മിന്നല്‍ മുരളിക്ക് അങ്ങ് ഹോളിവുഡിലുമുണ്ടെടാ പിടി; ആശംസയുമായി അവഞ്ചേഴ്സ് സംഗീതസംവിധായകന്‍

ലോകപ്രശസ്തമായ നിരവധി ചിത്രങ്ങൾക്ക് സംഗീതമൊരുക്കിയ എലൻ സിൽവെസ്ട്രിയാണ് മിന്നൽ മുരളിയ്ക്ക് ആശംസകള്‍ നേര്‍ന്നിരിക്കുന്നത്

Update: 2021-12-07 08:12 GMT
Editor : Jaisy Thomas | By : Web Desk
Advertising

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ടൊവിനോ തോമസിന്‍റെ മിന്നല്‍ മുരളി. ടൊവിനോ സൂപ്പര്‍ഹീറോ ആയി എത്തുന്ന ചിത്രത്തെക്കുറിച്ച് പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ ആരാധകര്‍ ആവേശത്തിലായിരുന്നു. ട്രയിലര്‍ കൂടി പുറത്തിറങ്ങിയപ്പോള്‍ പ്രതീക്ഷകള്‍ വാനോളമെത്തി. റിലീസിനൊരുങ്ങുന്ന ചിത്രത്തിന് ഹോളിവുഡില്‍ നിന്നുവരെ ആശംസകളെത്തിയിരിക്കുകയാണ്.

ലോകപ്രശസ്തമായ നിരവധി ചിത്രങ്ങൾക്ക് സംഗീതമൊരുക്കിയ എലൻ സിൽവെസ്ട്രിയാണ് മിന്നൽ മുരളിയ്ക്ക് ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ചിത്രത്തിന്‍റെ ട്രയിലര്‍ പങ്കുവെച്ചുകൊണ്ടാണ് താരം ചിത്രത്തിന് ആശംസകൾ നേർന്നത്. '' ഈ മനോഹര ചിത്രത്തിന് ആശംസകള്‍'' എന്നാണ് സില്‍വെസ്ട്രി കുറിച്ചത്. 'ഫോറസ്റ്റ് ഗംപ്', 'പ്രെഡേറ്റർ, 'കാസ്റ്റ് എവേ', 'ദ അവഞ്ചേഴ്‌സ്', 'റെഡി പ്ലയർ വൺ', 'അവഞ്ചേഴ്‌സ്: ഇൻഫിനിറ്റി വാർ', 'അവഞ്ചേഴ്‌സ്: എൻഡ് ഗെയിം' തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് സംഗീതമൊരുക്കിയ താരമാണ് എലൻ സിൽവെസ്ട്രി.



കഴിഞ്ഞ വര്‍ഷം നെറ്റ്ഫ്ലിക്സ് റെക്കോഡുകള്‍ തകര്‍ത്ത സിനിമയായ ആക്ഷൻ ചിത്രം 'എക്‌സ്ട്രാക്ഷന്‍റെ' സംവിധായകനായ സാം ഹാർഗ്രേവും മിന്നല്‍ മുരളിയുടെ ടീസര്‍ പങ്കുവച്ചിരുന്നു. തന്‍റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായിട്ടാണ് ടീസര്‍ ഷെയര്‍ ചെയ്തത്. ചിത്രത്തിലെ .സംഘട്ടനരംഗങ്ങള്‍ സംവിധാനം ചെയ്തിരിക്കുന്നത് ബാറ്റ്മാന്‍, ബാഹുബലി, സുല്‍ത്താന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ച വ്ലാഡ് റിംബര്‍ഗ് ആണ്.

ഗോദക്ക് ശേഷം ടൊവിനോയും ബേസില്‍ ജോസഫും ഒന്നിക്കുന്ന ചിത്രമാണ് മിന്നല്‍ മുരളി. ഗുരു സോമസുന്ദരം, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, മാമുക്കോയ, ബൈജു സന്തോഷ്, ബിജുക്കുട്ടന്‍, ജൂഡ് ആന്‍റണി, ഷെല്ലി കിഷോര്‍ തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. മലയാളത്തിന് പുറമെ ഇംഗ്ലീഷ്, ഹിന്ദി,കന്നഡ, തമിഴ്, തെലുങ്ക് ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രം ഡിസംബര്‍ 24ന് നെറ്റ്ഫ്ലിക്സിലൂടെയാണ് പ്രേക്ഷകരിലേക്കെത്തുന്നത്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News