'ആദിവാസി'; മധുവിന്റെ മുടുക ഗോത്ര ഭാഷയില്‍ സിനിമ വരുന്നു

വിശപ്പ് പ്രമേയമായി ഒരുങ്ങുന്ന ചിത്രം വിജീഷ് മണിയാണ് സംവിധാനം ചെയ്യുന്നത്.

Update: 2021-09-25 15:08 GMT
Editor : abs | By : Web Desk
Advertising


ആള്‍ക്കൂട്ട മർദനത്തില്‍ കൊല്ലപ്പെട്ട അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിന്റെ ഗോത്രഭാഷയില്‍ ചിത്രം വരുന്നു. മുടുക ഗോത്ര ഭാഷയിലാണ് വിശപ്പ് പ്രമേയമായി ചിത്രം ഒരുങ്ങുന്നത്. 'ആദിവാസി' ( ദി ബ്ലാക്ക് ഡെത്ത്) എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഏരീസ് ഗ്രൂപ്പിന്റെ ബാനറില്‍ കവിയും സംവിധായകനുമായ സോഹന്‍ റോയ് നിര്‍മിച്ച് വിജീഷ് മണിയാണ് സംവിധാനം ചെയ്യുന്നത്.

''വിശപ്പ് എന്നത് ആഗോള വിഷയമാണ്. ലോകത്ത് ഏതൊരു മനുഷ്യനും അത് ഒരുപോലെയാണ്. മധുവിന് മരണമില്ല, ഇത്തരം നിരവധി ജീവിതങ്ങള്‍ ഇപ്പോഴും നമുക്ക് ചുറ്റും അടിച്ചമര്‍ത്തപ്പെടുകയും മരണപ്പെടുകയും ചെയ്യുന്നുണ്ട്. ഇതു തന്നെയാണ് ഈ ചിത്രം ഒരുക്കാന്‍ പ്രചോദനമായത്'' സോഹന്‍ റോയ് പറഞ്ഞു.

വിശപ്പും വര്‍ണ്ണ വിവേചനവും പരിസ്ഥിതി പ്രശ്‌നങ്ങളും ഇതിവൃത്തമാകുന്ന ചിത്രം നിര്‍മിക്കുന്നത് അനശ്വര ചാരിറ്റിബിള്‍ ട്രസ്റ്റാണ്. പി. മുരുഗേഷ്വരനാണ് ചായാഗ്രഹണം. എഡിറ്റിങ് -ബി ലെനിന്‍, സംഭാഷണം- എം. തങ്കരാജ്, ഗാനരചന- ചന്ദ്രന്‍ മാരി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- മാരുതി ക്രിഷ്, ആര്‍ട് ഡയറക്ടര്‍- കൈലാഷ്, മേക്കപ്പ്- ശ്രീജിത് ഗുരുവായൂര്‍ കോസ്റ്റ്യൂമർ- ബുസി ബേബിജോണ്‍.

ഒക്ടോബറില്‍ ഷൂട്ടിങ് ആരംഭിക്കുന്ന ചിത്രത്തില്‍ മലയാളത്തിലെ പ്രമുഖ അഭിനേതാക്കളോടൊപ്പം ആദിവാസി കലാകാരന്മാരും അണിനിരക്കുന്നു. സോഹന്‍ റോയിയും വിജീഷ് മണിയും ഇതിനു മുന്‍പ് ഒരുമിച്ച സിനിമയായ 'മ് മ് മ്' (സൗണ്ട് ഓഫ് പെയിന്‍) അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടിയിരുന്നു. ഓസ്‌ക്കര്‍ ചുരുക്കപ്പട്ടികയിലും പാരീസ് ഫിലിം ഫെസ്റ്റിവലില്‍ ബെസ്റ്റ് ഫിലിം ഉള്‍പ്പെടെയുള്ള പുരസ്‌ക്കാരവും ചിത്രം നേടി.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News