ബിജു മേനോനും ആസിഫ് അലിയും വീണ്ടും; ജിസ് ജോയ് ചിത്രത്തിന്‍റെ പൂജയും സ്വിച്ച് ഓണ്‍ കർമ്മവും നടന്നു

അനുരാഗ കരിക്കിൻ വെള്ളം, വെള്ളി മൂങ്ങ എന്നീ ഹിറ്റ് സിനിമകളിലെ കൂട്ടുകെട്ടായ ബിജു മേനോനും ആസിഫ് അലിയും ഒരു ഇടവേളക്കുശേഷം വീണ്ടും ഒരുമിക്കുന്നുവെന്നതാണ് സിനിമയുടെ പ്രത്യേകത

Update: 2023-04-17 09:13 GMT
Editor : ijas | By : Web Desk

ബൈസിക്കിൾ തീവ്സ്, സൺഡേ ഹോളിഡേ, വിജയ് സൂപ്പറും പൗർണ്ണമിയും, മോഹൻകുമാർ ഫാൻസ്, ഇന്നലെ വരെ എന്നീ സിനിമകൾക്ക് ശേഷം ജിസ് ജോയ് ഒരുക്കുന്ന പുതിയ ചിത്രത്തിൽ ബിജു മേനോൻ-ആസിഫ് അലി ഹിറ്റ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു. അരുൺ നാരായൺ പ്രൊഡക്ഷൻസ്, ലണ്ടൻ സ്റ്റുഡിയോസ് എന്നീ പ്രൊഡക്ഷൻ കമ്പനികൾ സംയുക്തമായി നിർമ്മിക്കുന്ന സിനിമയുടെ പൂജയും സ്വിച്ച് ഓണ്‍ കർമ്മവും തലശ്ശേരി ശ്രീ ആണ്ടല്ലൂർ കാവ് ക്ഷേത്രത്തിൽ വെച്ച് നിർവ്വഹിക്കപ്പെട്ടു.

അനുരാഗ കരിക്കിൻ വെള്ളം, വെള്ളി മൂങ്ങ എന്നീ ഹിറ്റ് സിനിമകളിലെ കൂട്ടുകെട്ടായ ബിജു മേനോനും ആസിഫ് അലിയും ഒരു ഇടവേളക്കുശേഷം വീണ്ടും ഒരുമിക്കുന്നുവെന്നതാണ് സിനിമയുടെ പ്രത്യേകത. ഈശോ, ചാവേർ എന്നീ ചിത്രങ്ങൾക്കു ശേഷം അരുൺ നാരായൺ പ്രൊഡക്ഷൻസ് നിർമിക്കുന്ന മൂന്നാമത്തെ സിനിമ കൂടിയാണിത്. അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

Advertising
Advertising

ജിസ് ജോയിയുടെ മുൻ ചിത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു ചിത്രമായിരിക്കും ഇതെന്നാണ് സൂചന. വിശാലമായ ക്യാൻവാസിൽ മുപ്പതോളം മികച്ച അഭിനേതാക്കളെ അണിനിരത്തി വലിയ മുതൽ മുടക്കിലാണ് ഈ ചിത്രം ജിസ് ജോയ് ഒരുക്കുന്നത്. ദിലീഷ് പോത്തൻ, ശങ്കർ രാമകൃഷ്ണൻ, അനുശ്രീ, റീനു മാത്യൂസ്, കോട്ടയം നസീർ, ദിനേശ് (നായാട്ട് ഫെയിം) അനുരൂപ്, നന്ദൻ ഉണ്ണി, ബിലാസ് എന്നിവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്. ഇവർക്കൊപ്പം ഏതാനും പ്രമുഖ താരങ്ങളും നാടകങ്ങളിലും മറ്റു കലാരംഗങ്ങളിലും പ്രവർത്തിച്ചു പോന്നിരുന്ന ഏതാനും പുതുമുഖങ്ങളും ചിത്രത്തിന്‍റെ താരനിരയിലുണ്ട്.

കണ്ണൂർ, കാസർഗോഡ്, വയനാട് ഭാഗങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. നവാഗതരായ ആനന്ദ്, ശരത്ത് എന്നിവര്‍ ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം: ശരൺ വേലായുധൻ, എഡിറ്റിംഗ്: സൂരജ് ഇ.എസ്, കലാസംവിധാനം: അജയൻ മങ്ങാട്, കോസ്റ്റ്യൂം ഡിസൈൻ: നിഷാദ്, മേക്കപ്പ്: റോണക്സ് സേവ്യർ, പ്രൊഡക്ഷൻ കൺട്രോളർ: ആസാദ് കണ്ണാടിക്കൽ, പി.ആർ.ഒ: വാഴൂർ ജോസ്, മാർക്കറ്റിങ്: സ്നേക്ക്പ്ലാന്‍റ്.

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News