'ആ ചോദ്യം തന്നെ എനിക്ക് സഹിക്കാന്‍ പറ്റില്ല': രണ്‍വീറിന്‍റെ ഫോട്ടോഷൂട്ടിനെ കുറിച്ച് ആലിയ

'രൺവീർ സിങിനെക്കുറിച്ച് മോശമായി ഒന്നും പറയുന്നത് എനിക്ക് ഇഷ്ടമല്ല'

Update: 2022-07-26 02:43 GMT

ബോളിവുഡ് നടന്‍ രണ്‍വീര്‍ സിങ്ങിന്‍റെ നഗ്ന ഫോട്ടോ ഷൂട്ട് വൈറലായിരിക്കുകയാണ്. ആ ഫോട്ടോ ഷൂട്ട് കലയാണെന്നും ആവിഷ്കാര സ്വാതന്ത്ര്യമാണെന്നും രണ്‍വീറിനെ അഭിനന്ദിച്ച് ചിലര്‍ പറയുമ്പോള്‍, നമ്മുടെ സംസ്കാരത്തിന് എതിരാണെന്നാണ് വിമര്‍ശകരുടെ അഭിപ്രായം.

റോക്കി ഔർ റാണി കി പ്രേം കഹാനിയില്‍ കൂടെ അഭിനയിക്കുന്ന രണ്‍വീറിന്‍റെ ഫോട്ടോ ഷൂട്ടിനെ കുറിച്ച് എന്താണ് അഭിപ്രായമെന്ന് ആലിയ ഭട്ടിനോട് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചു. ആലിയയുടെ മറുപടി ഇങ്ങനെയായിരുന്നു- "എന്‍റെ പ്രിയപ്പെട്ട രൺവീർ സിങിനെക്കുറിച്ച് മോശമായി ഒന്നും പറയുന്നത് എനിക്ക് ഇഷ്ടമല്ല. അതിനാൽ ആ ചോദ്യം തന്നെ എനിക്ക് സഹിക്കാൻ പറ്റാത്തതാണ്. രണ്‍വീര്‍ എനിക്ക് പ്രിയപ്പെട്ടവനാണ്. രണ്‍വീര്‍ സിനിമകളിലൂടെ നമുക്ക് ഓരോരുത്തർക്കും എന്നും പ്രിയപ്പെട്ടവനാണ്. നമ്മൾ രണ്‍വീറിന് സ്നേഹം മാത്രമേ നൽകാവൂ". ഷാരൂഖ് ഖാനൊപ്പം അഭിനയിച്ച ഡാര്‍ലിങ്സ് എന്ന സിനിമയുടെ പ്രമോഷന് എത്തിയതായിരുന്നു ആലിയ.

Advertising
Advertising

സോയ അക്തറിന്‍റെ ഗല്ലി ബോയ് എന്ന സിനിമയിലാണ് ആലിയ ഭട്ടും രൺവീർ സിങും ഇതിനു മുന്‍പ് ഒരുമിച്ച് അഭിനയിച്ചത്. കരൺ ജോഹറിന്റെ റോക്കി ഔർ റാണി കി പ്രേം കഹാനിയിലാണ് ഇരുവരും ഇനി ഒരുമിച്ച് എത്തുക.

അതിനിടെ രണ്‍വീര്‍ സിങിനെതിരെ മുംബൈ പൊലീസിന് രണ്ട് പരാതികള്‍ ലഭിച്ചു. സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ചിത്രങ്ങളിലൂടെ സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തിയെന്നാണ് പരാതി. കിഴക്കൻ മുംബൈ ആസ്ഥാനമായുള്ള എൻജിഒ ഭാരവാഹിയും ഒരു വനിതാ അഭിഭാഷകയുമാണ് പരാതിക്കാർ. ഇരുവരും ചെമ്പൂർ പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. നടനെതിരെ ഐടി ആക്ട് പ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവും കേസ് രജിസ്റ്റർ ചെയ്യണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു.ഇതുവരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

പേപ്പർ മാസികയ്‌ക്കായി നടത്തിയ ഫോട്ടോഷൂട്ടിലാണ് 37കാരനായ രണ്‍വീര്‍ സിങ് ക്യാമറയ്‌ക്ക് മുന്നിൽ നഗ്നനായത്. 1972ല്‍ കോസ്മോപൊളിറ്റന്‍ മാസികയ്ക്കായി ബര്‍ട്ട് റെയ്നോള്‍ഡ് നടത്തിയ ഫോട്ടോഷൂട്ടിനുള്ള ആദരമെന്ന നിലയിലായിരുന്നു ഇത്. നഗ്ന ഫോട്ടോകൾ പുറത്ത് വന്നതോടെ രണ്‍വീറിനെതിരെ നിരവധി ട്രോളുകളും ഉണ്ടാവുന്നുണ്ട്. അതേസമയം ആലിയ ഭട്ടിനെ കൂടാതെ അർജുൻ കപൂർ, സ്വര ഭാസ്‌കർ തുടങ്ങി നിരവധി താരങ്ങള്‍ രണ്‍വീറിന് പിന്തുണയുമായെത്തി.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News