അനശ്വരയുടെ പരാതിയിൽ ചര്‍ച്ചക്ക് വിളിച്ച് 'അമ്മ'; അതിന് ശേഷം പ്രതികരിക്കാമെന്ന് ദീപു കരുണാകരൻ

ഇന്‍റര്‍വ്യൂകളിൽ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ചാണ് ദീപുവിനെതിരെ അനശ്വര പരാതി നൽകിയത്

Update: 2025-03-05 01:11 GMT
Editor : Jaisy Thomas | By : Web Desk

കൊച്ചി: സംവിധായകൻ ദീപു കരുണാകരനെതിരായ നടി അനശ്വര രാജന്‍റെ പരാതിയിൽ ഇരുവരെയും ഒരുമിച്ചിരുത്തി ചർച്ചയ്ക്ക് വിളിച്ച് താരസംഘടനയായ അമ്മ. ഇന്‍റര്‍വ്യൂകളിൽ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ചാണ് ദീപുവിനെതിരെ അനശ്വര പരാതി നൽകിയത്. ഈ മാസം എട്ടിനാണ് ചര്‍ച്ച.

അതേസമയം ചർച്ചയ്ക്ക് ശേഷം പ്രതികരിക്കാമെന്ന് ദീപു കരുണാകരൻ പറഞ്ഞു. വിഷയം ചർച്ചയായപ്പോൾ തന്നെ ഇരു സംഘടനകളും യോഗം വിളിച്ചിരുന്നു. അനശ്വര ഇപ്പോൾ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടത് എന്തിനാണെന്ന് അറിയില്ല. ഇരുവരുടെയും വശം യോഗത്തിൽ ചർച്ച ചെയ്യും. അതിനുശേഷം മാത്രമേ പ്രതികരിക്കുന്നുള്ളൂ. സിനിമാ സമരവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശം വിവാദമാക്കുകയായിരുന്നെന്നും അദ്ദേഹം മീഡിയവണിനോട് പറഞ്ഞു.

Advertising
Advertising

'മിസ്റ്റർ ആൻഡ് മിസ്സിസ് ബാച്ചിലർ' എന്ന ചിത്രത്തിന്‍റെ പ്രമോഷനുമായി സഹകരിക്കാൻ അനശ്വര വൈമുഖ്യം കാണിച്ചുവെന്നായിരുന്നു ദീപു കരുണാകരന്‍റെ ആരോപണം. ഇതിനെതിരെയായിരുന്നു അനശ്വരയുടെ ഫേസ്ബുക്ക് പോസ്റ്റ്.

അനശ്വരയുടെ കുറിപ്പ്

തികച്ചും വേദനാജനകമായ ചില സാഹചര്യങ്ങള്‍ നേരിടേണ്ടി വന്നതിനാലാണ് ഈ കുറിപ്പ് എഴുതേണ്ടി വരുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംവിധായകന്‍ ശ്രീ ദീപു കരുണാകരന്‍ പല മാധ്യമങ്ങളിലും 'ഞാന്‍ പ്രൊമോഷനു സഹകരിക്കില്ല' എന്ന് ഇന്റര്‍വ്യൂകള്‍ നല്‍കി എന്നെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ നടത്തി വരുന്നുണ്ട്. അദ്ദേഹത്തിന്റെ സംവിധാനത്തില്‍ ഞാന്‍ അഭിനയിച്ച മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലര്‍ എന്ന ചിത്രം 2024 ഓഗസ്റ്റില്‍ റിലീസ് പ്ലാന്‍ ചെയ്തതാണ്.

ആദ്യം തന്നെ,'കൃത്യമായി കാശെണ്ണി പറഞ്ഞു ചോദിച്ചു വാങ്ങിയിട്ടാണ് പലപ്പോഴും ഞാന്‍ ഷൂട്ട്‌നു പോലും വന്നിട്ടുള്ളത്'എന്ന് അദ്ദേഹത്തിന്റെ പരാമര്‍ശത്തെ സിനിമയുടെ ഷൂട്ട് സമയത്ത് പേയ്മെന്‍റ് ഇഷ്യൂ വന്നപ്പോള്‍ 'പ്രൊഡ്യൂസര്‍ പേയ്മെന്‍റ്  അക്കൗണ്ടിലേക്ക് ഇടാതെ റൂമില്‍ നിന്നും ഇറങ്ങേണ്ട' എന്ന് ശ്രീ ദീപു പറഞ്ഞപ്പോഴും ഷൂട്ട് നിര്‍ത്തിവെക്കേണ്ട ഒരു അവസ്ഥയിലും 'ഷൂട്ട് തീരട്ടെ'എന്ന് പറഞ്ഞു മുന്‍കൈ എടുത്ത് ഇറങ്ങിയ എന്റെ ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്യും വിധം ശ്രീ ദീപുവിന്‍റെ 'കാശെണ്ണികൊടുത്തിട്ടാണ്' എന്ന അത്രയും മോശമായ പരാമര്‍ശം അദ്ദേഹത്തെ പോലെ സിനിമ തൊഴിലാക്കിയ എന്നെ പ്രൊഫഷണലി എന്നതിനപ്പുറം ഇമോഷണലി ഏറെ വിഷമിപ്പിച്ചു.

ക്യാരക്ടര്‍ പോസ്റ്റര്‍, ട്രയിലര്‍ എന്നിവ ഞാന്‍ എന്റെ ഇന്‍സ്റ്റാഗ്രാമില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.ഒഫീഷ്യല്‍ ഫേസ്ബുക് പേജിലും എല്ലാ പോസ്റ്റുകളും ഷെയര്‍ ചെയ്തിരുന്നു, എന്നാല്‍ എന്റെ ഒഫീഷ്യൽ ഫേസ്ബുക് പേജിനെ ഫാന്‍സ് ഹാന്‍ഡിൽ ചെയ്യുന്ന ഏതോ ഒരു പേജ് എന്ന തെറ്റായ ധാരണ പടര്‍ത്തുകയും പടത്തിലെ പ്രധാന അഭിനേതാവും, സംവിധായകനും 'കാല് പിടിച്ചു പറഞ്ഞിട്ട് പോലും ഞാന്‍ പ്രൊമോഷന് വരാന്‍ തയ്യാറായില്ല' എന്ന് അദ്ദേഹം പരാമര്‍ശിക്കുകയുണ്ടായി. എന്നാല്‍ റിലീസ് തിയതിക്ക് തൊട്ട് മുന്‍പേ സിനിമയുടെ ഭാഗമായി ഞാന്‍ ഇന്റര്‍വ്യൂ കൊടുത്തിട്ടുണ്ട്. ഓണ്‍ലൈനില്‍ ഈ സിനിമയുടേതായ ഒരേയൊരു പ്രൊമോഷന്‍ ഇന്റര്‍വ്യൂ എന്റേത് മാത്രമാണ്. ശേഷം ടീമിന്റെ ഭാഗത്തു നിന്ന് ഒരുതരത്തിലും അപ്ഡേറ്റ്സ് ഞങ്ങള്‍ക്ക് വന്നിട്ടില്ല. റിലീസിനു 2 ദിവസം മുന്‍പ് ഞങ്ങള്‍ അവരെ കോണ്‍ടാക്ട് ചെയ്തപ്പോള്‍ റിലീസ് മാറ്റി വച്ചു എന്നും, ചില പ്രശ്നങ്ങള്‍ പരിഹരിക്കാതെ റിലീസ് ഉണ്ടാവില്ല എന്നും അറിയിച്ചു. അതും അങ്ങോട്ട് വിളിച്ചപ്പോള്‍ മാത്രമാണ് ഇക്കാര്യങ്ങള്‍ നമുക്ക് അറിയാന്‍ കഴിഞ്ഞത്.

അതിനു ശേഷം ഒരിക്കല്‍ പോലും ഈ ചിത്രം റിലീസ് ആകാന്‍ പോകുന്നു എന്ന് ഔദ്യോഗികമായ സ്ഥിരീകരണമോ എന്നെ അറിയിക്കുകയോ ഉണ്ടായിട്ടില്ല. എന്നാല്‍ പൊടുന്നനെ ചാനലുകളില്‍ പ്രത്യക്ഷപെട്ട് എന്നെയും, എന്റെ അമ്മ, മാനേജര്‍ തുടങ്ങിയവരെ ആക്ഷേപിക്കുന്ന statements ആണ് ശ്രീ. ദീപു പറയുന്നത്. എന്ന് റിലീസ് ആണെന്ന്, ഇന്ന് പോലും എനിക്ക് അറിവില്ലാത്ത ഒരു ചിത്രത്തിന്റെ പ്രൊമോഷനെ ചൊല്ലിയുള്ള അനാവശ്യ വിവാദങ്ങള്‍ ഉന്നയിക്കുന്ന സംവിധായകന്‍, ഇതേ സിനിമക്ക് വേണ്ടി യാതൊരു വിധ പ്രൊമോഷൻ & ഇന്‍റര്‍വ്യൂ കൊടുക്കാതെ ഈ അവസരത്തില്‍ എന്റെ കരിയറിനെ മോശമായി ബാധിക്കണം എന്ന ദുരുദ്ദേശത്തോടെ തന്നെ കൊടുത്തതാണ് ഈ നെഗറ്റീവ് സ്റ്റേറ്റ്മെന്‍റ്സ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. റിപ്പോര്‍ട്ടര്‍ ചാനലില്‍ ശ്രീ. ദീപു കൊടുത്ത അഭിമുഖത്തില്‍ അദ്ദേഹത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കിയ ചില അഭിനേതാക്കള്‍ ഉണ്ടായിട്ടുണ്ട് എന്നും, എന്നാല്‍ ആ സംഭവങ്ങളും, പേരുകളും ഇപ്പൊ പറഞ്ഞിട്ട് കാര്യമില്ല എന്നും, അത് സിനിമയെയും, വ്യക്തിപരമായും ഗുണം ചെയ്യില്ല, എന്നും പറഞ്ഞിരുന്നു, അങ്ങനെയിരിക്കെ എന്റെ പേര് മാത്രം വലിച്ചിഴക്കുന്നത് വഴി, വ്യക്തിപരമായും, സിനിമയെയും ഗുണം ചെയ്യും എന്നാണോ അദ്ദേഹം ഉദ്ദേശിക്കുന്നത്?

അതോടൊപ്പം, അദേഹത്തിന്റെ ഷൂട്ട് സമയത്ത് പേയ്മെന്‍റ് കിട്ടാതെ ക്യാരവനില്‍ നിന്നും പുറത്തിറങ്ങാത്ത, കൃത്യസമയത്ത് ഷൂട്ടിനു എത്തി സഹകരിക്കാത്ത ദുരനുഭവങ്ങള്‍ മറ്റ് അഭിനേതാക്കളില്‍ നിന്നും, നടന്മാരില്‍ നിന്നും ഉണ്ടായിട്ടുണ്ട് എന്ന് പരാമര്‍ശിച്ചിട്ടുണ്ട് . എന്നാല്‍ അവരുടെ പേരുകള്‍ ഒഴിവാക്കി കേവലം ഇന്‍സ്റ്റഗ്രാമില്‍ മ്യൂസിക് പോസ്റ്റര്‍ ഷെയര്‍ ചെയ്തില്ല എന്ന് വിമര്‍ശിച്ച്, എന്റെ പേര് മാത്രം പരസ്യമായി പറയുകയും, മേല്‍പ്പറഞ്ഞ അഭിനേതാക്കളുടെ പേരുകള്‍ പറയാതെ താരതമ്യേന പുതുമുഖവും പെണ്‍കുട്ടിയുമായ എന്റെ പേര് പറഞ്ഞതിലൂടെ ഞാന്‍ പ്രതികരിക്കില്ല എന്ന മനോഭാവമാവാം. ഒരു സ്ത്രീ എന്ന വിക്ടിം കാര്‍ഡ് ഉപയോഗിക്കാന്‍ ഞാന്‍ ഇവിടെ താല്പര്യപെടുന്നില്ല. ഞാന്‍ അംഗമായ അമ്മ അസോസിയേഷനില്‍ പരാതിക്കത്ത് ഇതിനകം നല്‍കിയിട്ടുണ്ട്. ഇനിയും ഈ വിഷയം മുന്നോട്ട് കൊണ്ടുപോയി, എന്നെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ ശ്രീ ദീപു ഉന്നയിച്ചാല്‍ ഔദ്യോഗികമായ തന്നെ ഈ വിഷയത്തെ നേരിടാനാണ് എന്റെ തീരുമാനം. ഒപ്പം ഈ വിഷയത്തില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി കാര്യങ്ങളുടെ സത്യവാസ്ഥ അറിയാതെ അടിസ്ഥാന രഹിതമായ അഭിപ്രായങ്ങള്‍ ഉന്നയിച്ച് എന്നെ അപകീര്‍ത്തി പെടുത്തി വാര്‍ത്തകള്‍ പുറത്തുവിടുന്ന യൂട്യൂബ് ചാനല്‍, വ്ളോഗേഴ്സ് എന്നിവര്‍ക്കെതിരെ നിയമപരമായ നീങ്ങുകയാണ്.

എനിക്ക് ചെയ്തു തീര്‍ക്കേണ്ടതായ മറ്റുള്ള കമ്മിറ്റ്‌മെന്റ്‌സ് ഇരിക്കെ,മുന്‍കൂട്ടി അറിയിച്ചാല്‍ ഇപ്പോഴും ആ സിനിമയുടെ പ്രൊമോഷനു എത്താന്‍ ഞാന്‍ തയ്യാറാണ്. ഈ വര്‍ഷം ഇറങ്ങിയ എന്റെ മൂന്നു സിനിമകളുടെ പ്രൊമോഷനുകളുടെ ഭാഗമായി കഴിഞ്ഞ മൂന്നു മാസങ്ങളായി മറ്റു കമ്മിറ്റ്‌മെന്റുകള്‍ മാറ്റിവെച്ചു പ്രൊമോഷനു പങ്കെടുത്തിരുന്ന വ്യക്തി എന്ന നിലയില്‍, ഞാന്‍ ഭാഗമാകുന്ന സിനിമയ്ക്ക് ആവശ്യമായിട്ടുള്ള പ്രൊമോഷനു പങ്കെടുക്കുന്നത് ആ സിനിമയുമായുള്ള എന്റെ കരാറിലുപരി അത് എന്റെ ഉത്തരവാദിത്തം ആണെന്ന തികഞ്ഞ ബോധ്യമുള്ള വ്യക്തിയാണ് ഞാന്‍. നന്ദി. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News