മാപ്പ് പറയാത്തതിന് മാനസിക പീഡനം: നടന്‍ ഷിജുവിനും സംവിധായകന്‍ രാജേഷ് ടച്ച്റിവറിനുമെതിരെ രേവതി സമ്പത്ത്

പട്‌നഗര്‍ എന്ന സിനിമയില്‍ അഭിനയിക്കവേയുണ്ടായ അനുഭവമാണ് രേവതി സമ്പത്ത് തുറന്നുപറഞ്ഞത്.

Update: 2021-06-13 05:08 GMT
Advertising

സംവിധായകന്‍ രാജേഷ് ടച്ച്‌റിവറിനും നടന്‍ ഷിജുവിനുമെതിരെ നടി രേവതി സമ്പത്ത്. പട്‌നഗര്‍ എന്ന സിനിമയില്‍ അഭിനയിക്കവേയുണ്ടായ അനുഭവമാണ് രേവതി തുറന്നുപറഞ്ഞത്. സെറ്റില്‍ അടിസ്ഥാന അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദം ഉയര്‍ത്തിയപ്പോള്‍ പുതുമുഖ നടി ഉറക്കെ ശബ്ദിക്കുന്നു എന്നതിന്റെ പേരില്‍ മാനസിക പീഡനങ്ങള്‍ നേരിടേണ്ടി വന്നുവെന്ന് രേവതി പറയുന്നു. പുതുമുഖങ്ങൾക്ക് ഇത്രയും ധിക്കാരം വേണ്ട എന്നാക്കെ പറഞ്ഞ് മാപ്പ് പറയാൻ ഷിജുവും രാജേഷ് ടച്ച്റിവറും നിര്‍ബന്ധിച്ചു. വിസമ്മതിച്ചപ്പോള്‍ അസഭ്യ വര്‍ഷം നടത്തി. ഷിജുവിനെ പുകഴ്ത്തി മൂവി സ്ട്രീറ്റ് എന്ന ഒരു ഫിലിം ഗ്രൂപ്പിൽ കണ്ട പോസ്റ്റിനെ തുടര്‍ന്നാണ് ഇക്കാര്യങ്ങള്‍ തുറന്നുപറയുന്നതെന്നും രേവതി വ്യക്തമാക്കി.  ഷിജു കടന്നുവന്ന വഴികളുടെ ചരിത്രം ആഘോഷിക്കുമ്പോൾ ഒരുപാട് പ്രതീക്ഷകളോടെ സിനിമയിലേക്ക് കടന്നുവന്ന ഒരു പെൺകുട്ടിയെ പീഡിപ്പിച്ചതിന് കൂട്ടുനിന്നു എന്ന കുറ്റസമ്മതം കൂടെ നടത്തണമെന്ന് രേവതി ആവശ്യപ്പെട്ടു. രേവതിയുടെ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തില്‍ മൂവി സ്ട്രീറ്റ് ഗ്രൂപ്പിൽ നിന്നും പോസ്റ്റ് നീക്കം ചെയ്തതായി അഡ്മിൻ അറിയിച്ചു. 

രേവതിയുടെ കുറിപ്പ്

മുമ്പ് പട്നഗർ എന്ന സിനിമയുമായി ബന്ധപ്പെട്ട് നേരിടേണ്ടി വന്ന അബ്യൂസുകളെ കുറിച്ച് #metooവിൽ തുറന്നു പറഞ്ഞിട്ടുണ്ടായിരുന്നു. അന്ന് എനിക്ക് നേരിടേണ്ടി വന്ന ട്രോമയ്ക്ക് കാരണക്കാരായവരിൽ ഷിജു എ ആർ അടക്കമുണ്ടായിരുന്നു. പട്നഗർ എന്ന സിനിമയിൽ ഷിജുവും ഭാഗമായിരുന്നു. അവിടെയുണ്ടായ ഒരു സംഭവം ഇവിടെ പങ്കുവെയ്ക്കുകയാണ്.

സെറ്റിൽ പലപ്പോഴും അടിസ്ഥാന അവകാശങ്ങൾ നിഷേധിക്കപ്പെട്ടതിനെ തുടർന്നും സെക്ഷ്വൽ /മെന്റൽ /വെർബൽ അബ്യൂസുകളെ എതിർത്തു സംസാരിക്കേണ്ടി വന്നിട്ടുണ്ട്. പുതുമുഖ നടി ഉറക്കെ ശബ്ദിക്കുന്നു എന്നതിന്‍റെ പേരിൽ പലപ്പോഴും ഹരാസ്മെൻ്റുകൾ നേരിടേണ്ടി വന്നിരുന്നു. ഒരു ദിവസം തിരിച്ചു സംസാരിക്കേണ്ടി വന്നതിന്‍റെ അന്ന് രാത്രി 2 മണിയോടടുത്ത് ഹേമന്ത് രമേശ് എന്ന അസിസ്റ്റൻ്റ് ഡയറക്ടർ മുറിലെത്തി വിളിച്ചു. രാവിലെ സംസാരിക്കാമെന്നറിയിച്ചിട്ടും വല്ലാതെ നിർബന്ധിച്ചതിനെ തുടർന്ന് നേരേ മുന്നിലുള്ള മുറിയിലേക്ക് പോയി. അവിടെ രാജേഷ് ടച്ച്റിവർ, ഷിജു, തുടങ്ങി ചിലർ മദ്യപിക്കുകയായിരുന്നു. എന്നെ കുറ്റവിചാരണ ചെയ്യാനും മെൻ്റലി ടോർച്ചർ ചെയ്യാനുമായിരുന്നു അവർ വിളിച്ചത്. എന്തുകൊണ്ട് സെറ്റിൽ ശബ്ദമുയർത്തി, പുതുമുഖങ്ങൾക്ക് ഇത്രയും ധിക്കാരം വേണ്ട എന്നാക്കെ പറഞ്ഞ് മാപ്പ് പറയാൻ നിർബന്ധിച്ചതിൻ്റെ മുന്നിൽ ഷിജുവായിരുന്നു.എനിക്ക് ഞാൻ ചെയ്തതിൽ അങ്ങേയറ്റം ശരി ആണെന്നും ഇനിയും ഇങ്ങനെ ഉണ്ടായാൽ ശബ്ദം ഉയർത്തുമെന്നും, മാപ്പ് പോയിട്ട് ഒരു കോപ്പും ഞാൻ പറയില്ല എന്നറിഞ്ഞപ്പോൾ അവസാനം അയാൾ എന്തൊക്കെയോ എന്നെ നോക്കി പുലമ്പി. എന്നിട്ട് ഗോ ആന്‍റ് ഫക്ക് യുവര്‍ സെല്‍ഫ് എന്ന് അലറിയതും അയാളാണ്. മാപ്പ് പറയിപ്പിക്കാൻ വേണ്ട പണിയൊക്കെ ആ റൂമിലെ ആണുങ്ങൾ ചെയ്തു. രാജേഷ് ടച്ച്റിവർ എന്ന ഊളയെ സംരക്ഷിക്കാൻ ഈ ഷിജുവും ഹേമന്തും ഹർഷയും തുടങ്ങി കുറെയെണ്ണം ഉണ്ടായിരുന്നു.

അവിടത്തെ പീഡനങ്ങൾ സഹിക്കാനാകാതെ ആദ്യ ദിനങ്ങളിലെ ഒരു ദിവസം സ്റ്റെയറിൽ പലപ്പോഴും കരഞ്ഞുതളർന്നിരിക്കുമ്പോൾ ഷിജു പലപ്പോഴും എന്‍റെ മുന്നിലൂടെ കടന്നുപോയിട്ടുണ്ട്. പലപ്പോഴും അവരോടൊപ്പം ചേർന്ന് ഒരു സ്ത്രീയെ ഹറാസ്മെൻ്റ് ചെയ്യുന്നതിൽ കൂടെ നിന്നയാൾ. ഇന്നയാൾ പുതുമുഖമായി കഷ്ടപ്പെട്ട് കടന്നുവന്ന വഴികളുടെ ചരിത്രം ആഘോഷിക്കുമ്പോൾ ഒരുപാട് പ്രതീക്ഷകളോടെ സിനിമയിലേക്ക് കടന്നുവന്ന ഒരു പെൺകുട്ടിയെ പീഡിപ്പിച്ചതിന് കൂട്ടുനിന്നു എന്ന കുറ്റസമ്മതം കൂടെ നടത്തണം.

പിന്നെ, ഷിജുവിനോട് ഒരു കാര്യം, അന്ന് പറയാൻ പറ്റിയില്ല. സിനിമ എന്ന ഇടം നിന്റെയൊന്നും സ്വകാര്യ സ്വത്തല്ല, ആര്‍ട്ട് ഈസ് ഡെമോക്രാറ്റിക് സ്പെയ്സ്. പുതിയതായി കടന്ന് വരുന്നവരിൽ നീയൊക്കെ ഇങ്ങനെ വ്യാകുലപ്പെടേണ്ട. എനിക്ക് അറിയാം എന്ത് ചെയ്യണം എന്ത് ചെയ്യണ്ട എന്നുള്ളത്. എനിക്ക് സിനിമ എന്നത് ഷിജുവിന്റെയോ രാജേഷ് എന്ന ഊളയുടെയോ ഔദാര്യമല്ല. ഈ ഇടത്തിൽ ഞാൻ എങ്ങനെ ആകണം എന്നുള്ളതിന് വ്യക്തമായ/ ക്രിയാത്മകമായ കാഴ്ചപ്പാടുള്ള സ്ത്രീയാണ് ഞാനെന്ന് അഭിമാനത്തോടെ ഞാൻ പറയുന്നു. ഈ ശബ്ദത്തിൽ തന്നെ ഈ ഇടത്തിൽ ഞാൻ കാണും, സിനിമ ഉണ്ടാക്കുകയും ചെയ്യും. നിങ്ങൾക്കൊക്കെ ചെയ്യാൻ പറ്റുന്നത് അങ്ങ് ചെയ്യ്!!


മുമ്പ് പട്നഗർ എന്ന സിനിമയുമായി ബന്ധപ്പെട്ട് നേരിടേണ്ടി വന്ന അബ്യൂസുകളെ കുറിച്ച് #metoo വിൽ തുറന്നു...

Posted by Revathy Sampath on Saturday, June 12, 2021

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News