ഒപ്പമിറങ്ങിയവരെയും ഇടിച്ചിട്ടു; ഏഴാം ദിവസവും ബോക്‌സ്ഓഫീസിൽ ആർഡിഎക്‌സ് കുതിപ്പ്
ആക്ഷന് പ്രാധാന്യമുള്ള ചിത്രത്തിൽ ഷെയ്ൻ നിഗം, ആൻറണി വർഗീസ്, നീരജ് മാധവ് എന്നിവരാണ് പ്രധാനകഥാപാത്രങ്ങളിലെത്തിയിരിക്കുന്നത്
ഇത്തവണത്തെ ഓണം റിലീസുകളിൽ ഒപ്പമിറങ്ങിയ മറ്റു ചിത്രങ്ങളെ പിന്തള്ളി ആർഡിഎക്‌സ് കുതിപ്പ് തുടരുകയാണ്. നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ചിത്രം അടുത്തിടെ മലയാളത്തിലിറങ്ങിയ മറ്റു ചിത്രങ്ങളേക്കാൾ മൗത്ത് പബ്ലിസിറ്റി നേടുകയും പ്രേക്ഷകരെ തിയറ്ററിലെത്തിക്കുന്നുണ്ട്. ഓരോ ദിവസവും ചിത്രത്തിന്റെ കളക്ഷൻ മുകളിലേക്കാണെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം മാത്രം ചിത്രം കേരളത്തിൽ നിന്ന് മാത്രം നേടിയത് 4 കോടിയാണെന്നാണ് റിപ്പോർട്ട്.
ആക്ഷന് പ്രാധാന്യമുള്ള ചിത്രത്തിൽ ഷെയ്ൻ നിഗം, ആൻറണി വർഗീസ്, നീരജ് മാധവ് എന്നിവരാണ് പ്രധാനകഥാപാത്രങ്ങളിലെത്തിയിരിക്കുന്നത്. പ്രധാന റിലീസുകൾക്കൊപ്പം എത്തിയ ആർഡിഎക്‌സ് ഷോയുടെ എണ്ണത്തിലും വർധന വരുത്തി. ചിത്രത്തിന്റെ ആറ് ദിവസത്തെ കളക്ഷൻ 18 കോടി കടന്നുവെന്നാണ് റിപ്പോർട്ട്. മലയാളത്തിൽ നിന്നുള്ള അടുത്ത 50 കോടി ക്ലബ്ബ് ചിത്രമാവുമെന്നാണ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.
ഒരു പള്ളിപ്പെരുന്നാളിന് ഉണ്ടാവുന്ന പ്രശ്‌നങ്ങളും അതേ തുടര്‍ന്നുള്ള സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്. കൊച്ചിയുടെ പശ്ചാത്തലത്തിലാണ് ചിത്രം കഥപറയുന്നത്. പൊടിപാറുന്ന ആക്ഷന്‍ രംഗങ്ങളാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. മാസ് പടം ഉഷ്ടപ്പെടുന്ന പ്രേക്ഷകര്‍ ഇരുകൈയും നീട്ടിയാണ് ചിത്രം സ്വീകരിച്ചിരിക്കുന്നത്.
ആദര്‍ശ് സുകുമാരന്‍, ഷബാസ് റഷീദ് എന്നിവര്‍ തിരക്കഥ എഴുതിയ ചിത്രത്തില്‍ ബാബു ആന്റണി, ലാല്‍, ഐമ റോസ്മി സെബാസ്റ്റ്യന്‍, മഹിമ നമ്പ്യാര്‍, മാല പാര്‍വതി, ബൈജു എന്നിവരും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. സോഫിയ പോള്‍ ആണ് നിര്‍മ്മാണം.