ഹൃദയത്തില്‍ രണ്ടു ദ്വാരങ്ങളുമായിട്ടാണ് അവള്‍ ജനിച്ചത്, മൂന്നാം മാസത്തിലായിരുന്നു ശസ്ത്രക്രിയ; മകള്‍ ദേവിയെക്കുറിച്ച് ബിപാഷ ബസു
ഓരോ മാസവും സ്കാന്‍ ചെയ്ത് അവസ്ഥ പരിശോധിക്കേണ്ടി വന്നു
ബിപാഷ ബസുവും കുടുംബവും
മുംബൈ: കഴിഞ്ഞ നവംബറിലാണ് താരദമ്പതികളായ ബിപാഷ ബസുവിനും കരണ്‍ സിങ് ഗ്രോവറിനും ദേവി എന്ന പെണ്‍കുഞ്ഞ് ജനിക്കുന്നത്. ഇപ്പോഴിതാ, മാതാപിതാക്കളായ ശേഷം തങ്ങള്‍ കടന്നുപോയ കാഠിന്യം നിറഞ്ഞ യാത്രയെക്കുറിച്ച് മനസ് തുറക്കുകയാണ് താരം. ഹൃദയത്തില്‍ രണ്ട് ദ്വാരങ്ങളുമായിട്ടാണ് ദേവി ജനിച്ചതെന്ന് ബിപാഷ നടി നേഹ ധൂപിയയുമായുള്ള സംഭാഷണത്തില്‍ പറഞ്ഞു.
കുഞ്ഞിന് മൂന്നു മാസമുള്ളപ്പോള്‍ ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി ചെയ്യേണ്ടി വന്നുവെന്ന് ബിപാഷ പറയുന്നു. ദേവി ജനിച്ച് മൂന്നാം ദിവസമാണ് മകൾക്ക് ഹൃദയത്തിൽ രണ്ട് ദ്വാരങ്ങളുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചത്. ഓരോ മാസവും സ്കാന്‍ ചെയ്ത് അവസ്ഥ പരിശോധിക്കേണ്ടി വന്നു. എന്നിരുന്നാലും, ദ്വാരങ്ങൾ വളരെ വലുതായതിനാൽ ഇത് സ്വയം സംഭവിക്കാൻ സാധ്യതയില്ലെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിരുന്നു.ദേവിക്ക് മൂന്ന് മാസം പ്രായമുള്ളപ്പോഴാണ് ശസ്ത്രക്രിയ നടത്താനുള്ള ഏറ്റവും നല്ല സമയമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നത്. ..ബിപാഷ കണ്ണീരോടെ പറഞ്ഞു.
ശസ്ത്രക്രിയക്ക് ഭര്‍ത്താവ് കരണ്‍ തയ്യാറിയില്ലെങ്കിലും മകള്‍ക്ക് സുഖമാകുമെന്ന് തനിക്കുറപ്പുണ്ടായിരുന്നു. “അവൾക്ക് കുഴപ്പമില്ലെന്ന് എനിക്കറിയാമായിരുന്നു. ശരിയായ സമയത്ത്, ശരിയായ സ്ഥലത്ത് ഓപ്പറേഷൻ ചെയ്തതുകൊണ്ട് ഇന്ന് അവൾ സുഖമായിരിക്കുന്നു.ഒരു കൊച്ചുകുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന്‍റെ ബുദ്ധിമുട്ട്. പത്ത് ഡോക്ടര്‍മാരോടെങ്കിലും ഇതേക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. എന്നാൽ നിങ്ങൾ നിങ്ങളുടെ കുട്ടിയെ സ്നേഹിക്കുന്നുവെങ്കില്‍ എത്ര ബുദ്ധിമുട്ടാണെങ്കിലും നിങ്ങളത് ചെയ്യും. കാരണം അത് നിങ്ങളുടെ കുഞ്ഞിന്‍റെ ഭാവിക്കു വേണ്ടിയാണ്. ശസ്ത്രക്രിയ വളരെ വിജയകരമായി നടന്നു. എന്നാല്‍ അവള്‍ ഓപ്പറേഷന്‍ തിയറ്ററിലായിരുന്ന ആറ് മണിക്കൂര്‍ എന്‍റെ ജീവിതം നിലച്ചതുപോലെ തോന്നി'' നടി പറഞ്ഞു.
ഇപ്പോള്‍ ദേവി സുഖമായിരിക്കുന്നുവെന്നും ക്യാമറ അവള്‍ വളരെയധികം ആസ്വദിക്കുന്നുണ്ടെന്നും ബിപാഷ കൂട്ടിച്ചേര്‍ത്തു. വളരെ ആക്ടീവായ കുട്ടിയാണ് അവള്‍. അവള്‍ ഒരു കായികതാരമാകും. അവളുടെ നെഞ്ചിൽ ഒരു പാടുണ്ട്, അത് അവളുടെ ബാഡ്ജ് ഓഫ് ഓണർ ആണ് '' നടി പറഞ്ഞു.