ആദ്യം രാജ്യദ്രോഹിയാക്കി ഒതുക്കാൻ നോക്കി, അത് നടന്നില്ല, ഇപ്പോൾ കരിയറിലാണ് നോട്ടം: ഐഷ സുൽത്താന

ബ്രഹ്മപുരം കത്തിയാലും തന്നെ ടാർഗറ്റ് ചെയ്യുന്ന കൂട്ടരാണ് ബിജെപി എന്നും ഐഷ

Update: 2023-06-04 21:08 GMT
Advertising

ബ്രഹ്മപുരം കത്തിയാലും തന്നെ ടാർഗറ്റ് ചെയ്യുന്ന കൂട്ടരാണ് ബിജെപി എന്ന് സംവിധായക ഐഷ സുൽത്താന. തന്നെ രാജ്യദ്രോഹിയാക്കി ഒതുക്കാൻ നോക്കി അത് നടക്കാതെ വന്നതിനാൽ കരിയറിൽ നോട്ടമിട്ടിരിക്കുകയാണെന്നും ഐഷ പറഞ്ഞു. മീഡിവണിന് നൽകിയ ഇന്റർവ്യൂവിലായിരുന്നു ഐഷയുടെ പ്രതികരണം.

"എന്റെ കരിയർ നശിപ്പിക്കണമെന്നതാണ് ബിജെപിയുടെ ഇപ്പോഴത്തെ ചിന്ത. രാജ്യദ്രോഹിയാക്കി മുദ്രകുത്താൻ നോക്കിയിട്ട് കഴിഞ്ഞില്ല, അപ്പോഴവർക്ക് വീണു കിട്ടിയ ഒന്നാണ് ഈ സിനിമ. ബ്രഹ്മപുരം തീപിടിത്തം ഉണ്ടായപ്പോൾ പോലും എനിക്കെതിരെ പോസ്റ്റിട്ടവരാണ്. ലക്ഷദ്വീപിൽ നിന്നൊരു സിനിമ, ഒരു സംവിധായിക ഇതൊന്നും അവർക്ക് പിടിക്കില്ല. അങ്ങനെയൊരു സിനിമയെ എന്ത് ചെയ്തും നശിപ്പിക്കണം എന്ന ചിന്തയാണവർക്ക്.

സുഹൃത്തുമായി ലക്ഷദ്വീപിലേക്ക് പോയപ്പോൾ അവളെ മതംമാറ്റാൻ കൊണ്ടുപോകുകയാണോ എന്നായിരുന്നു കമന്റുകൾ. ഇവർ കാണിച്ചുകൂട്ടുന്നതൊക്കെ തികഞ്ഞ മണ്ടത്തരങ്ങളായിട്ടേ തോന്നിയിട്ടുള്ളൂ. സെൻസർഷിപ്പ് കിട്ടിയ ഒരു സിനിമക്കെതിരെയാണ് ഞാൻ കേന്ദ്രസർക്കാരിനെതിരെ സംസാരിച്ചു എന്ന രീതിയിൽ വിമർശനമുയർത്തുന്നത്.

ബീനാ കാസിമുമായി ഒരു ചർച്ചയും നടക്കുന്നില്ല. സിനിമയുമായി ഒരു രീതിയിലും സഹകരിക്കില്ല എന്നാണ് അറിയിച്ചിരിക്കുന്നത്. സിനിമയുടെ നിർമാതാവ് തന്നെ അങ്ങനെ പറയുമ്പോൾ സിനിമയിൽ പ്രവർത്തിച്ച ബാക്കിയുള്ള ആളുകൾക്ക് വേണ്ടിയെങ്കിലും അടുത്ത നടപടികളിലേക്ക് കടന്നേ മതിയാകൂ. സോഷ്യൽ മീഡിയ വഴി ചിത്രം റിലീസ് ചെയ്യുകയാണെങ്കിൽ നിയമപരമായി അവരെന്ത് ചെയ്താലും നേരിടുക തന്നെ ചെയ്യും.

ഷൂട്ടിംഗിന്റെ സമയം മുതൽ അനുഭവിക്കുന്നതാണ്. സിനിമ കമ്മിറ്റ് ചെയ്യുന്ന സമയത്ത് ബീന കാസിമിനെ നേരിട്ട് കണ്ടിട്ടുണ്ടായിരുന്നില്ല. ഷൂട്ടിംഗിന് ചെന്ന ദിവസം പോലും അവരുടെ ഭർത്താവാണ് സ്ഥലത്തുണ്ടായിരുന്നത്. അഞ്ച് ദിവസത്തിനുള്ളിൽ ഷൂട്ട് തീർക്കണമെന്നായിരുന്നു അയാളുടെ ആവശ്യം. അഞ്ച് ദ്വീപുകളിൽ ഷൂട്ട് ചെയ്യാൻ അനുവാദം വാങ്ങിയാണ് പോയതെങ്കിലും ഒരു ദ്വീപിൽ മാത്രമാണ് ഷൂട്ട് ചെയ്യാൻ സാധിച്ചത്. ഇതിനിടയിലായിരുന്നു അഞ്ച് ദിവസം കൊണ്ട് ഷൂട്ട് തീർക്കണമെന്ന ആവശ്യം. ഇത് കൂടാതെ ലൊക്കേഷനിൽ നിന്ന് ഒരു പ്രത്യേക പാർട്ടിയുടെ കൊടി മാത്രം കാണാതെ പോകുന്ന അവസ്ഥയുണ്ടായി. ലഗൂൺ വില്ല പ്രോജക്ടിനെ എതിർക്കുന്ന ഫ്‌ളക്‌സുകളും കാണാതായി.

ഷൂട്ടിന് പറ്റിയ സാഹചര്യവും അവിടെ ഒരുക്കിയിരുന്നില്ല. പട്ടിണി കിടന്ന അവസ്ഥ വരെയുണ്ടായിട്ടുണ്ട്. കോവിഡ് മൂലം വലിയ പ്രതിസന്ധിയുണ്ടായ സമയമാണത്. ദ്വീപിൽ 144ഉം പ്രഖ്യാപിച്ചു. ഒരു വീട്ടിലും സഹായം പോലും ചോദിക്കാൻ കഴിയാത്ത അവസ്ഥ. ഈ സമയത്ത് പോലും എല്ലാവർക്കും ആവശ്യമായ ഭക്ഷണം ലഭ്യമാക്കിയിരുന്നില്ല. ഒരിക്കൽ പാട്ട് സീൻ ഷൂട്ട് ചെയ്യുന്നതിനിടെ രാത്രി 12.30ക്ക് വന്നിട്ട് ഇയാൾ ജനറേറ്റർ ഓഫ് ചെയ്തു. എന്നിട്ട് ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടു. അത്രയും ആളുകൾ നോക്കിനിൽക്കെയാണ് അങ്ങനൊരു അപമാനമുണ്ടായത്. ബീന കാസിമിനോട് പറഞ്ഞപ്പോൾ അയാളുടെ അറിവില്ലായ്മ കൊണ്ടാണ് അങ്ങനെ എന്ന് പറഞ്ഞു. പിന്നീടും ഇത്തരം സാഹചര്യങ്ങളുണ്ടായി. അപ്പോഴും ഇതേ പ്രതികരണമാണ് ബീനാ കാസിമിൽ നിന്നുണ്ടായത്. സിനിമക്ക് സെൻസർ ലഭിച്ചിട്ടും ഇപ്പോഴും ക്ഷമിക്കുകയാണ്. സെൻസറിൽ ഇല്ലാത്ത പ്രശ്‌നം കണ്ടുപിടിക്കുകയാണിവർ.

അവർ സിനിമ ഇറക്കുകയുമില്ല,അതിന് തയ്യാറായി വരുന്നവരെ അതിന് സമ്മതിക്കുകയുമില്ല. ഞാൻ കേന്ദ്രസർക്കാരിനെതിരെ സംസാരിച്ചു എന്നതാണ് അവർ ചൂണ്ടിക്കാണിക്കുന്ന കാര്യം. ഇവരോട് പറഞ്ഞ കഥയല്ല സിനിമയാക്കിയത് എന്നാണ് പറയുന്നത്". ഐഷ പറഞ്ഞു.

ലക്ഷദ്വീപിലെ ആളുകളുടെ അവസ്ഥ വിചാരിക്കുന്നതിനും അപ്പുറമാണെന്ന് കൂട്ടിച്ചേർത്ത ഐഷ ദ്വീപിലെ സാഹചര്യം സിനിമയിലൂടെ കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്നും വ്യക്തമാക്കി. 

"എന്തോ ഔദാര്യം ചെയ്യുന്നത് പോലെയാണ് 26000 കോടിയുടെ ജയിൽ വരുന്നു എന്നൊക്കെ സർക്കാർ പറയുന്നത്. ചികിത്സയ്ക്കായി ജയിലിൽ പോയി കിടക്കാൻ പറ്റുമോ? അടിസ്ഥാന സൗകര്യങ്ങൾ ആവശ്യപ്പെടുമ്പോഴാണ് 26000 കോടിയുടെ ജയിലിന്റെ കാര്യം പറയുന്നത്. ഹോസ്പിറ്റൽ ചോദിക്കുമ്പോൾ തരുന്നതാണ് ലഗൂൺ വില്ല. ഒരു നാടിന് ആവശ്യമുള്ള കാര്യങ്ങൾ അനുവദിച്ചു കൊണ്ടാവണം വികസനം. ജനങ്ങളെ കൊല്ലാക്കൊല ചെയ്തത് കൊണ്ട് എന്ത് വികസനമാണുണ്ടാവുന്നത്? പിരിച്ചു വിട്ട മൂവായിരം പേരുടെ കുടുംബം ഇന്നെങ്ങനെ ജീവിക്കുന്നു എന്ന് ചിന്തിക്കുന്നുണ്ടോ?

Full View

കേരളത്തിൽ നിന്നുള്ളവർ ലക്ഷദ്വീപിൽ വരുന്ന അത്രയും ചെലവ് തന്നെയാണ് ഞങ്ങൾ കേരളത്തിലേക്ക് വരുമ്പോഴും. ഞങ്ങൾ വരുന്നതാകട്ടെ ചികിത്സ പോലുള്ള ഭീമമായ ആവശ്യങ്ങൾക്ക് വേണ്ടിയും. മാലി ദ്വീപിലൊക്കെ ജനങ്ങൾക്ക് ചികിത്സ സൗജന്യമാണ്. അതേ പോലെ തന്നെ ജീവിക്കുന്നവരല്ലേ ഞങ്ങളും? എല്ലാക്കാര്യത്തിനും കേരളത്തിനെ ആശ്രയിച്ചു കഴിയുമ്പോൾ അത്തരം സഹായങ്ങളെങ്കിലും സർക്കാർ ചെയ്തു തരേണ്ടതല്ലേ? ഇതൊക്കെയാണ് സിനിമയിലൂടെ പറയാൻ ശ്രമിക്കുന്നത്". ഐഷ പറഞ്ഞു.

ലക്ഷദ്വീപ് പശ്ചാത്തലമാക്കി ഐഷ സംവിധാനം ചെയ്ത 'ഫ്‌ളഷ്' എന്ന ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ടാണ് വിവാദം ഉടലെടുത്തത്. റിലീസിന് നിർമാതാതാവ് തടസ്സം നിൽക്കുന്നതായും നിർമാതാവിന്റെ ഭർത്താവിന്റെ രാഷ്ട്രീയ താല്പര്യങ്ങളാണ് റിലീസ് തടയാൻ കാരണമെന്നും ഐഷ ആരോപിച്ചിരുന്നു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News