രജനീകാന്തിന്‍റെയും മോഹൻലാലിന്‍റെയും നായിക; പ്രശസ്തിയുടെ കൊടുമുടിയിൽ അഭിനയം ഉപേക്ഷിച്ച് ആശുപത്രി നിര്‍മിച്ച രൂപിണി

ഏകദേശം രണ്ട് പതിറ്റാണ്ട് നീണ്ട കരിയറിൽ ഹിന്ദി, തമിഴ്, കന്നഡ, മലയാളം, തെലുഗു ഭാഷകളിലായി 70ഓളം ചിത്രങ്ങളിൽ രൂപിണി അഭിനയിച്ചിട്ടുണ്ട്

Update: 2026-11-10 15:44 GMT

രാവിൽ പൂന്തേൻ തേടും പൂങ്കാറ്റേ... എന്ന ഈ എവര്‍ഗ്രീൻ പാട്ട് കേൾക്കുമ്പോൾ ബെംഗളൂരു നഗരത്തിലൂടെ ആര്‍എക്സിൽ കറങ്ങുന്ന മോഹൻലാലിനെ മാത്രമല്ല ഓര്‍മ വരുന്നത്.രൂപിണി എന്ന നടിയെക്കൂടിയാണ്. നാടുവാഴികൾ എന്ന ചിത്രത്തിൽ മോഹൻലാലിന്‍റെ നായികയായി എത്തിയത് കോമൾ മഹുവകർ എന്ന രൂപിണിയായിരുന്നു. 80-90 കാലഘട്ടങ്ങളിൽ തെന്നിന്ത്യൻ സിനിമയിൽ നിറഞ്ഞുനിന്ന നടി. മോഹൻലാലിന്‍റെ മാത്രമല്ല, രജനീകാന്ത്, കമൽഹാസൻ, മമ്മൂട്ടി ഉൾപ്പെടെയുള്ള സൂപ്പര്‍താരങ്ങളുടെ നായികയായിട്ടുള്ള രൂപിണി പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴാണ് സിനിമ വിടുന്നത്.

Advertising
Advertising

ഏകദേശം രണ്ട് പതിറ്റാണ്ട് നീണ്ട കരിയറിൽ ഹിന്ദി, തമിഴ്, കന്നഡ, മലയാളം, തെലുഗു ഭാഷകളിലായി 70ഓളം ചിത്രങ്ങളിൽ രൂപിണി അഭിനയിച്ചിട്ടുണ്ട്. 90കളുടെ മധ്യത്തിൽ കരിയറിൽ തിളങ്ങി നിൽക്കുമ്പോഴാണ് രൂപിണി അഭിനയം ഉപേക്ഷിച്ച് ഉന്നത പഠനത്തിനായി പോകുന്നതും പിന്നീട് ഒരു ആശുപത്രി തുറക്കുന്നത്.

മുംബൈ സ്വദേശിനിയാണ് രൂപിണി. ഡോക്ടറായ അമ്മയുടെയും അഭിഭാഷകനായ അച്ഛന്‍റെയും മകൾ. "ബോംബെയിൽ വച്ച് ഞാൻ നൃത്തം പഠിച്ചിരുന്നു - കഥക്, ഭരതനാട്യം, കുച്ചിപ്പുടി, ഒഡീസി. എനിക്ക് എപ്പോഴും നൃത്തം ചെയ്യണമെന്ന ആഗ്രഹമുണ്ടായിരുന്നു. എനിക്ക് ഒരു നർത്തകിയാകണം, ഒരു ഡോക്ടറാകണം എന്ന ആഗ്രഹവും ഉണ്ടായിരുന്നു. സിനിമയിൽ അഭിനയിക്കുമെന്ന് ഒരിക്കലും സ്വപ്നം കണ്ടിരുന്നില്ല.ശരിക്കും അതൊരു വിധിയായിരുന്നു" 1988- ൽ ദി ഇന്ത്യൻ എക്സ്പ്രസിനോട് അവർ പറഞ്ഞു .

ഇതിഹാസ സംവിധായകൻ ഹൃഷികേശ് മുഖർജിയുടെ അമിതാഭ് ബച്ചൻ-ജയ ഭാദുരി എന്നിവർ അഭിനയിച്ച മിലി (1975) എന്ന ചിത്രത്തിൽ ബാലതാരമായിട്ടായിരുന്നു രൂപിണിയുടെ സിനിമാപ്രവേശം.സിനിമാതിരക്കുകൾക്കിടയിലും മകളുടെ പഠനത്തിന്‍റെ കാര്യത്തിൽ മാതാപിതാക്കൾ വിട്ടുവീഴ്ച ചെയ്തില്ല. അതു കഴിഞ്ഞിട്ടുള്ള അഭിനയമേ അവര്‍ മകൾക്ക് അനുവദിച്ചിരുന്നുള്ളൂ.

ആ സമയത്താണ് സംവിധായകൻ ഫാസിൽ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലെ നായികയാകാൻ രൂപിണിയെ സമീപിക്കുന്നത്. എന്നാൽ പഠനത്തെ ബാധിക്കുമെന്ന് കരുതി മാതാപിതാക്കൾ ആ ഓഫര്‍ നിരസിച്ചു. പകരം ആ സമയത്ത് ബോളിവുഡ് സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തുകൊണ്ടിരുന്ന കുടുംബ സുഹൃത്തായ പൂർണിമ ജയറാമിനെ അവർ നിർദേശിച്ചു.മഞ്ഞിൽ വിരിഞ്ഞ പൂക്കൾ പൂർണിമക്ക് കരിയര്‍ ബ്രേക്ക് നൽകുക മാത്രമല്ല, മലയാള സിനിമയിലേക്ക് ഒരു പുതിയ നടനെ പരിചയപ്പെടുത്തുകയും ചെയ്തു: മോഹൻലാൽ! ആ സമയത്ത് മോഹൻലാലിനൊപ്പം പ്രവർത്തിക്കാനുള്ള അവസരം രൂപിണിക്ക് നഷ്ടമായെങ്കിലും ജോഷിയുടെ നടുവാഴികൾ (1989) എന്ന ചിത്രത്തിൽ നായികയാവുകയും ചിത്രം ബ്ലോക്ക് ബസ്റ്ററാവുകയും ചെയ്തു.

80കളിൽ ഹിന്ദി സിനിമകളിൽ ചെറിയ വേഷങ്ങളിൽ മാത്രം പ്രത്യക്ഷപ്പെട്ട രൂപിണിയുടെ കരിയറിനെ മാറ്റിയത് തമിഴകമായിരുന്നു. 1987 ൽ, രജനീകാന്തിന്റെ മനിതൻ, വിജയകാന്തിന്റെ കൂലിക്കാരൻ, മോഹന്റെ നിനയ്ക്ക തെറിന്ത മനമേ, തീർത്ഥ കരൈനിലേ എന്നീ ചിത്രങ്ങളിൽ നായികയായി തുടർന്നുള്ള വർഷങ്ങളിൽ, മുൻനിര താരങ്ങളുടെ ഹിറ്റ് നായികയായിരുന്നു രൂപിണി. അപൂര്‍വ സഹോദരങ്ങൾ, മൈക്കൽ മദന കാമ രാജൻ എന്നീ ചിത്രങ്ങളിൽ കമൽഹാസന്‍റെ നായികയായി. മിഥ്യയിൽ മമ്മൂട്ടിക്കൊപ്പം, വെങ്കിടേഷ്, വിഷ്ണുവർദ്ധൻ,അംബരീഷ്, രവിചന്ദ്രൻ,ത്യാഗരാജൻ എന്നീ സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായിട്ടുണ്ട് രൂപിണി.

90കളുടെ മധ്യത്തോടെ അവസരങ്ങൾ കുറഞ്ഞതോടെ നിശബ്ദമായി സിനിമയോട് വിട പറഞ്ഞു. ഉന്നതപഠനത്തിനായി അമേരിക്കയിലേക്ക് പോയി. ഡാളസ് സർവകലാശാലയിൽ പ്രകൃതിചികിത്സയിൽ നാല് വർഷത്തെ കോഴ്‌സ് പൂർത്തിയാക്കി. തിരിച്ചെത്തിയ ശേഷം, പാവപ്പെട്ട രോഗികൾക്കായി രൂപിണി മുംബൈയിലെ ചെമ്പൂരിൽ യൂണിവേഴ്‌സൽ ഹാർട്ട് ഹോസ്പിറ്റൽ സ്ഥാപിച്ചു.

ഈ സമയത്താണ് അവർ ബിസിനസുകാരനായ മോഹൻ കുമാറിനെ വിവാഹം കഴിക്കുന്നത്. ഇവര്‍ക്ക് അനിഷ എന്നൊരു മകളുമുണ്ട്. അഭിനയം തുടരാൻ പലരും നിര്‍ബന്ധിച്ചെങ്കിലും രൂപിണി വഴങ്ങിയില്ല. കാൽ നൂറ്റാണ്ടിലേറെക്കാലം രൂപിണി അഭിനയത്തിൽ നിന്ന് വിട്ടുനിന്നു. എന്നിരുന്നാലും, ഒടുവിൽ രാധിക ശരത്കുമാർ മുഖ്യവേഷത്തിലെത്തുന്ന ചിത്തി 2 (2020-2022) എന്ന ടെലിവിഷൻ സീരിയലിൽ ശ്രദ്ധേയമായ വേഷം ചെയ്തുകൊണ്ട് അവർ തിരിച്ചുവരവ് നടത്തി.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News