Desk

ന്യൂഡൽഹി: വിദ്യാഭ്യാസ പശ്ചാത്തലമില്ലാത്ത രാഷ്ട്രീയ നേതാക്കളാണ് രാജ്യത്തെ നയിക്കുന്നതെന്ന ബോളിവുഡ് നടി കജോളിന്റെ പരാമർശം ഏറെ വിവാദമായിരുന്നു. ഇതിനെതിരെ സമൂഹ മാധ്യമങ്ങളിൽ വിമർശനങ്ങൾ ഉയർന്നതോടെ വിശദീകരണവുമായി താരം രംഗത്തെത്തി. ഒരു രാഷ്ട്രീയ നേതാക്കളെയും തരം താഴ്ത്തുകയായിരുന്നില്ല എന്റെ ഉദ്ദേശമെന്ന് താരം ട്വീറ്റ് ചെയ്തു. ഒരു നേതാവിന്റെയും പേര് പരാമർശിച്ചില്ലെങ്കിലും സംഘ്പരിവാർ അനുകൂല സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്ന് രൂക്ഷമായ ആക്രമണമാണ് കജോളിനെതിരെ  നടന്നത്.

'വിദ്യാഭ്യാസത്തെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഞാൻ ഒരു കാര്യം പറയുകയുണ്ടായി. ഒരു രാഷ്ട്രീയ നേതാക്കളെയും തരം താഴ്ത്തുകയായിരുന്നില്ല എന്റെ ഉദ്ദേശം, രാജ്യത്തെ നേർവഴിക്ക് നയിക്കുന്ന മഹത്തായ നേതാക്കൾ നമുക്കുണ്ട്'- കജോൾ ട്വീറ്റ് ചെയ്തു.

Advertising
Advertising

'രാജ്യത്ത് മാറ്റം പതിയെ മാത്രമാണ് സംഭവിക്കുന്നത്. വിദ്യാഭ്യാസ പശ്ചാത്തലമില്ലാത്ത രാഷ്ട്രീയ നേതാക്കളാണ് നമുക്കുള്ളത്. അത് പറയുന്നതിൽ എനിക്ക് ദുഃഖമുണ്ട്. നമ്മെ ഭരിച്ച മിക്കവർക്കും കാഴ്ചപ്പാടുകളുണ്ടായിരുന്നില്ല.' പുതിയ വെബ്‌സീരീസ് ദ ട്രയലിന്റെ ലോഞ്ചിങ്ങുമായി ബന്ധപ്പെട്ട് ദ ക്വിന്റിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

'സ്ത്രീ അവന്റെ പുരുഷനോട് വഞ്ചന കാണിച്ചാൽ അത് പൊറുത്തേക്കൂ എന്ന് അമ്മ അവനോട് പറയുമോ? സ്ത്രീശാക്തീകരണത്തിന് മുമ്പിലുള്ള ഏറ്റവും വലിയ തടസ്സം സ്ത്രീകൾ തന്നെയാണ്. സമൂഹത്തിന്റെ അഭിപ്രായത്തിന് അപ്പുറം അമ്മമാർ ഇഷ്ടമുള്ള പോലെ കുട്ടികളെ വളർത്തണം. അതിപ്പോൾ സമൂഹത്തിൽ കണ്ടു വരുന്നുണ്ട്. പത്തു വർഷം മുമ്പ് അതു കാണാൻ കഴിഞ്ഞിരുന്നില്ല. ഇക്കാര്യത്തിൽ സമൂഹത്തിന്റെ മുൻവിധികൾ മാറിയിട്ടുണ്ട്.'- അവർ കൂട്ടിച്ചേർത്തു.

സുപർൺ വർമ സംവിധാനം ചെയ്യുന്ന കോർട്ട് ഡ്രാമയാണ് ദ ട്രയൽ. ജൂലൈ 14ന് ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിലാണ് റിലീസ്. അമേരിക്കൻ ലീഗൽ-പൊളിറ്റിക്കൽ ടെലിവിഷൻ ഡ്രാമ ദ ഗുഡ് വൈഫിന്റെ ഇന്ത്യൻ പതിപ്പാണ് ദ ട്രയൽ. ജിഷു സെൻഗുപ്തയാണ് നായകനായി എത്തുന്നത്. സലാം വെങ്കി എന്ന ചിത്രമാണ് കജോളിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. 

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News