ബാലയ്യയുടെ 'ഡാകു മഹാരാജ്' റിലീസിന് മുന്നോടിയായി തിയറ്ററില്‍ വച്ച് ആടിനെ ബലി നല്‍കി; അഞ്ച് ആരാധകര്‍ അറസ്റ്റില്‍

ശങ്കരയ്യ, രമേഷ്, സുരേഷ് റെഡ്ഡി, പ്രസാദ്, മുകേഷ് ബാബു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്

Update: 2025-01-18 09:48 GMT
Editor : Jaisy Thomas | By : Web Desk

ഹൈദരാബാദ്: തെലുങ്ക് നടന്‍ നന്ദമുരി ബാലകൃഷ്ണയുടെ 'ഡാകു മഹാരാജ്' എന്ന ചിത്രത്തിന്‍റെ റിലീസിന് മുന്നോടിയായി തിയറ്ററില്‍ വച്ച് ആടിനെ ബലി നല്‍കിയ കേസില്‍ അഞ്ച് ആരാധകര്‍ അറസ്റ്റില്‍. കഴിഞ്ഞ ഞായറാഴ്ച ആന്ധ്രാപ്രേദശ് തിരുപ്പതിയിലുള്ള തിയറ്ററിലാണ് സംഭവം. മൃഗസംരക്ഷണ സംഘടനയായ പെറ്റ(പീപ്പിള്‍ ഫോര്‍ ദി എത്തിക്കല്‍ ട്രീറ്റ്മെന്‍റ് ഓഫ് അനിമല്‍) പൊലീസില്‍ പരാതി നല്‍കിയപ്പോഴാണ് സംഭവം പുറംലോകമറിയുന്നത്.

ശങ്കരയ്യ, രമേഷ്, സുരേഷ് റെഡ്ഡി, പ്രസാദ്, മുകേഷ് ബാബു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ ആടിനെ ബലി നല്‍കുകയും രക്തം ബാലയ്യയുടെ പോസ്റ്ററില്‍ പുരട്ടുകയും ചെയ്തു. മൃഗബലിയിൽ പങ്കെടുത്തതായി സംശയിക്കുന്ന മറ്റ് ആളുകളെയും പൊലീസ് തിരയുന്നുണ്ടെന്ന് തിരുപ്പതി ഈസ്റ്റ് സബ്-ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ വെങ്കട്ട് നാരായണ പൊലീസിനോട് പറഞ്ഞു. ആടിന്‍റെ കഴുത്തറക്കുന്നതും ആരാധകര്‍ ആഹ്ളാദപ്രകടനത്തിനിടെ ആടിന്‍റെ രക്തം പോസ്റ്ററില്‍ പുരട്ടുകയും ചെയ്യുന്നതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഡാകു മഹാരാജിന്‍റെ റിലീസ് ദിവസമായ ജനുവരി 12 ന് പുലർച്ചെ മൂന്ന് മണിയോടെയാണ് ആടിനെ ബലി നല്‍കിയത്.

Advertising
Advertising

“ഒരു മൃഗത്തെ കൊല്ലുകയും അതിന്‍റെ രക്തം ഒരു പോസ്റ്ററിൽ പുരട്ടുകയും ചെയ്യുന്നത് നിങ്ങളെ ഒരു സൂപ്പർ ആരാധകനാക്കില്ല-അത് നിങ്ങളെ ഒരു വില്ലനും കുറ്റവാളിയുമാക്കുന്നു. യഥാർഥ ആരാധകർ തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെ സിനിമാ ടിക്കറ്റുകളും പിന്തുണയ്ക്കുന്ന സോഷ്യൽ മീഡിയ പോസ്റ്റുകളും ഉപയോഗിച്ചാണ് ആഘോഷിക്കുന്നത്. അല്ലാതെ അക്രമമോ ക്രൂരതയോ കൊണ്ടല്ല'' പെറ്റ ഇന്ത്യയുടെ കോര്‍ഡിനേറ്റര്‍ സലോനി സ്കറിയ പ്രതികരിച്ചു.

അതേസമയം ചിത്രം മികച്ച വിജയം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ആക്ഷന്‍ എന്‍റര്‍ടെയ്നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ബോളിവുഡ് താരം ബോബി ഡിയോള്‍, ശ്രദ്ധ ശ്രീനാഥ്, പ്രഗ്യ ജയ്സ്വാള്‍, ഉര്‍വശി റൗട്ടേല എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അഞ്ച് ദിവസം കൊണ്ട് ഡാകു മഹാരാജ് 114 കോടി കലക്ഷനാണ് നേടിയത്. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News